
കാനഡയില്‍ മറിഞ്ഞ വിമാനത്തിലെ യാത്രക്കാര്‍ക്ക് കമ്പനി 26 ലക്ഷം രൂപ നല്‍കും
കാനഡയിലെ ടൊറോന്റോയിലെ വിമാനത്താവളത്തില്‍ വിമാനം തലകീഴായി മറിഞ്ഞുണ്ടായ അപകടത്തില്‍ യാത്രക്കാര്‍ക്ക് വിമാനക്കമ്പനി 26 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. ഡെല്‍റ്റ എയര്‍ലൈന്‍സിന്റെ വിമാനം ഫെബ്രുവരി 17നാണ് അപകടത്തില്‍പ്പെട്ടത്.
അപകടത്തില്‍ ആരും മരിച്ചിരുന്നില്ല. 21 യാത്രക്കാര്‍ക്ക് പരിക്കേറ്റിരുന്നു. ഇതില്‍ 20 പേരും ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ആയെന്ന് വിമാനക്കമ്പനി പറഞ്ഞു.
സംഭവത്തിനുശേഷം യാത്രക്കാര്‍ക്ക് പിന്തുണ നല്‍കുന്നതിനുള്ള ഡെല്‍റ്റയുടെ പ്രതിജ്ഞാബദ്ധതയുടെ ഭാഗമാണ് പണം നല്‍കിയതെന്നും കമ്പനി പറഞ്ഞു. പണം നല്‍കിയതിന് പിന്നില്‍ കാണാച്ചരടുകള്‍ ഇല്ലെന്നും യാത്രക്കാരുടെ അവകാശങ്ങളെ ബാധിക്കുകയില്ലെന്നും കമ്പനിയുടെ വക്താവ് പറഞ്ഞു.
76 യാത്രക്കാരും നാല് ജീവനക്കാരും അടക്കം 80 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.
മുമ്പും വിമാനക്കമ്പനികള്‍ യാത്രക്കാര്‍ക്ക് സമാനമായി പണം നല്‍കിയിട്ടുണ്ട്. 2009ല്‍ ഹഡ്‌സണിലെ അത്ഭുതം എന്ന് വിശേഷിപ്പിക്കപ്പെട്ട സംഭവത്തില്‍ യുഎസ് എയര്‍വേസ് യാത്രക്കാര്‍ക്ക് 5,000 ഡോളര്‍ നല്‍കിയിരുന്നു. ഈ സംഭവത്തില്‍ സാധനങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്കുള്ള നഷ്ടപരിഹാരമായിട്ടാണ് നല്‍കിയത്.