കെ കെ ഷാഹിന | PHOTO: TMJ
അന്താരാഷ്ട്ര പ്രസ് ഫ്രീഡം പുരസ്‌കാരം കെ കെ ഷാഹിനക്ക്; അർഹയാകുന്ന ആദ്യ മലയാളി
അന്താരാഷ്ട്ര പ്രസ് ഫ്രീഡം പുരസ്‌കാരം മലയാളി മാധ്യമപ്രവർത്തകയായ കെ.കെ ഷാഹിനയ്ക്ക്. ഈ പുരസ്‌കാരം ലഭിക്കുന്ന ആദ്യ മലയാളിയാണ് ഷാഹിന. മരിയ തെരേസ മൊണ്ടാനോ (മെക്‌സിക്കോ), ഫെർഡിനാന്റ് അയീറ്റേ (ടോഗോ), നിക ഗ്വറാമിയ (ജോർജിയ) എന്നിവർക്കൊപ്പമാണ് ഷാഹിനയേയും പുരസ്‌കാരത്തിന് തിരഞ്ഞെടുത്തത്. 2023 നവംബർ 16ന് ന്യൂയോർക്കിൽ നടക്കുന്ന പരിപാടിയിൽ വെച്ച് പുരസ്‌കാരം ഏറ്റുവാങ്ങും.
അംഗീകരിക്കപ്പെട്ട് മാധ്യമധർമ്മം
ഇന്ത്യയിൽ മാധ്യമപ്രവർത്തകർ ഭീഷണി നേരിടുകയും മാധ്യമസ്വാതന്ത്ര്യം കുറഞ്ഞുവരികയും ചെയ്യുന്ന ഈ കാലഘട്ടത്തിൽ കെ കെ ഷാഹിനയ്ക്ക് ലഭിക്കുന്ന പുരസ്‌കാരം പ്രാധാന്യമർഹിക്കുന്നുവെന്ന് സിപിജെ വ്യക്തമാക്കി. മഅദനിക്കെതിരായ ബംഗളുരു സ്‌ഫോടനക്കേസിൽ കർണാടക പൊലീസ് കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയ സാക്ഷികൾ വ്യാജസാക്ഷികളാണെന്ന് വെളിപ്പെടുത്തി തെഹൽക്കയിൽ പ്രസിദ്ധീകരിച്ച വാർത്തയുമായി ബന്ധപ്പെട്ട് നേരത്തെ ഷാഹിനക്കെതിരെ യുഎപിഎ കേസെടുത്തിരുന്നു. 2010ൽ ആരംഭിച്ച കേസിന്റെ വിചാരണ ഇപ്പോഴും തുടരുകയാണ്. കുറ്റം തെളിഞ്ഞാൽ പരമാവധി മൂന്ന് വർഷം വരെ തടവും പിഴയും ശിക്ഷ ലഭിച്ചേക്കാവുന്ന കുറ്റമാണ് ഷാഹിനയ്ക്ക് മേൽ ചുമത്തിയിട്ടുള്ളത്.
രണ്ടര പതിറ്റാണ്ടിലേറെയായി സജീവ മാധ്യമപ്രവർത്തന രംഗത്തുള്ള ഷാഹിന, മനുഷ്യാവകാശങ്ങൾ, മതന്യൂനപക്ഷങ്ങൾ എന്നീ വിഷയങ്ങളിൽ കേന്ദ്രീകരിച്ചാണ് പ്രവർത്തനം. നിലവിൽ ഔട്ട് ലുക് മാഗസിൻ സീനിയർ എഡിറ്ററാണ് കെ കെ ഷാഹിന. ഏഷ്യാനെറ്റ് ന്യൂസ്, ജനയുഗം, തെഹൽക്ക, ദ ഓപ്പൺ, ദ ഫെഡറൽ തുടങ്ങിയ മാധ്യമങ്ങളിലും ജോലി ചെയ്തിരുന്നു.
ഭരണകൂട മർദനങ്ങളെയും അടിച്ചമർത്തലുകളെയും എതിരിട്ട് മാധ്യമപ്രവർത്തനം നടത്തുന്ന ജേർണലിസ്റ്റുകളെ ആദരിക്കുന്നതിനായി 1996 മുതൽ സിപിജെ (കമ്മിറ്റി ഫോർ പ്രൊട്ടക്റ്റ് ജേണലിസ്റ്റ്) അന്താരാഷ്ട്ര തലത്തിൽ നല്കി വരുന്ന പുരസ്‌കാരമാണിത്. ഇന്ത്യയിൽ നിന്ന് ഇതുവരെ മൂന്ന് മാധ്യമപ്രവർത്തകർക്ക് മാത്രമാണ് ഈ പുരസ്‌കാരം ലഭിച്ചിട്ടുള്ളത്. കാശ്മീർ ജേർണലിസ്റ്റായ യുസഫ് ജമീൽ (1996), ഛത്തീസ്ഗഢിൽ നിന്നുള്ള മാലിനി സുബ്രഹ്‌മണ്യൻ(2016), ഡൽഹിയിൽ നിന്നുള്ള നേഹ ദീക്ഷിത് (2019) എന്നിവരാണ് മുമ്പ് പുരസ്‌കാരം നേടിയ ഇന്ത്യക്കാർ.