ഗ്രോ വാസു | PHOTO: FACEBOOK
ഗ്രോ വാസുവിനെ കോടതി വെറുതെ വിട്ടു
മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഗ്രോ വാസുവിനെ കുന്ദമംഗലം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി വെറുതെ വിട്ടു. കഴിഞ്ഞ 46 ദിവസമായി റിമാന്റിലായിരുന്നു. 2016 ല്‍ നിലമ്പൂരിലെ കരുളായി വനത്തില്‍ കൊല്ലപ്പെട്ട മാവോവാദികളുടെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചപ്പോള്‍ റോഡില്‍ സംഘടിച്ച് പ്രതിഷേധിച്ചു എന്നതായിരുന്നു ഗ്രോ വാസുവിനെതിരേയുള്ള കേസ്. എന്നാല്‍ അദ്ദേഹത്തിനെതിരെ ഒരു കുറ്റവും തെളിയിക്കാനായില്ലെന്ന് കോടതി വ്യക്തമാക്കി.
ജാമ്യമെടുക്കാനോ പിഴയടക്കാനോ തയ്യാറായില്ല
കോഴിക്കോട് മെഡിക്കല്‍ കോളേജ് പരിസരത്ത് സംഘടിക്കുകയും ഗതാഗത തടസ്സമുണ്ടാക്കുകയും ചെയ്തു എന്നാരോപിച്ച് ഐപിസി 283, 143 എന്നീ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങളാണ് ഗ്രോ വാസുവിനെതിരെ ചുമത്തിയിരുന്നത്. 2023 ജൂലൈ 29 നാണ് ഗ്രോ വാസു അറസ്റ്റിലായത്. കേസില്‍ ജാമ്യമെടുക്കാനോ പിഴയടക്കാനോ അദ്ദേഹം തയ്യാറായിരുന്നില്ല. വ്യാജ ഏറ്റുമുട്ടലിലൂടെ നിരപരാധികളെ കൊലപ്പെടുത്തിയവര്‍ക്കെതിരെ കേസെടുക്കാതെ പ്രതിഷേധിച്ചവര്‍ക്കെതിരെ കേസെടുക്കുന്നത് ജനാധിപത്യ വിരുദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. കോടതിയില്‍ കേസ് വാദിച്ചതും ഗ്രോ വാസു തന്നെ. മാവോയിസ്റ്റുകളെ പൊലീസ് ചതിയിലൂടെ കൊലപ്പെടുത്തിയതാണെന്നും ഏറ്റുമുട്ടല്‍ കൊലപാതകം ആയിരുന്നില്ലെന്നും ഗ്രോ വാസു കോടതിയോട് പറഞ്ഞു. കോടതി പരിസരത്ത് മുദ്രാവാക്യം വിളിക്കരുത് എന്ന കോടതി നിര്‍ദേശം അദ്ദേഹം ലംഘിച്ചിരുന്നു. കോടതിയില്‍ മുദ്രാവാക്യം വിളിക്കുന്നതിനാല്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ഇന്ന് അദ്ദേഹത്തെ വിധി വായിച്ചു കേള്‍പ്പിച്ചത്.
കേസ് തെളിയിക്കാന്‍ സാധിച്ചില്ല
20 പേരാണ് കേസിലെ പ്രതികള്‍. അതില്‍ 17 പേരെ കോടതി നേരത്തെ തന്നെ വെറുതെ വിട്ടിരുന്നു. രണ്ടുപേര്‍ 200 രൂപ വീതം പിഴയടച്ച് കേസ് തീര്‍പ്പാക്കുകയും ചെയ്തു. കേസില്‍ ഇന്നലെ വാദം കേട്ടപ്പോള്‍ സാക്ഷികളെയോ തെളിവുകളോ ഹാജരാക്കാനുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഇല്ല എന്നായിരുന്നു ഗ്രോ വാസുവിന്റെ ഉത്തരം. കേസില്‍ ഔദ്യോഗിക സാക്ഷികള്‍ മാത്രമാണ് പ്രോസിക്യൂഷന് അനുകൂലമായി മൊഴി നല്‍കിയിട്ടുള്ളത്. പ്രകടനത്തില്‍ ആരൊക്കെ ഉള്‍പ്പെട്ടിരുന്നു എന്ന് കണ്ടില്ല എന്നായിരുന്നു സ്വതന്ത്ര സാക്ഷിയുടെ മൊഴി. കേസില്‍ ഒരു സാക്ഷി കൂറുമാറുകയും ചെയ്തു. കേസില്‍ പ്രോസിക്യൂഷന് കുറ്റങ്ങള്‍ തെളിയിക്കാന്‍ സാധിച്ചില്ല.