TMJ
searchnav-menu
post-thumbnail

Representative Image: PTI

TMJ Daily

സമരം കടുപ്പിച്ച് ഗുസ്തി താരങ്ങൾ; പോരാട്ടം രാജ്യത്തെ പെൺമക്കൾക്ക് വേണ്ടി

22 May 2023   |   3 min Read
TMJ News Desk

ബ്രിജ് ഭൂഷൺ ശരൺ സിങിനെതിരേയുള്ള സമരത്തിൽ നിന്ന് പിന്നോട്ട് പോകാതെ ഗുസ്തി താരങ്ങൾ. പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ദിവസം പാർലമെന്റ് മന്ദിരത്തിനു പുറത്ത് സ്ത്രീകളെ അണിനിരത്തി മഹിളാ മഹാ പഞ്ചായത്ത് നടത്താൻ സമര സമിതി തീരുമാനിച്ചു. മെയ് 28 നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പാർലമെന്റ്  ഉദ്ഘാടനം നിർവഹിക്കുക. രാജ്യത്തെ പെൺമക്കൾക്കു വേണ്ടിയുള്ള പോരാട്ടമാണിത്, പ്രതിഷേധത്തിൽ എല്ലാ സ്ത്രീകളും പങ്കുചേരണം എന്ന് ഒളിമ്പിക് മെഡൽ ജേതാവ് ബജ്‌രംഗ് പുനിയ വ്യക്തമാക്കി. പതിനഞ്ച് ദിവസത്തിനകം ബ്രിജ് ഭൂഷണെതിരെ നടപടിയെടുക്കണം എന്ന് താരങ്ങൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ പതിനഞ്ച് ദിവസം കഴിഞ്ഞിട്ടും യാതൊരു നടപടിയും ഉണ്ടാവാത്ത സാഹചര്യത്തിലാണ് സമരവുമായി അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ തീരുമാനിച്ചത്. 

ശനിയാഴ്ച ഡൽഹിയിലെ അരുൺ ജയ്റ്റ്‌ലി സ്‌റ്റേഡിയത്തിൽ ചെന്നൈ സൂപ്പർ കിങ്‌സും ഡൽഹി ക്യാപ്പിറ്റൽസും തമ്മിൽ നടന്ന മത്സരം കണാൻ എത്തിയ ഗുസ്തി താരങ്ങളെ ഡൽഹി പൊലീസ് തടഞ്ഞിരുന്നു. വിനേഷ് ഫോഗട്ട്, ബജ്‌റംഗ് പുനിയ, സാക്ഷി മാലിക്ക്, തുടങ്ങിയ താരങ്ങൾക്കാണ് പ്രവേശനം നിഷേധിച്ചത്. എന്നാൽ ആരോപണം ഡൽഹി പൊലീസ് നിഷേധിച്ചു. ടിക്കറ്റ് പരിശോധിച്ച ശേഷം കടന്നു പോകാൻ അനുവദിക്കില്ലെന്ന് പൊലീസ് പറയുകയായിരുന്നു എന്ന് വിനേഷ് ഫോഗട്ട് പ്രതികരിച്ചു. സംഭവത്തെ തുടർന്ന് താരങ്ങൾ സ്റ്റേഡിയത്തിന് പുറത്ത് പ്രതിഷേധം നടത്തി. 

നുണ പരിശോധനയ്ക്ക് തയ്യാറെന്ന് ബ്രിജ് ഭൂഷൺ

തനിക്കെതിരെ ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിൽ നുണപരിശോധനയ്ക്ക് തയ്യാറാണെന്ന് ശനിയാഴ്ച ബ്രിജ് ഭൂഷൺ അറിയിച്ചു. ഫേസ്ബുക്കിൽ കൂടിയായിരുന്നു പ്രതികരണം. എന്നാൽ വിനേഷ് ഫോഗട്ടും ബജ്‌റംഗ് പുനിയയും നുണപരിശോധനയ്ക്ക് വിധേയമാകണമെന്നും ബ്രിജ് ഭൂഷൺ പറഞ്ഞു. താരങ്ങൾ രണ്ടാംഘട്ട സമരങ്ങളിലേക്ക് കടക്കാൻ തീരുമാനിച്ചപ്പോഴാണ് ബ്രിജ് ഭൂഷന്റെ പുതിയ പ്രതികരണം ഉണ്ടായിരിക്കുന്നത്. തനിക്കെതിരേയുള്ള ഏതെങ്കിലും ആരോപണം തെളിയുകയാണെങ്കിൽ ആത്മഹത്യ ചെയ്യുമെന്ന് ബ്രിജ് ഭൂഷൺ പറഞ്ഞിരുന്നു.

