TMJ
searchnav-menu
post-thumbnail

TMJ Daily

ഒരു പി ആര്‍ എജന്‍സിയെയും താന്‍ ചുമതലപ്പെടുത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി

03 Oct 2024   |   1 min Read
TMJ News Desk

താനോ സര്‍ക്കാരോ ഒരു പി ആര്‍ എജന്‍സിയെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഒരു  പി ആര്‍ എജന്‍സിക്ക് പണവും നല്‍കിയിട്ടില്ല. അഭിമുഖമാകാം എന്ന് നിര്‍ദ്ദേശിച്ചത് മുന്‍ എംഎല്‍എയുടെ മകനാണ് അഭിമുഖത്തിലെ ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കിയെന്നും മുഖ്യമന്ത്രി.എന്നാൽ, അത് പ്രസിദ്ധീകരിച്ചു വന്നപ്പോൾ താൻ പറയാത്ത കാര്യങ്ങൾ വന്നു. ഒരു പ്രത്യേക സ്ഥലത്തെയും, ഒരു പ്രത്യേക വിഭാഗം ആളുകളെയും മോശമായി പറയുന്ന ആളല്ല താനെന്നും മുഖ്യമന്ത്രി പറഞ്ഞു.

ദി ഹിന്ദു ദിനപത്രത്തിൽ പ്രസിദ്ധീകരിച്ച മുഖ്യമന്ത്രിയുടെ അഭിമുഖം വിവാദമായിരുന്നു. മുഖ്യമന്ത്രി പറയാത്ത കാര്യങ്ങൾ അച്ചടിച്ചുവെന്ന് മുഖ്യമന്ത്രിയുടെ ഓഫീസും അത് പി ആർ ഏജൻസി പത്രത്തിന് നൽകിയെന്നും അത് അച്ചടിച്ചുവന്നുവെന്നുമായിരുന്നു വിവാദം. അതുമായി ബന്ധപ്പെട്ടായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം.

അഭിമുഖത്തിന് എത്തിയത് രണ്ട് പേരായിരുന്നു, അഭിമുഖം നടന്നുകൊണ്ടിരുന്നപ്പോൾ മൂന്നാമതൊരാൾ  കൂടി വന്നു. അത് ലേഖികയ്ക്കൊപ്പമുള്ളയാളായിരിക്കുമെന്ന് കരുതിയെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, വിവാദ വിഷയങ്ങളിലെ ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി നല്‍കിയില്ല. പറയാത്ത കാര്യങ്ങള്‍ ഉള്‍പ്പെടുത്താന്‍ ഇടപെട്ട പി ആര്‍ ഏജന്‍സിക്കെതിരെ നിയമ നടപടിയുണ്ടാവുമോ എന്ന ചോദ്യത്തിന് കൃത്യമായ മറുപടി മുഖ്യമന്ത്രി നല്‍കിയില്ല.

സാമൂഹികാന്തരീക്ഷം തകര്‍ക്കാനുള്ള കുത്സിതശ്രമങ്ങളാണുണ്ടായതെന്ന് മുഖ്യമന്ത്രി

തൃശ്ശൂര്‍ പൂരവുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രശ്‌നങ്ങളില്‍ സമഗ്രമായ അന്വേഷണമുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന്റെ സാമൂഹികാന്തരീക്ഷം തകര്‍ക്കാനുള്ള കുത്സിതശ്രമങ്ങളാണുണ്ടായതെന്നും തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചു നടത്തിയ ആസൂത്രിതനീക്കമാണെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കുറ്റമറ്റ രീതിയില്‍ പൂരം നടത്താനാണ് ശ്രമിച്ചത്. ഇത്തവണ ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്തായിരുന്നു പൂരം. പൂരത്തിന്റ അവസാന ഘട്ടത്തില്‍ ചില വിഷയങ്ങള്‍ ഉണ്ടായെന്നും പൂരം അലങ്കോലപ്പെടുത്താന്‍ ചിലര്‍ ശ്രമിച്ചെന്നും പിണറായി പറഞ്ഞു. ഇത് ഗൗരവത്തോടെ കണ്ട് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. എഡിജിപി എം ആര്‍ അജിത് കുമാറിനെ ചുമതലപ്പെടുത്തി. സെപ്തംബര്‍ 23 നു റിപ്പോര്‍ട്ട് സര്‍ക്കാരിന് കിട്ടിയെന്നും  കുറേകാര്യങ്ങള്‍ റിപ്പോര്‍ട്ടിലുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ സമഗ്രമായ റിപ്പോര്‍ട്ടായി ഇതിനെ കാണാനാവില്ല. കേരളത്തിലെ സാമൂഹിക അന്തരീക്ഷത്തെ അട്ടിമറിക്കാനുള്ള കാര്യങ്ങള്‍ നടന്നു. വ്യക്തമായ ലക്ഷ്യത്തോടെയായിരുന്നു നീക്കം. അങ്ങനെ സംശയിക്കാനുള്ള അനേകം കാര്യങ്ങള്‍ റിപ്പോര്‍ട്ടിലുണ്ട്. അത് സര്‍ക്കാര്‍ ഗൗരവമായി കാണുന്നുവെന്നും മുഖ്യമന്ത്രി  പറഞ്ഞു.



#Daily
Leave a comment