PHOTO: PTI
സീറ്റ് പങ്കിടലില്‍ പിടിവാശിയില്ല; 225 സീറ്റുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കും
സീറ്റ് പങ്കിടലില്‍ കടുംപിടുത്തം വേണ്ടെന്ന തീരുമാനവുമായി കോണ്‍ഗ്രസ് നേതൃത്വം. 2024 ല്‍ INDIA മുന്നണി ബിജെപിയെ നേരിടുന്ന സാഹചര്യത്തില്‍ സീറ്റ് വിഭജനത്തിന്റെ കാര്യത്തില്‍ കോണ്‍ഗ്രസിന് കടുംപിടുത്തം ഉണ്ടാവില്ല. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
ബിജെപി വിരുദ്ധ ചേരിക്ക് ശക്തി പകരും
അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം മുന്നണി സീറ്റ് വിഭജന കാര്യത്തില്‍ നയം മയപ്പെടുത്തിയിരിക്കുകയാണ് കോണ്‍ഗ്രസ്. നാഷണല്‍ അലയന്‍സ് കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്‍മേല്‍ നടന്ന ചര്‍ച്ചയില്‍ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ആരംഭിക്കാനുള്ള നിര്‍ദേശം കമ്മറ്റിക്ക് നല്‍കി. 225 സീറ്റുകളില്‍ ശ്രദ്ധകേന്ദ്രീകരിക്കാനാണ് കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കുന്നത്. വിജയ സാധ്യതയുള്ള സീറ്റുകളിലൊഴികെയുള്ള മറ്റു സീറ്റുകളില്‍ ബിജെപി വിരുദ്ധ ചേരിക്ക് ശക്തിപകരണം എന്നാണ് ഖാര്‍ഗെയുടെ നിലപാട്.
മുന്നണിയില്‍ ആവശ്യപ്പെടാനുള്ള സീറ്റുകള്‍ സംബന്ധിച്ച ലിസ്റ്റ് സംസ്ഥാന നേതൃത്വങ്ങള്‍ നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടിയാവും തീരുമാനം. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 421 സീറ്റില്‍ മത്സരിച്ചെങ്കിലും 52 സീറ്റില്‍ മാത്രമാണ് കോണ്‍ഗ്രസിന് വിജയിക്കാന്‍ സാധിച്ചത്. 2024 ലെ തിരഞ്ഞെടുപ്പില്‍ വിട്ടുവീഴ്ച്ചക്ക് തയ്യാറാണെന്നാണ് പല സംസ്ഥാന ഘടകങ്ങളും അറിയിച്ചിട്ടുള്ളത്. ആര്‍ജെഡിയു മായും ജെഡിയു വുമായും വിട്ടുവീഴ്ച്ചക്ക് തയ്യാറാണെന്ന് ബിഹാര്‍ ഘടകം പാര്‍ട്ടിയെ അറിയിച്ചിട്ടുണ്ട്.
എഎപിയുമായി ഇടഞ്ഞ് സംസ്ഥാന നേതൃത്വങ്ങള്‍
ഉത്തര്‍ പ്രദേശില്‍ 2019 ല്‍ 70 സീറ്റില്‍ മത്സരിച്ചെങ്കിലും ഒരു സീറ്റുമാത്രമാണ് കോണ്‍ഗ്രസിന് ലഭിച്ചത്. ഈ തവണ രണ്ട് സീറ്റ് മാത്രമേ കോണ്‍ഗ്രസിന് യുപിയില്‍ നല്‍കുകയുള്ളൂ എന്ന് അഖിലേഷ് യാദവ് നേരത്തെ തന്നെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ബംഗാളില്‍ ആറ് സീറ്റുകള്‍ ആവശ്യപ്പെടണം എന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം എന്നാല്‍ രണ്ടിലധികം സീറ്റുകള്‍ നല്‍കാന്‍ സാധിക്കില്ലെന്നാണ് മമത ബാനര്‍ജിയുടെ നിലപാട്. പഞ്ചാബ് ഡല്‍ഹി എന്നീ സംസ്ഥാനങ്ങളില്‍ എഎപി വിട്ടുവീഴ്ചയ്ക്ക് തയ്യാറാണെങ്കിലും കോണ്‍ഗ്രസ് സംസ്ഥാന ഘടകം എതിരുനില്‍ക്കുകയാണ്. ഈ രണ്ട് സംസ്ഥാനങ്ങളിലേയും സീറ്റ് വിഭജനം പ്രതിസന്ധി സൃഷ്ടിക്കാന്‍ സാധ്യതയുണ്ട്.