ബെഞ്ചമിന്‍ നെതന്യാഹു | PHOTO: FLICKR
മരണ സംഖ്യ കൂടുന്നു; ഹമാസുകാരെ കൊന്നൊടുക്കുമെന്ന് ബെഞ്ചമിന്‍ നെതന്യാഹു
ഇസ്രയേല്‍ ഹമാസിനെ തകര്‍ക്കുമെന്ന് പ്രസിഡന്റ് ബെഞ്ചമിന്‍ നെതന്യാഹു. ഐഎസ് പോലുള്ള ഭീകര സംഘടനയാണ് ഹമാസ്. ഹമാസിലെ ഓരോരുത്തരേയും കൊന്നൊടുക്കുക എന്നതാണ് ഇസ്രയേലിന്റെ ലക്ഷ്യം. ലോകം ഐഎസിനെ നശിപ്പിച്ചതു പോലെ ഇസ്രയേല്‍ ഹമാസിനെ തകര്‍ക്കും എന്ന് നെതന്യാഹു പറഞ്ഞു. യുദ്ധത്തില്‍ മരിച്ചവരുടെ എണ്ണം 3500ല്‍ അധികമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇസ്രയേലില്‍ മാത്രം മരിച്ചത് 1200 പേരാണ്.
ഹമാസ് ബന്ദികളാക്കിയ ഇസ്രയേലുകാരെ മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുര്‍ക്കിയുടെ മധ്യസ്ഥതയിലാണ് നടക്കുന്നത്. തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദോഗന്റെ നേതൃത്വത്തിലാണ് ചര്‍ച്ചകള്‍ നടക്കുന്നത്. ഇസ്രയേല്‍ ആക്രമണം രൂക്ഷമാക്കിയ സാഹചര്യത്തില്‍ ഗാസ പൂര്‍ണമായും അനിശ്ചിതത്വത്തിലാണ്. ശക്തമായ വ്യോമാക്രമണം തുടര്‍ച്ചയായ ആറാം ദിവസവും അയവില്ലാതെ തുടരുന്നു.
യുദ്ധകാല അടിയന്തര സര്‍ക്കാര്‍
ഇസ്രയേലില്‍ യുദ്ധകാല അടിയന്തര സര്‍ക്കാര്‍ രൂപീകരിച്ചു. പ്രതിപക്ഷത്തെ കൂടി ഉള്‍പ്പെടുത്തിയാണ് പുതിയ സര്‍ക്കാരിന്റെ രൂപീകരണം. യുദ്ധം കൈകാര്യം ചെയ്യാനുള്ള വാര്‍ കാബിനറ്റിനു രൂപം നല്‍കാനും ബുധനാഴ്ച തീരുമാനിച്ചു. നെതന്യാഹുവും പ്രതിപക്ഷ പാര്‍ട്ടിയായ ബ്ലൂ ആന്‍ഡ് വൈറ്റ് നേതാവ് ബെന്നി ഗാന്റ്‌സും ചേര്‍ന്നാണ് ഇക്കാര്യം അറിയിച്ചത്. ഗാന്റ്‌സ് മുന്‍ പ്രതിരോധമന്ത്രിയാണ്. അതേസമയം ഇസ്രയേല്‍ പ്രതിപക്ഷ നേതാവ് യായിര്‍ ലാപിഡ് വാര്‍ കാബിനറ്റില്‍ അംഗമല്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഓപ്പറേഷന്‍ അജയ്
ഇസ്രയേലില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്ന ദൗത്യമായ ഓപ്പറേഷന്‍ അജയ്ക്ക് ഇന്ന് തുടക്കം. ഇസ്രയേലില്‍ കുടുങ്ങി കിടക്കുന്ന മുഴുവന്‍ ഇന്ത്യക്കാരെയും ദൗത്യത്തിലൂടെ തിരികെ എത്തിക്കും എന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ഓപ്പറേഷന്‍ അജയുടെ ഭാഗമായുള്ള ആദ്യ വിമാനം ഇസ്രയേലിലേക്ക് പുറപ്പെട്ടു. ആവശ്യമാണെങ്കില്‍ നാവിക സേന കപ്പലുകളും രക്ഷാദൗത്യത്തിന്റെ ഭാഗമാകും. 18,000 ഇന്ത്യക്കാരെ കൂടാതെ 60,000 ഇന്ത്യന്‍ വംശജരും സഹായം തേടിയിട്ടുണ്ട്. ഇവരെ തിരിച്ചെത്തിക്കാനുള്ള നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും നടക്കുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.