TMJ
searchnav-menu
post-thumbnail

TMJ Daily

സിപിഎം എന്നും ആര്‍എസ്എസ്സിനെയും മറ്റ് ഹിന്ദുത്വ ശക്തികളെയും ശക്തമായി എതിര്‍ത്തിട്ടുണ്ട്; മുഖ്യമന്ത്രി പിണറായി വിജയൻ 

30 Sep 2024   |   2 min Read
TMJ News Desk

സ്വര്‍ണക്കടത്തും ഹവാല പണവും കടത്തുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ പോലീസ് നടത്തിയ പരിശോധനയില്‍ ഉണ്ടായ അസ്വാരസ്യങ്ങളാണ് സി പി എം - ആര്‍ എസ് എസ് ബന്ധമെന്ന ആരോപണത്തിന് പിന്നിലെ പ്രധാന ഘടകമെന്ന്  മുഖ്യമന്ത്രി പിണറായി വിജയന്‍. അഞ്ചു വര്‍ഷത്തിനിടെ മലപ്പുറത്ത് കോടികളുടെ സ്വര്‍ണവും ഹവാല പണവുമാണ് പോലീസ് പിടികൂടിയത്.  പോലീസിന് ആര്‍ എസ് എസ് നയങ്ങളാണെന്ന ഇടത് എംഎഎല്‍എ ആയിരുന്ന പി വി അന്‍വറിന്റെ ആരോപണങ്ങളെ അടിസ്ഥാനമാക്കിയാണ്  മുഖ്യമന്ത്രിയുടെ പ്രതികരണം.

ദി ഹിന്ദുവിന് നല്‍കിയ അഭിമുഖത്തിലാണ് മുഖ്യമന്ത്രി സര്‍ക്കാരിനെതിരെയുള്ള ആരോപണങ്ങളെ പ്രതിരോധിച്ചത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരും മുഖ്യമന്ത്രിയുടെ സ്റ്റാഫ് അംഗങ്ങളും  ഉന്നത ആര്‍ എസ് എസ് നേതാക്കളുമായി രഹസ്യമായി കൂടിക്കാഴ്ച നടത്തുന്നുണ്ട് എന്ന  ആരോപണത്തെ എങ്ങനെ കാണുന്നുവെന്ന ചോദ്യത്തോടായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

ഇടതുപക്ഷം പ്രത്യേകിച്ച് സി പി എം എന്നും ആര്‍ എസ് എസ്സിനെയും മറ്റ് ഹിന്ദുത്വ ശക്തികളെയും ശക്തമായി എതിര്‍ത്തിട്ടുണ്ട്. ഞങ്ങളുടെ സഖാക്കളില്‍ പലര്‍ക്കും അവര്‍ക്കെതിരെ നിലയുറപ്പിച്ചതിന്റെ പേരില്‍ ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട് എന്ന് പിണറായി വിജയൻ പറഞ്ഞു. കേരളത്തില്‍ ആര്‍ക്കും ഇപ്പോൾ പ്രചരിപ്പിക്കുന്ന കള്ളക്കഥകള്‍ വിശ്വസിക്കാന്‍ കഴിയില്ല. ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കപ്പെടുന്നതിന്റെ കാരണങ്ങള്‍  മനസ്സിലാക്കണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരളത്തിലെ ജനസംഖ്യയുടെ ഗണ്യമായ അനുപാതം ന്യൂനപക്ഷ സമുദായങ്ങളാണ്. ഏറെക്കാലമായി ഈ സമുദായങ്ങള്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യുഡിഎഫിനൊപ്പമായിരുന്നു എന്നാൽ അതിന്നു മാറി. ന്യൂനപക്ഷ വിഭാഗങ്ങള്‍ ഇപ്പോള്‍ എല്‍ഡിഎഫിനെ പിന്തുണക്കുകയാണ്. ഈ തിരഞ്ഞെടുപ്പില്‍ തങ്ങളെ ദോഷകരമായി ബാധിക്കുമെന്ന് നന്നായി അറിയാവുന്ന യുഡിഎഫ് ബോധപൂര്‍വം ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ്. അതിനായി ഞങ്ങള്‍ ആര്‍എസ്എസിനോട് മൃദുസമീപനം പുലര്‍ത്തുന്നു എന്ന വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഈ പ്രചാരണം രാഷ്ട്രീയ നേട്ടം മാത്രമാണ് ലക്ഷ്യമിടുന്നത്. വര്‍ഗീയ വിഭജനം പ്രോത്സാഹിപ്പിക്കുന്ന മറ്റ് തീവ്രവാദ ഘടകങ്ങളും ഇതിനിടയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഞങ്ങളുടെ സര്‍ക്കാര്‍ മുസ്‌ലിം തീവ്രവാദ ഘടകങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുമ്പോള്‍, ഞങ്ങള്‍ മുസ്‌ലിങ്ങള്‍ക്കെതിരെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഈ ശക്തികള്‍ പറഞ്ഞു പരത്താൻ ശ്രമിക്കുന്നു. ഉദാഹരണത്തിന് മലപ്പുറം ജില്ലയില്‍ നിന്ന് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ സംസ്ഥാന പൊലീസ് പിടികൂടിയത് 123 കോടി രൂപയുടെ 150 കിലോ സ്വര്‍ണവും ഹവാല പണവുമാണ്. രാജ്യവിരുദ്ധത്തിനും ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും ഈ പണം കേരളത്തില്‍ എത്തുന്നുണ്ട്. നിങ്ങള്‍ പരാമര്‍ശിക്കുന്ന ആരോപണങ്ങള്‍ ഞങ്ങളുടെ സര്‍ക്കാരിന്റെ അത്തരം നടപടികളോടുള്ള പ്രതികരണമാണ്. 

അന്‍വറിനെ സംബന്ധിച്ചിടത്തോളം, അദ്ദേഹത്തിന്റെ അവകാശവാദങ്ങൾ അന്വേഷിക്കാന്‍ ഞങ്ങള്‍ ഇതിനകം ഒരു പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ട് എന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രി നേരത്തെ നടത്തിയ വാര്‍ത്താസമ്മേളനത്തിലും അന്‍വര്‍ ഉയര്‍ത്തിയ ആരോപണങ്ങളില്‍ സമാനമായ സ്വര്‍ണക്കടത്തിന്റെ കണക്കുകള്‍ പറഞ്ഞിരുന്നു.


#Daily
Leave a comment