
രാജ്യത്തിന്റെ പവിത്രമായ ഗ്രന്ഥമാണ് ഇന്ത്യൻ ഭരണഘടനയെന്ന് ദ്രൗപതി മുർമു
രാജ്യത്തിന്റെ പവിത്രമായ ഗ്രന്ഥമാണ് ഇന്ത്യൻ ഭരണഘടനയെന്ന് ഇന്ത്യൻ രാഷ്ട്രപതി ദ്രൗപതി മുർമു. ഭരണഘടന അംഗീകരിക്കപ്പെട്ടതിന്റെ 75ാം വാർഷികാഘോഷ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ദ്രൗപതി മുർമു. 75 വർഷങ്ങൾക്ക് മുമ്പ് ഭരണഘടന രാജ്യത്തിന് സമർപ്പിച്ചു, നിയമനിർമ്മാണത്തിൽ പങ്കെടുത്ത അംഗങ്ങളെ സ്മരിക്കുന്നു, രാജ്യത്തിന്റെ മുന്നേറ്റങ്ങൾക്ക് പിന്നിൽ ഭരണഘടനയാണ്. ജനാധിപത്യത്തിന്റെ അടിസ്ഥാന ശില ഭരണഘടനയാണ്, ഭരണഘടന വ്യക്തികളുടെ അവകാശങ്ങളെ സംരക്ഷിക്കുന്നുവെന്നും രാഷ്ട്രപതി പറഞ്ഞു.
ഭരണഘടന രൂപം കൊണ്ട പഴയ പാർലമെന്റ് മന്ദിരത്തിന്റെ കോൺസ്റ്റിറ്റ്യുവന്റ് ഹാളിലാണ് ഇരുസഭകളുടെയും സംയുക്ത സമ്മേളനം നടന്നത്. സമ്മേളനത്തിനിടെ ഭരണഘടനയുടെ ആമുഖം രാഷ്ട്രപതി പാർലമെന്റംഗങ്ങൾക്ക് ചൊല്ലി കൊടുത്തു. ഭരണഘടനയുടെ 75ാം വാർഷികത്തിന്റെ ഭാഗമായി പുറത്തിറക്കിയ പ്രത്യേകത സ്റ്റാംപിന്റെ പ്രകാശനവും രാഷ്ട്രപതി നിർവഹിച്ചു. സ്റ്റാംപിൽ അശോകസ്തംഭത്തിന്റെ ചിത്രമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഭരണഘടനയുടെ 75ാം വാർഷികത്തിന്റെ ഭാഗമായി പുറത്തിറക്കിയ പ്രത്യേക നാണയത്തിന്റെ പ്രകാശനവും രാഷ്ട്രപതി നിർവഹിച്ചു. 75 രൂപയുടെ നാണയമാണ് പുറത്തിറക്കിയത്.
2047ഓടെ ഇന്ത്യ വികസിത രാജ്യമാകുമെന്നും വൈകാതെ തന്നെ പാർലമെന്റിലും സംസ്ഥാന നിയമസഭയിലും മൂന്നിലൊന്ന് സ്ത്രീകൾ ആകുമെന്നും ദ്രൗപതി പറഞ്ഞു. ഒരു വർഷത്തെ ആഘോഷപരിപാടികൾക്കാണ് രാജ്യത്ത് ഇന്ന് തുടക്കം കുറിച്ചത്. നമ്മുടെ ഭരണഘടന നമ്മുടെ അഭിമാനം എന്ന പ്രമേയത്തിലാണ് കേന്ദ്രസർക്കാർ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്. വൈകിട്ട് അഞ്ചിന് സുപ്രീം കോടതിയിൽ നടക്കുന്ന ഭരണഘടന ദിനാഘോഷത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോഡി സംസാരിക്കും.


