TMJ
searchnav-menu
post-thumbnail

PHOTO: PTI

TMJ Daily

കേരളീയത്തെ ലോക ബ്രാന്‍ഡ് ആക്കുമെന്ന് മുഖ്യമന്ത്രി

01 Nov 2023   |   2 min Read
TMJ News Desk

പുതിയ കേരളത്തെ ലോകസമക്ഷം അവതരിപ്പിക്കുകയാണ് കേരളീയത്തിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളീയത്തെ ലോക ബ്രാന്‍ഡ് ആക്കുമെന്നും കേരളത്തിന്റെ സവിശേഷത നാലു അതിരുകളില്‍ മാത്രം ഉതുങ്ങിയാല്‍ പോരെന്നും ഒരാഴ്ച നീണ്ടുനില്‍ക്കുന്ന കേരളീയം പരിപാടി തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പറഞ്ഞു. 

ലോകമെമ്പാടുമുള്ള കേരളീയര്‍ക്ക് ഒരുമിച്ച് ആഘോഷിക്കാന്‍ ഇനി എല്ലാ വര്‍ഷവും കേരളീയം സംഘടിപ്പിക്കും. ഈ 68-ാം കേരളപ്പിറവി ദിനത്തില്‍ നമ്മുടെ നാട് പുതിയ ചുവടുവയ്പ്പാണ് നടത്തുന്നത്. കേരളത്തിന്റെ മഹോത്സവം എന്ന നിലയ്ക്കാണ് കേരളീയത്തിന് തുടക്കം കുറിക്കുന്നത്. ചവിട്ടിത്താഴ്ത്തപ്പെട്ടവരെ വരവേല്‍ക്കുന്ന സങ്കല്പമാണ് കേരളത്തിന്റെത്. പലയിടങ്ങളില്‍ പോയി തേന്‍ സംഭരിക്കുന്ന തേനീച്ചകളെപ്പോലെയാണ് മലയാളികള്‍. പലയിടങ്ങളില്‍ നിന്ന് ശേഖരിക്കുന്ന അറിവുകളാല്‍ നമ്മള്‍ നമ്മളെ ശക്തിപ്പെടുത്തുന്നു. നമ്മുടെ നവോത്ഥാനം മറ്റ് ഇന്ത്യന്‍ പ്രദേശങ്ങളില്‍ നിന്നും വ്യത്യസ്തമായിരുന്നു. അത് സ്വാതന്ത്ര്യസമരവുമായി ചേര്‍ന്നുനിന്നു. അര നൂറ്റാണ്ടുകൊണ്ട് നമ്മള്‍ ഒരു നൂറ്റാണ്ടിന്റെ ദൂരം ഓടിത്തീര്‍ത്തുവെന്നും മുഖ്യമന്ത്രി പറഞ്ഞു. 

കേരളത്തിന് എല്ലാ രംഗത്തും തനതായ വ്യക്തിത്വമുണ്ട്. സാമൂഹിക രംഗത്ത്, സാംസ്‌കാരിക രംഗത്ത്, രാഷ്ട്രീയ രംഗത്ത് എല്ലാം നമുക്ക് നമ്മുടേത് മാത്രമായ ഒരു വ്യക്തിത്വസത്തയുണ്ട്. നിര്‍ഭാഗ്യവശാല്‍ അത് നാം പലപ്പോഴും തിരിച്ചറിയുന്നില്ല. ആ സ്ഥിതി മാറേണ്ടതുണ്ട്. കേരളീയതയില്‍ തീര്‍ത്തും അഭിമാനിക്കുന്ന ഒരു മനസ്സ് കേരളീയരില്‍ ഉണ്ടാകണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. 

