
ചൊവ്വയിലേക്കുള്ള ദൂരം കുറയുന്നു; യാത്രയെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കി ഇലോണ്‍ മസ്‌ക്
ചൊവ്വയിലേക്കുള്ള ദൂരം കുറയുന്നു. ചൊവ്വയിലേക്കുള്ള പേടകത്തിന്റെ യാത്രയെക്കുറിച്ചുള്ള നിര്‍ണ്ണായക വിവരങ്ങള്‍ പങ്കുവെക്കുകയാണ് ഇലോണ്‍ മസ്‌ക്. ബഹിരാകാശ ശാസ്ത്രലോകത്തെ ആവേശത്തിലാക്കിയിരിക്കുകയാണ് മസ്‌കിന്റെ വാക്കുകള്‍.
ആളുകള്‍ ഇല്ലാതെ പോകുന്ന ആദ്യത്തെ ടെസ്റ്റ് ഫ്‌ലൈറ്റ് വിജയിച്ചാല്‍ നാല് കൊല്ലത്തിനുള്ളില്‍ ആളുകളെ ചൊവ്വയിലേക്കയക്കാന്‍ പറ്റുമെന്ന് അറിയിച്ചിരിക്കുകയാണ് ഇലോണ്‍ മസ്‌ക്. രണ്ട് വര്‍ഷത്തിനുള്ളിലാവും ആളുകളില്ലാതെ ആദ്യ സ്റ്റാര്‍ഷിപ്പുകള്‍ പുറപ്പെടുക. സ്റ്റാര്‍ഷിപ്പുകളുടെ ചൊവ്വയിലുള്ള ലാന്‍ഡിംഗിന്റെ വിശ്വാസ്യതയാവും പ്രധാനമായും ഈ ഫ്‌ലൈറ്റിലൂടെ പഠനവിഷയമാവുക. സുരക്ഷിതിമായി ലാന്‍ഡിംഗ് നടന്നാല്‍ ഉടന്‍ തന്നെ ആളുകളെ അയക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കും.
രണ്ട് ദശാബ്ദങ്ങള്‍ക്കുള്ളില്‍ ചൊവ്വയില്‍ സുസ്ഥിരമായൊരു കുടിയേറ്റമെന്നത് നടക്കാത്ത കാര്യമല്ലെന്ന് മസ്‌ക് അവകാശപ്പെട്ടു. ഫ്‌ലൈറ്റുകളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുമെന്നും, ഇരുപത് കൊല്ലത്തിനുള്ളില്‍ സ്വയം പര്യാപ്തത കൈവരിക്കുന്ന നഗരം അവിടെ പടുത്തുയര്‍ത്തനാവുമെന്നും അദ്ദേഹം പ്രതീക്ഷിക്കുന്നു. പുനരുപയോഗത്തിന് സാധ്യമായ റോക്കറ്റ് സ്റ്റേജുകള്‍ സ്‌പേസ് എക്‌സ് എന്ന തന്റെ സ്ഥാപനത്തിന് നിര്‍മ്മിക്കാനായെന്നും അതിനാല്‍ യാത്രകളുടെ ചെലവ് ചുരുക്കാനാവുമെന്നും അദ്ദേഹം വിശദീകരിച്ചു.
''ഒരു ടണ്ണിന് ഒരു ബില്യണ്‍ ഡോളറെങ്കിലും ചെലവ് വരുമെന്നും അത് ഒരു ലക്ഷം ഡോളറിലേക്കെങ്കിലും എത്തിക്കാനായാലെ സുസ്ഥിര നഗരം അവിടെ പടുത്തുയര്‍ത്താനാവുകയുള്ളൂ. അതിനായി ഇപ്പോഴത്തെ സാങ്കേതികവിദ്യ പതിനായിരം മടങ്ങെങ്കിലും മെച്ചപ്പെടേണ്ടിയിരിക്കുന്നു.'', മസ്‌ക് പറഞ്ഞു.
കഴിഞ്ഞ ജൂണില്‍ സ്റ്റാര്‍ഷിപ്പ് റോക്കറ്റിനെ വിജയകരമായി ഇന്ത്യന്‍ സമുദ്രത്തിലിറക്കാന്‍ കഴിഞ്ഞിരുന്നു. നാലാമത്തെ ടെസ്റ്റ് ഫ്‌ലൈറ്റായിരുന്ന റോക്കറ്റ് ഭൂമിക്ക് ചുറ്റും മുഴുവനായി കറങ്ങിയിട്ടാണ് സമുദ്രത്തില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്തത്. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ റോക്കറ്റായ സ്റ്റാര്‍ഷിപ്പിലൂടെ മനുഷ്യരെയും ചരക്കുകളെയും ചൊവ്വയിലേക്കെത്തിക്കുക എന്ന തന്റെ ലക്ഷ്യം കൈവരിക്കാനാവുമെന്ന് മസ്‌ക് പ്രതീക്ഷിക്കുന്നു.
ഒരു മില്യണ്‍ ആളുകളെ ചൊവ്വയിലേക്കയക്കുക്കയെന്നതാണ് തന്റെ ലക്ഷ്യമെന്ന് കഴിഞ്ഞ ഫെബ്രുവരിയില്‍ പറഞ്ഞ മസ്‌ക് മനുഷ്യര്‍ക്ക് ചന്ദ്രനില്‍ ഒരു താവളമുണ്ടാവണമെന്നും, ചൊവ്വയില്‍ നഗരങ്ങളുണ്ടാവണമെന്നും, മനുഷ്യര്‍ നക്ഷത്രങ്ങള്‍ക്കിടയിലുണ്ടാവണമെന്നും പറഞ്ഞിരുന്നു.