TMJ
searchnav-menu
post-thumbnail

സിദ്ധരാമയ്യ | Photo: PTI

TMJ Daily

കർണാടക മന്ത്രിസഭ; വകുപ്പ് വിഭജനം പൂർത്തിയായി

29 May 2023   |   2 min Read
TMJ News Desk

ർണാടക മന്ത്രിസഭയിലെ വകുപ്പ് വിഭജനത്തിൽ തീരുമാനമായി. മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് ധനകാര്യം, ഇന്റലിജൻസ് എന്നീ വകുപ്പുകളും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന് ജലസേചനം, ബംഗളൂരു നഗര വികസനം എന്നീ വകുപ്പുകളുമാണ് നൽകിയത്. വ്യവസായ വകുപ്പ് എം ബി പാട്ടീൽ, ആഭ്യന്തര വകുപ്പ് ജി പരമേശ്വരയ്യ, റവന്യു വകുപ്പ് കൃഷ്ണ ബൈര ഗൗഡ എന്നിവർക്കും സഭയിലെ ഏക വനിതാ മന്ത്രിയായ ലക്ഷ്മി ഹെബ്ബാൾക്കർക്ക് വനിതാ ശിശുക്ഷേമ വകുപ്പുമാണ് നൽകിയിരിക്കുന്നത്. 

രണ്ടുഘട്ടങ്ങളിലായാണ് കർണാടകയിൽ സത്യപ്രതിജ്ഞ ചെയ്തത്. മെയ് 20 നാണ് മുഖ്യമന്ത്രിയായി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രിയായി ഡികെ ശിവകുമാറും സത്യപ്രതിജ്ഞ ചെയ്തത്. കൂടെ 10 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. മെയ്് 27 ന് നടന്ന സത്യപ്രതിജ്ഞയിൽ 24 എംഎൽഎമാർ കൂടി സത്യപ്രതിജ്ഞ ചെയ്തതോടെ മന്ത്രിമാരുടെ എണ്ണം 34 ആയി. എച്ച് കെ പാട്ടീൽ, കൃഷ്ണ ബൈരഗൗഡ, എൻ ചെലുവരയ്യസ്വാമി, കെ വെങ്കിടേഷ്, എച്ച് സി മഹാദേവപ്പ, ഈശ്വർ ഖന്ദ്രെ, ക്യാതസാന്ദ്ര എൻ രാജണ്ണ, ദിനേശ് ഗുണ്ടു റാവു, ശരണബസപ്പ ദർശനപൂർ, ശിവാനന്ദ് പാട്ടീൽ, തിമ്മപൂർ രാമപ്പ ബാലപ്പ, ടി മല്ലികാർജുൻ, ശിവരാജ് സംഗപ്പ, ശരണപ്രകാശ് രുദ്രപ്പ പാട്ടീൽ, മങ്കൽ വൈദ്യ, ലക്ഷ്മി ആർ ഹെബ്ബാൾക്കർ, റഹീം ഖാൻ, ഡി സുധാകർ, സന്തോഷ് എസ് ലാഡ്, എൻ എസ് ബോസരാജു, സുരേഷ് ബി എസ്, മധു ബംഗാരപ്പ, എം സി സുധാകർ, ബി നാഗേന്ദ്ര എന്നിവരാണ് രണ്ടാമതായി സത്യപ്രതിജ്ഞ ചെയ്ത മന്ത്രിമാർ. 

ഡൽഹിയിൽ രണ്ടുദിവസം നീണ്ടുനിന്ന ചർച്ചകൾക്ക് ശേഷമാണ് മന്ത്രിമാരെ തീരുമാനിച്ചത്. സത്യപ്രതിജ്ഞ ചെയ്തവരിൽ 12 പേർ ആദ്യമായി മന്ത്രി സ്ഥാനത്ത് എത്തുന്നവരാണ്. ലക്ഷ്മി ഹെബ്ബാൾക്കറാണ് സിദ്ധരാമയ്യ മന്ത്രിസഭയിലെ ഏക വനിതാ മന്ത്രി. ഡി കെ ശിവകുമാറും സിദ്ധരാമയ്യയും ആവശ്യപ്പെട്ട ജാതി സമവാക്യങ്ങൾ കൃത്യം പാലിച്ചാണ് മന്ത്രിസഭ രൂപീകരിച്ചിരിക്കുന്നത്.  12 മുതൽ 14 വരെ വൊക്കലിഗ, ലിംഗായത്ത് വിഭാഗക്കാരെ ഉൾപ്പെടുത്തണമെന്ന് ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും അഹിന്ദ വിഭാഗത്തിന് മുൻതൂക്കം വേണമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യയും ആവശ്യപ്പെട്ടിരുന്നു. ലിംഗായത്ത്, വൊക്കലിഗ വിഭാഗങ്ങൾക്ക് തുല്യ പ്രാതിനിധ്യമാണ് മന്ത്രിസഭയിൽ. ഏഴംഗങ്ങളാണ് ഈ രണ്ട് വിഭാഗങ്ങളിൽ നിന്നും ഉള്ളത്. ദളിത് വിഭാഗത്തിൽ നിന്ന് ആറ് പേരും എസ്ടി വിഭാഗത്തിൽ നിന്ന് മൂന്നുപേരുമാണ് മന്ത്രിസഭയിൽ ഉള്ളത്. 