2011 മുതൽ ദേശീയ ഗുസ്തി ഫെഡറേഷൻ അംഗമായ ബ്രിജ് ഭൂഷൺ ശരൺ സിംഗ് ആറു തവണ ഉത്തർപ്രദേശിൽ നിന്ന് പാർലമെന്റിലേക്ക് എംപിയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. അഞ്ചു തവണ ബിജെപിയിലും ഒരു തവണ സമാജ്വാദിയിലും നിന്നാണ് വിജയിച്ചത്. കൂടാതെ, അയോധ്യ മുതൽ ശ്രാവസ്തി വരെ 100 കിലോമീറ്ററിലധികം വ്യാപിച്ചു കിടക്കുന്ന 50 ഓളം വിദ്യാഭ്യാസ സ്ഥാപനങ്ങളും ബ്രിജ് ഭൂഷനു കീഴിലുണ്ട്. ബിജെപിയിൽ ചേരുന്നതിനു മുമ്പ് സംഘപരിവാറുമായി ബന്ധമുണ്ടായിരുന്ന ആളാണ് ബ്രിജ് ഭൂഷൺ. 1992 ഡിസംബർ 6 ന് ബാബറി മസ്ജിദ് തകർക്കപ്പെട്ട കേസിലും പ്രതിയാണ്. 1990 കളുടെ മധ്യത്തിൽ ഗുണ്ടാനേതാവ് ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളികൾക്ക് അഭയം നൽകിയെന്ന പേരിൽ അറസ്റ്റിലാവുകയും തീവ്രവാദ പ്രവർത്തനങ്ങൾ തടയൽ നിയമപ്രകാരം തിഹാർ ജയിലിൽ കഴിയുകയും ചെയ്തിരുന്നു. എന്നാൽ, തെളിവുകളുടെ അഭാവത്തിൽ കോടതി ബ്രിജ് ഭൂഷനെ കുറ്റവിമുക്തനാക്കി.

ഒരുമാസമായി തുടരുന്ന സമരം

കേസിൽ ആരോപണവിധേയനായ ബിജെപി എംപിയും ഗുസ്തി ഫെഡറേഷൻ തലവനുമായ ബ്രിജ് ഭൂഷൺ ശരൺ സിങിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഗുസ്തി താരങ്ങൾ കഴിഞ്ഞ ഒരുമാസത്തോളമായി ജന്തർ മന്തറിൽ പ്രതിഷേധം നടത്തി വരികയാണ്. വനിതാ ഗുസ്തി താരങ്ങളെ ലൈംഗികമായി ചൂഷണം ചെയ്യുന്നുവെന്ന് ആരോപിച്ചാണ് പ്രതിഷേധം. ജനുവരി 18 മുതൽ താരങ്ങൾ പ്രതിഷേധ സമരം നടത്തുകയും ചർച്ചകളെ തുടർന്ന് പിന്നീട് പിൻവലിക്കുകയും ചെയ്തു. എന്നാൽ, അന്വേഷണ കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ട് കേന്ദ്രം പുറത്തുവിടുന്നതിൽ കാലതാമസം വരുത്തിയെന്നാരോപിച്ച് ഏപ്രിൽ 23 ന് ഗുസ്തി താരങ്ങൾ വീണ്ടും പ്രതിഷേധം ആരംഭിക്കുകയായിരുന്നു. പരാതിക്കാരിൽ ഒരാൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയാണ്. 

തങ്ങൾ ഉന്നയിച്ച ലൈംഗിക പീഡന പരാതിയിൽ ഡൽഹി പോലീസ് ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും ഒരാളുടെ മൊഴി പോലും രേഖപ്പെടുത്തിയില്ലെന്നും ഏഴു വനിതാ ഗുസ്തി താരങ്ങൾ സുപ്രീംകോടതിയെ അറിയിക്കുകയും ബന്ധപ്പെട്ട ഹർജി  സുപ്രീം കോടതി തീർപ്പാക്കുകയും ചെയ്തിരുന്നു. കേസെടുത്ത സാഹചര്യത്തിൽ ഇടപെടുന്നില്ലെന്ന് കോടതി പറഞ്ഞു. പരാതിക്കാർക്ക് ഹൈക്കോടതിയെ സമീപിക്കാമെന്നും, കൈവശമുള്ള രേഖകൾ സമർപ്പിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി. ജനുവരിയിൽ കായിക മന്ത്രാലയം പരാതികൾ അന്വേഷിക്കാൻ ഒളിമ്പിക് മെഡൽ ജേതാവ് എംസി മേരികോമിന്റെ നേതൃത്വത്തിൽ അഞ്ചംഗ കമ്മിറ്റി രൂപീകരിക്കുകയും, ഒരു മാസത്തിനകം കണ്ടെത്തലുകൾ സമർപ്പിക്കാൻ സമിതിയെ ചുമതലപ്പെടുത്തുകയും ചെയ്തിട്ടിണ്ട്.  

സർക്കാർ സമിതി ഏപ്രിൽ ആദ്യവാരം റിപ്പോർട്ട് സമർപ്പിച്ചെങ്കിലും മന്ത്രാലയം ഇതുവരെ റിപ്പോർട്ട് പരസ്യമാക്കിയിട്ടില്ല. ഫെഡറേഷൻ മേധാവി ബ്രിജ് ഭൂഷൺ ശരൺ സിങിനെതിരെ ജനുവരി 18 ന് നിരവധി ഗുസ്തി താരങ്ങൾ പരസ്യമായി രംഗത്തെത്തിയിരുന്നു. സർക്കാരുമായി നടത്തിയ ചർച്ചയിൽ തൃപ്തരല്ലെന്നും തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ പ്രാക്ടീസ് നടത്തുകയോ മത്സരങ്ങളിൽ പങ്കെടുക്കുകയോ ചെയ്യില്ലെന്നും താരങ്ങൾ പറഞ്ഞിരുന്നു. ഫെഡറേഷന്റെ പ്രവർത്തനത്തിൽ കെടുകാര്യസ്ഥത ആരോപിച്ച് ഫെഡറേഷനെ സമ്പൂർണമായി നവീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു. സമരം തുടർന്നിട്ടും ഒരു നടപടിയും ഉണ്ടാകാത്ത സാഹചര്യത്തിലാണ് താരങ്ങൾ വീണ്ടും സമരം കടുപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നത്.




#Daily
Leave a comment