ഹത്രാസ് ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 121 ആയി
ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ തിക്കിലും തിരക്കിലുംപെട്ട് മരിച്ചവരുടെ എണ്ണം 121 ആയി. മരിച്ചവരില്‍ കൂടുതലും സ്ത്രീകളും കുട്ടികളുമാണ്. ദുരന്തത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അഭിഭാഷകനായ ഗൗരവ് ദ്വിവേദി അലഹബാദ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. പരിപാടിയുടെ മുഖ്യ സംഘാടകര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഭോലെ ബാബ എന്നും സകാര്‍ വിശ്വ ഹരിയെന്നും അറിയപ്പെടുന്ന നാരായണ്‍ സകാര്‍ ഹരി നടത്തിയ മതപ്രഭാഷണ പരിപാടിയിലാണ് ദുരന്തം ഉണ്ടായത്. പരിപാടിക്ക് ശേഷം ഇയാളെ കാണാന്‍ ആളുകള്‍ തിരക്കുകൂട്ടിയതോടെയാണ് അപകടം ഉണ്ടായത്. സകാര്‍ വിശ്വ ഹരി ഭോലെ ബാബ എന്ന ബാനറില്‍ നടന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ 15,000 ത്തോളം ആളുകള്‍ എത്തിയിരുന്നു.
അപകടത്തെ തുടര്‍ന്ന് ലോറികളിലും ട്രാക്ടറുകളിലും ആളുകളെ ആശുപത്രിയിലേക്കെത്തിക്കുകയായിരുന്നു. മരണ സംഖ്യ ഉയരാന്‍ കാരണം ആശുപത്രിയില്‍ വേണ്ടത്ര സൗകര്യങ്ങളില്ലാത്തതാണെന്ന് മരിച്ചവരുടെ ബന്ധുക്കള്‍ പറഞ്ഞു. വേണ്ടത്ര ഡോക്ടര്‍മാരോ, ആംബുലന്‍സ്, ഓക്‌സിജന്‍ സൗകര്യങ്ങളോ ഇല്ലായിരുന്നുവെന്ന് ഇവര്‍ ചൂണ്ടിക്കാട്ടി. ജില്ലാ ഭരണകൂടത്തിന്റെ അനുമതിയോടെയാണ് പരിപാടി നടന്നത്. എന്നാല്‍ ഹത്രാസിലെ സിക്കന്ദര്‍ റൗവിലെ പാടത്ത് നടന്ന പരിപാടിയില്‍ അനുവദനീയമായതിലും കൂടുതല്‍ ആളുകള്‍ പങ്കെടുത്തുവെന്നാണ് വിവരം. ദുരന്തത്തിന് പിന്നാലെ ഒളിവില്‍ കഴിയുന്ന ഭോലെ ബാബയ്ക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണ്.