സ്പീക്കറായി മലയാളി

മലയാളിയായ മംഗളൂരു എംഎൽഎ യുടി ഖാദറാണ് കർണാടക നിയമസഭാ സ്പീക്കർ. ആർവി ദേശ്പാണ്ഡെ, ടിബി ജയചന്ദ്ര, എച്ച്‌കെ പാട്ടീൽ തുടങ്ങിയ മുതിർന്ന നേതാക്കളുടെ പേരുകൾ ഉയർന്നു വന്നെങ്കിലും രാഹുൽ ഗാന്ധിയുടെ നിർദേശപ്രകാരമാണ് കോൺഗ്രസ്, സഭാധ്യക്ഷ സ്ഥാനം ഖാദറിനു ലഭിച്ചത്. ദക്ഷിണ കന്നഡയിലെ മംഗളൂരു മണ്ഡലത്തിൽ നിന്നാണ് ഖാദർ വിജയിച്ചത്. കഴിഞ്ഞ തവണ ഈ മേഖലയിൽ നിന്നുള്ള ഏക കോൺഗ്രസ് എംഎൽഎയും ഖാദറായിരുന്നു. വളരെയധികം ജനപ്രീതിയുള്ള നേതാവാണ് യുടി ഖാദർ. ദക്ഷിണ കർണാടകയിൽ കോൺഗ്രസിന് ഉയർത്തി കാണിക്കാൻ മറ്റു നേതാക്കളാരും ഇല്ലാത്തതും ഖാദറിന് കൂടുതൽ കരുത്ത് പകരുന്നു. കോൺഗ്രസ് കൂടുതൽ അവസരങ്ങൾ ന്യൂനപക്ഷ വിഭാഗത്തിന് നൽകുന്നതിന്റെ സൂചന കൂടിയാണ് ഖാദറിന്റെ സ്പീക്കർ സ്ഥാനം. അമ്പത്തിമൂന്നുകാരനായ ഖാദർ, തീരദേശ കർണാടക മേഖലയിൽ കോൺഗ്രസിന്റെ ശക്തമായ സാന്നിധ്യം കൂടിയാണ്. കഴിഞ്ഞ നിയമസഭയിൽ പ്രതിപക്ഷ ഉപനേതാവായിരുന്നു അദ്ദേഹം. മണ്ഡല പുനർനിർണയത്തോടെ മംഗളൂരു റൂറൽ ആയി മാറിയ ഉള്ളാൾ മണ്ഡലത്തിൽ നിന്ന് ഇത് അഞ്ചാം തവണയാണ് ഖാദർ നിയമസഭയിൽ എത്തുന്നത്. ആരോഗ്യ-ഭക്ഷ്യ പൊതുവിതരണ- നഗരവികസന വകുപ്പുകൾ കൈകാര്യം ചെയ്തിട്ടുമുണ്ട്. സിദ്ധരാമയ്യ മന്ത്രിസഭയുടെ ഭാഗമായി 2013 മെയ് 20 മുതൽ 2016 ജൂൺ 20 വരെ കർണാടക ആരോഗ്യ കുടുംബക്ഷേമ മന്ത്രി കൂടിയായിരുന്നു യുടി ഖാദർ. ഇത്തവണ മംഗളൂരു റൂറൽ മണ്ഡലത്തിൽ നിന്ന് 40,361 വോട്ടുകൾ നേടിയ ഖാദർ 22,000 ൽ അധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ബിജെപി നേതാവ് സതീഷ് കുംപാലയെ പരാജയപ്പെടുത്തിയത്.


#Daily
Leave a comment