
ഇവിഎമ്മിന് എതിരായ ആരോപണങ്ങള്‍ തള്ളി മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍
ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ക്ക് (ഇവിഎം) എതിരായ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ പറഞ്ഞു. ഇവിഎമ്മുകള്‍ ഹാക്ക് ചെയ്യാന്‍ സാധിക്കുകയില്ലെന്ന് കോടതികള്‍ 42 തവണ വിധിച്ചിട്ടുണ്ടെന്നും രാജീവ് കുമാര്‍ കൂട്ടിച്ചേര്‍ത്തു. വോട്ടിങ് മെഷീനുകളില്‍ ക്രമക്കേടുകള്‍ നടക്കുന്നുണ്ടെന്ന പ്രതിപക്ഷപാര്‍ട്ടികളുടെ ആരോപണത്തെ കമ്മീഷണര്‍ തള്ളി.
ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് തിയതികള്‍ പ്രഖ്യാപിക്കുമ്പോഴാണ് അദ്ദേഹം ഇവിഎമ്മിനെതിരായ ആരോപണങ്ങളെ തള്ളിയത്. നുണ പ്രചാരണങ്ങള്‍ക്കെതിരെ കരുതിയിരിക്കണമെന്ന് അദ്ദേഹം പൊതുജനങ്ങളെ ഉപദേശിച്ചു.
വോട്ടെടുപ്പ് ദിവസത്തിന് ഏഴെട്ട് ദിവസങ്ങള്‍ക്ക് മുമ്പാണ് ഇവിഎമ്മുകള്‍ കമ്മീഷന്‍ ചെയ്യുന്നത്. ഓരോ ഘട്ടത്തേയും കുറിച്ച് സ്ഥാനാര്‍ത്ഥികളെ അറിയിക്കുമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
വൈകുന്നേരം അഞ്ച് മണിക്കുശേഷം പോളിങ് വിവരങ്ങള്‍ മാറ്റാന്‍ സാധിക്കില്ലെന്നും തെറ്റായ പ്രചാരണം നടക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. തങ്ങളുടെ പ്രധാന തൂണ് വെളിപ്പെടുത്തലുകളാണെന്നും വിശദമായ മാര്‍ഗനിര്‍ദ്ദേശങ്ങളും വിവരങ്ങളും വെബ്‌സൈറ്റില്‍ ലഭ്യമാണെന്നും അദ്ദേഹം പറഞ്ഞു.


