
കേന്ദ്രം യുജിസിയെ മറയാക്കി രാഷ്ട്രീയക്കളി നടത്തുന്നു: സിപിഐഎം പ്രമേയം
സംസ്ഥാന സര്‍വകലാശാലകളെ കേന്ദ്ര സര്‍ക്കാരിന്റെ പൂര്‍ണ നിയന്ത്രണത്തിലാക്കാന്‍ വേണ്ടിയാണ് യുജിസി നിയമത്തില്‍ മാറ്റം വരുത്താന്‍ കേന്ദ്രം പുതിയ പ്രമേയം തയ്യാറാക്കിയിരിക്കുന്നതെന്ന് സിപിഐഎം ആരോപിച്ചു. വിദ്യാഭ്യാസം സംയുക്ത പട്ടികയില്‍ ആയിരിക്കേ പാര്‍ലമെന്റിനോ പാര്‍ലമെന്റ് നിയമം മൂലം സ്ഥാപിക്കപ്പെട്ട ഏജന്‍സിക്കോ ഏകപക്ഷീയമായ സംസ്ഥാനങ്ങളുടെ അവകാശത്തെ ഇല്ലാതാക്കുന്ന നിയമം നടപ്പിലാക്കാനാകില്ലെന്നും സംസ്ഥാന സമ്മേളനത്തില്‍ പാസാക്കിയ പ്രമേയം പറയുന്നു.
തീവ്ര ഹിന്ദുത്വ രാഷ്ട്രീയ അജണ്ടകള്‍ സംസ്ഥാന സര്‍വകലാശാലകളിലേക്കും കടത്തിക്കൊണ്ടുവരാനായി യുജിസിയെ മറയാക്കിയുള്ള രാഷ്ട്രീയക്കളിയില്‍ നിന്നും കേന്ദ്രം പിന്‍മാറണമെന്ന് പ്രമേയം ആവശ്യപ്പെട്ടു.
ഉന്നത വിദ്യാഭ്യാസ രംഗത്തെ കാവിവല്‍ക്കരിക്കുന്നതിനും സ്വന്തം കൈപ്പിടിയിലൊതുക്കുന്നതിനുമായി കൃത്യമായ രാഷ്ട്രീയ ലക്ഷ്യങ്ങളോടെയുള്ള നീക്കങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ഒരു ദശകത്തിലേറെയായി നടപ്പിലാക്കുന്നതെന്ന് പ്രമേയം പറയുന്നു.
കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള സര്‍വകലാശാലകളിലാകെ, തങ്ങളുടെ രാഷ്ട്രീയ പദ്ധതിയുടെ ഭാഗമായ നടപടികള്‍ ശക്തിപ്പെടുത്തി, സര്‍വാധികാര കേന്ദ്രമായി മാറ്റാനാണ് സംഘപരിവാര്‍ ശ്രമിച്ചതെന്നും പ്രമേയം പറഞ്ഞു. ഇതിന്റെ ഫലമായി വിദ്യാര്‍ത്ഥികളുടെ ജനാധിപത്യാവകാശങ്ങളും അധ്യാപകരുടെ അക്കാദമിക സ്വാതന്ത്ര്യങ്ങളും ഗവേഷണമേഖലയിലെ ഗുണപരതയുമെല്ലാം തകര്‍ക്കപ്പെട്ടുവെന്നും പ്രമേയം പറയുന്നു.