TMJ
searchnav-menu
post-thumbnail

TMJ Daily

രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമെന്ന് മുഖ്യമന്ത്രി

01 Aug 2024   |   1 min Read
TMJ News Desk

യനാട് ദുരന്തമേഖലയില്‍ ബെയ്‌ലി പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ കൂടുതല്‍ യന്ത്രങ്ങള്‍ എത്തിച്ച് രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കാന്‍ സാധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വയനാട്ടിലെ സര്‍വകക്ഷി യോഗത്തിനും മന്ത്രിസഭാ യോഗത്തിനും ശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആര്‍മിയുടെ പ്രവര്‍ത്തനം ഏറെ പ്രയോജനകരമാണെന്നും അദ്ദേഹം വ്യക്തമാക്കി. 

ഉറ്റവരും വീടും നഷ്ടപ്പെട്ട് ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് പുനരധിവാസം ഫലപ്രദമായി നടപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു. പ്രധാന ശ്രദ്ധ രക്ഷാപ്രവര്‍ത്തനത്തിലാണെന്നും കൂട്ടിച്ചേര്‍ത്തു. ദുരിതാശ്വാസ ക്യാമ്പുകള്‍ തുടരും. തല്‍ക്കാലം ആളുകളെ ക്യാമ്പില്‍ താമസിപ്പിക്കുമെന്നും പുനരധിവാസ പ്രക്രിയക്കുള്ള നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ക്യാമ്പ് വിവിധ കുടുംബങ്ങള്‍ താമസിക്കുന്ന ഇടമാണ്. അതിനാല്‍ സ്വകാര്യത സംരക്ഷിക്കപ്പെടണമെന്നും ക്യാമ്പിനകത്തേക്ക് ക്യാമറയുമായി കടക്കരുതെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. ക്യാമ്പുകളില്‍ ബന്ധുക്കളെ കാണാന്‍ വരുന്നവര്‍ക്ക് പുറത്ത് റിസപ്ഷന്‍ പോലുള്ള സംവിധാനം ഒരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജീവനോടെ ഇനി ആരുമില്ലെന്ന് സൈന്യം

മുണ്ടക്കൈയില്‍ ജീവനോടെ ഇനി ആരുമില്ലെന്ന് സൈന്യം അറിയിച്ചെന്ന് മുഖ്യമന്ത്രി. ചാലിയാറില്‍ തിരച്ചില്‍ തുടരാന്‍ തീരുമാനിച്ചു. കുട്ടികളുടെ വിദ്യാഭ്യാസം തടസപ്പെടാതിരിക്കാന്‍ നടപടിയെടുക്കും. കൗണ്‍സിലിങ് നടത്താന്‍ വിവിധ ഏജന്‍സികളെ ഉപയോഗിക്കുമെന്നും പകര്‍ച്ചവ്യാധി തടയാന്‍ എല്ലാവരും സഹകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. മൃതദേഹം തിരിച്ചറിയാന്‍ ബന്ധുക്കള്‍ മാത്രം പോകണമെന്നും നിര്‍ദ്ദേശിച്ചു.

വയനാട്ടില്‍ മന്ത്രിസഭാ ഉപസമിതി

ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ മന്ത്രിസഭ ഉപസമിതി വയനാട്ടില്‍ പ്രവര്‍ത്തിക്കും. കുറച്ചുനാള്‍ സമയമെടുത്ത് പ്രശ്നങ്ങള്‍ പരിഹരിക്കണം. റവന്യു, വനം, പൊതുമരാമത്ത്, എസ്.സി, എസ്.ടി മന്ത്രിമാര്‍ ഉള്‍പ്പെടുന്നതാണ് ഉപസമിതി. രണ്ട് മുതിര്‍ന്ന ഐഎഎസ് ഓഫീസര്‍മാരുടെ പ്രവര്‍ത്തനവും വയനാട് കേന്ദ്രീകരിച്ച് തുടരും. വയനാട് ഉരുള്‍പൊട്ടല്‍ ദേശീയദുരന്തമായി പ്രഖ്യാപിക്കണം എന്നാണ് സംസ്ഥാനത്തിന്റെ ആവശ്യമെന്നും സര്‍വകക്ഷിയോഗത്തിന് ശേഷം മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.


#Daily
Leave a comment