
ജോ ബൈഡന്‍ | PHOTO: WIKKI COMMONS
റാഫയെ ആക്രമിക്കാനുള്ള തീരുമാനം ഉചിതമല്ല, ഇസ്രയേലിന് മുന്നറിയിപ്പ് നല്‍കി ബൈഡന്‍
ഗാസ മുനമ്പിലെ തിരക്കേറിയ നഗരമായ റാഫയ്‌ക്കെതിരെ ആക്രമണം ശക്തമാക്കാനുള്ള ഇസ്രയേല്‍ തീരുമാനം ഉചിതമല്ലെന്ന് മുന്നറിയിപ്പ് നല്‍കി ബൈഡന്‍. റാഫയ്‌ക്കെതിരായ ആക്രമണം തെറ്റാകുമെന്ന് ഇസ്രയേലിനെ അറിയിച്ചതായി യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവന്‍ പറഞ്ഞു. യുദ്ധത്തെ തുടര്‍ന്ന് പലസ്തീനികള്‍ തിങ്ങിപാര്‍ക്കുന്ന റാഫയെ ആക്രമിക്കുന്നത് ഗാസയെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് നയിക്കുമെന്നും, ആക്രമണം അന്താരാഷ്ട്ര തലത്തില്‍ ഇസ്രയേലിനെ ഒറ്റപ്പെടുത്തുമെന്നും സള്ളിവന്‍ വ്യക്തമാക്കി. യൂറോപ്പിലെ ഇസ്രയേലിന്റെ സഖ്യകക്ഷികള്‍ ഉള്‍പ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങള്‍ റാഫയെ ആക്രമിക്കുന്നതിനെതിരെ രാജ്യത്തിന് മുന്നറിയിപ്പ് നല്‍കിയതായാണ് റിപ്പോര്‍ട്ട്.
ഗാസയില്‍ കടുത്ത ക്ഷാമം
വടക്കന്‍ ഗാസയിലെ ക്ഷാമം തടയാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടു. റാഫയ്‌ക്കെതിരെയും ആക്രമണം ശക്തമായാല്‍ പ്രദേശത്ത് ക്ഷാമം വര്‍ദ്ധിക്കുമെന്ന് ഐക്യരാഷ്ട്രസഭ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കഴിഞ്ഞ അഞ്ച് മാസത്തിനുള്ളില്‍ റാഫയുടെ ജനസംഖ്യ 300,000 ത്തില്‍ നിന്നും 1.5 മില്യണായി ഉയര്‍ന്നിട്ടുണ്ട്. ഈജിപ്ഷ്യന്‍ അതിര്‍ത്തിയിലൂടെ വരുന്ന മാനുഷിക സഹായത്തിന്റെ പ്രധാന കേന്ദ്രമായ റാഫയെ ആക്രമിക്കാനുള്ള തങ്ങളുടെ ഉദ്ദേശം ഇസ്രയേല്‍ ആവര്‍ത്തിച്ച് പ്രകടിപ്പിച്ചിട്ടുണ്ട്. ഹമാസിനെ പരാജയപ്പെടുത്താന്‍ എല്ലാ രീതിയിലും ആക്രമണം നടത്തുമെന്നും ഇസ്രയേല്‍ പ്രഖ്യാപിച്ചിരുന്നു.
പട്ടിണി ആയുധമായി ഉപയോഗിക്കുന്നുവെന്ന് യൂറോപ്യന്‍ യൂണിയന്‍
ഗാസയില്‍ പട്ടിണി യുദ്ധ ആയുധമായി ഉപയോഗിക്കുന്നുവെന്നും ഗാസയിലേക്ക് വേണ്ട സഹായം എത്താതിരിക്കുന്നത് മനുഷ്യനിര്‍മ്മിത ദുരന്തമാണ് ഉണ്ടാക്കുന്നതെന്നും യുഎന്‍ വിദേശ നയ മേധാവി ജോസെപ് ബോറല്‍ സൂചിപ്പിച്ചിരുന്നു. ആവശ്യമായ ഭക്ഷ്യവസ്തുക്കളുമായി ഒരു സ്പാനിഷ് കപ്പല്‍ സൈപ്രസില്‍ നിന്ന് ഗാസയിലേക്ക് പുറപ്പെട്ടിരുന്നുവെന്നും എന്നാല്‍ കരമാര്‍ഗമുള്ള സഹായ വിതരണത്തോളം ഫലം കണ്ടെത്താന്‍ കടല്‍ മാര്‍ഗത്തില്‍ സാധിക്കുന്നില്ലെന്നും ബോറല്‍ ചൂണ്ടിക്കാട്ടി. പ്രദേശത്ത് സഹായം എത്തിക്കാനുള്ള ഏറ്റവും ഫലപ്രദമായ റോഡ് മാര്‍ഗത്തില്‍ ഇസ്രയേല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനാലാണ് സഹായം എത്തിക്കാന്‍ സാധിക്കാത്തതെന്നും യുഎന്‍ നേരത്തെ വ്യക്തമാക്കിയതാണ്.