TMJ
searchnav-menu
post-thumbnail

TMJ Daily

ഓസ്‌ട്രേലിയയിലെ നോർത്തേൺ ടെറിറ്ററിയിൽ ക്രിമിനൽ ശിക്ഷാ പ്രായം 10 ആക്കി കുറച്ചു

18 Oct 2024   |   1 min Read
TMJ News Desk

സ്ട്രേലിയയിലെ നോര്‍ത്തേണ്‍ ടെറിറ്ററിയില്‍  (എന്‍ ടി) ക്രിമിനല്‍ പ്രായം പത്ത് ആയി കുറച്ചു. പന്ത്രണ്ട് വയസായി ഉയര്‍ത്തിയ മുന്‍ ഗവണ്‍മെന്റിന്റെ തീരുമാനം റദ്ദാക്കിയാണ് വീണ്ടും പത്ത് വയസ്സുള്ള കുട്ടികളെ ജയിലിലടക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തത്.

മറ്റ് വികസിത രാജ്യങ്ങളിലെ പോലെ കുട്ടികളെ ജയിലിലടയ്ക്കുന്ന പ്രായം 14 വയസായി ഉയര്‍ത്താനുള്ള യുഎന്‍ നിര്‍ദ്ദേശം ഓസ്ട്രേലിയിലെ വിവിധ പ്രദേശങ്ങള്‍ ആലോചിക്കുമ്പോഴാണ് ഈ തീരുമാനം. ഓഗസ്റ്റില്‍ അധികാരമേറ്റ കണ്‍ട്രി ലിബറല്‍ പാര്‍ട്ടി (സി എല്‍ പി) സര്‍ക്കാര്‍ വര്‍ധിച്ചു വരുന്ന കുറ്റകൃത്യങ്ങളെ തടയാനായി പ്രായം കുറയ്‌ക്കേണ്ടത് ആവശ്യമാണെന്ന് പറഞ്ഞു. യുവാക്കള്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നതിനുള്ള മൂലകാരണങ്ങള്‍ പരിഹരിക്കുവാന്‍ ഈ തീരുമാനം സഹായിക്കുമെന്ന് എന്‍ ടി മുഖ്യമന്ത്രി ലിയ ഫിനോച്ചിയാരോ പറഞ്ഞു.

ഈ നിയമം കൊണ്ടുവന്ന ദിവസം ഈ പ്രദേശത്തെ സംബന്ധിച്ചിടത്തോളം ഇരുണ്ട ദിവസമാണെന്ന് പ്രതിപക്ഷ നേതാവ് സെലീന ഉയ്ബോ പറഞ്ഞു. ഓസ്ട്രേലിയയിലെ ഒരു പ്രധാന പാര്‍ട്ടിയുടെ തലപ്പത്തെത്തുന്ന ആദ്യത്തെ ആദിവാസി വനിതയുമാണ് സെലീന ഉയ്‌ബോ. ഇതൊരു വംശീയ ബില്ലാണ് എന്നാണ് വടക്കുകിഴക്കന്‍ ആര്‍ന്‍ഹേം മേഖലയില്‍ നിന്നുള്ള സ്വതന്ത്ര എംപി യിംഗിയ ഗുയുല അഭിപ്രായപ്പെട്ടത്. ഇത് തദ്ദേശീയ ജനതയെ ലക്ഷ്യമിട്ടുള്ള നടപടിയാണ്. ഇത് കോളനിവല്‍ക്കരണമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

അതേസമയം മനുഷ്യാവകാശ സംഘടനകളും, ആരോഗ്യ - തദ്ദേശീയ സംഘടനകളും ഈ നീക്കത്തെ അപലപിച്ചു. നിയമം പ്രാബല്യത്തില്‍ വന്നാല്‍ അതേറ്റവും കൂടുതല്‍ ബാധിക്കുന്നത് ആദിവാസികളെയായിരിക്കും. നോര്‍ത്തേണ്‍ ടെറിറ്റോറിയില്‍ തടവിലാക്കപ്പെട്ട മിക്ക കുട്ടികളും ആദിവാസികളാണെന്നും സംഘടനകള്‍ പറഞ്ഞു.

കുട്ടികളെ ജയിലിലടക്കുന്നത് വിപരീത ഫലമാണ് അവരില്‍ ഉണ്ടാക്കുകയെന്ന് ഗവേഷണങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. പത്ത് വയസ്സ് മുതലുള്ള കുട്ടികളെ തടവിലിടുന്നത് കുറ്റം ചെയ്യാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുമെന്നും, അവരുടെ ആരോഗ്യം, വിദ്യാഭ്യാസം, ഭാവി സാധ്യതകള്‍ എന്നിവയെ സാരമായി ബാധിക്കുമെന്നും പഠനങ്ങള്‍ പറയുന്നു. ക്രിമിനല്‍ കുറ്റത്തിന് മേലുള്ള ഉത്തരവാദിത്തത്തിന്റെ ഏറ്റവും കുറഞ്ഞ പ്രായം ഉയര്‍ത്തുന്നതിനെക്കുറിച്ച് ഓസ്ട്രേലിയയിലുടനീളമുള്ള ചര്‍ച്ചകള്‍ക്കിടയിലാണ് ഈ തീരുമാനം പ്രാബല്യത്തില്‍ വരുന്നത്. നിയമം നടപ്പിലാക്കാനുള്ള തിയ്യതി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, മാറ്റം ഉടന്‍ പ്രാബല്യത്തില്‍ വരും.


#Daily
Leave a comment