കേരളീയരായതില്‍ അഭിമാനിക്കുന്ന മുഴുവന്‍ ആളുകള്‍ക്കും ആ സന്തോഷം ലോകത്തോട് പങ്കുവയ്ക്കാനുള്ള അവസരമാണിത്. ലോകത്തെ പല ഭാഗത്തെ വംശീയ സംഘര്‍ഷം തടയാനുള്ള ഒറ്റമൂലിയാണ് ജാതി ഭേദം മതദ്വേഷം ഇല്ലാതെ ഒരുമിച്ചു കഴിയുന്ന കേരളമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

കേരളം പ്രചോദനം

സിനിമാ താരമെന്ന നിലയിലും അഭിനേതാവെന്ന നിലയിലും കേരളത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടിട്ടുണ്ടെന്ന് നടന്‍ കമല്‍ഹാസന്‍. കേരളം തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ ശക്തിപകര്‍ന്ന് അധികാര വികേന്ദ്രീകരണം നടത്തിയത് ഇന്ത്യയ്ക്ക് തന്നെ മാതൃകയാണ്. കേരളം തന്റെ ജീവിതത്തില്‍ പ്രത്യേകതയുള്ള സ്ഥലമാണെന്നും കമല്‍ഹാസന്‍ പറഞ്ഞു. ഭൂപരിഷ്‌കരണം, വിദ്യാഭ്യാസ മേഖലയിലെ പരിഷ്‌കരണങ്ങള്‍ എന്നിവയെല്ലാം ആദ്യം നടത്തിയത് കേരളമാണ്. 

മലയാള സിനിമ കേരളത്തിന്റെ സാംസ്‌കാരിക രംഗത്തെ രൂപപ്പെടുത്തുന്നതില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. കേരളവും തമിഴ്‌നാടും അഭേദ്യമായ ബന്ധമാണുള്ളത്. ഡാന്‍സും സംഗീതവും മുതല്‍ ഭക്ഷണകാര്യത്തില്‍ വരെ ബന്ധപ്പെട്ടുകിടക്കുന്നു. 2017 ല്‍ രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ തീരുമാനിച്ചപ്പോള്‍ കേരളത്തിലെത്തി പിണറായി വിജയനില്‍ നിന്ന് ഉപദേശം തേടിയതായും കമല്‍ഹാസന്‍ പറഞ്ഞു. 

ലോകത്തിന് മാതൃക 

സ്‌നേഹത്തിന്റെയും സൗഹാര്‍ദത്തിന്റെയും ലോകത്തിനുള്ള മാതൃകയാണ് കേരളമെന്ന് മമ്മൂട്ടി പറഞ്ഞു. ലോകസാഹോദര്യത്തിന്റെ വികാരമായി കേരളീയം മാറട്ടെ. ഞങ്ങളെ നോക്കി പഠിപ്പിക്കൂവെന്നും നമ്മള്‍ ഒന്നാണെന്നും ലോകത്തോട് നാം പറയണം. നമ്മള്‍ ഒന്നായി സ്വപ്‌നം കണ്ടതാണ് ഇന്നത്തെ കേരളമെന്നും ലോകം ആദരിക്കുന്ന ജനതയായി കേരളം മാറട്ടെയെന്നും മമ്മൂട്ടി പറഞ്ഞു. 

മലയാളി ആയതില്‍ അഭിമാനം 

കേരളത്തില്‍ ജനിച്ചതിലും മലയാളിയായതിലും അഭിമാനിക്കുന്നതായി നടന്‍ മോഹന്‍ലാല്‍. ഇത് എന്റെ നഗരമാണ്. നാളത്തെ കേരളം എങ്ങനെയാണെന്ന ചിന്തകളാണ് കേരളീയം മുന്നോട്ടുവയ്ക്കുന്നത്. അതില്‍ സാംസ്‌കാരിക കേരളത്തെ കുറിച്ചുള്ള ചിന്തകളും ഉള്‍പ്പെടുന്നു. മലയാള സിനിമാരംഗം ഭൂമിശാസ്ത്രപരവും ഭാഷാപരവുമായ അതിര്‍ത്തികള്‍ കടന്നു മുന്നേറുകയാണെന്നും മോഹന്‍ലാല്‍ പറഞ്ഞു.

#Daily
Leave a comment