
യുഎസിലെ 2,40,000 യുക്രെയ്ന്‍കാരുടെ ഭാവി അനിശ്ചിതത്വത്തില്‍
റഷ്യന്‍ അധിനിവേശത്തെ തുടര്‍ന്ന് യുക്രെയ്‌നില്‍ നിന്നും പലായനം ചെയ്ത് യുഎസില്‍ എത്തിയ 2,40,000 യുക്രെയ്ന്‍കാരുടെ ഭാവി അനിശ്ചിതത്വത്തില്‍. ഇവര്‍ക്ക് യുഎസ് നല്‍കിയിരുന്ന താല്‍ക്കാലിക നിയമ പദവി പിന്‍വലിക്കാന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പദ്ധതിയിടുന്നു.
മുന്‍ പ്രസിഡന്റ് ജോ ബൈഡന്റെ ഭരണകാലത്ത് യുക്രെയ്ന്‍കാരെ സ്വാഗതം ചെയ്തിരുന്നു. ഇതിനെതിരാണ് ട്രംപിന്റെ നിലപാട്. ഈ യുക്രെയ്ന്‍കാരെ നാടുകടത്തും.
ബൈഡന്റെ ഭരണകാലത്ത് താല്‍ക്കാലിക മാനുഷിക പരോള്‍ പദ്ധതികളുടെ ഭാഗമായി 1.8 മില്ല്യണ്‍ കുടിയേറ്റക്കാര്‍ക്ക് നിയമ പദവി നല്‍കിയിരുന്നു. ഇവരുടെ എല്ലാം പദവി പിന്‍വലിക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ വിശാലമായ പദ്ധതിയുടെ ഭാഗമാണ് യുക്രെയ്ന്‍കാര്‍ക്കുള്ള സംരക്ഷണം പിന്‍വലിക്കുന്നത്.
അടുത്ത മാസത്തോടെ യുക്രെയ്ന്‍കാരുടെ പദവി റദ്ദാക്കാനുള്ള തീരുമാനം വന്നേക്കും. കഴിഞ്ഞയാഴ്ച്ച യുക്രെയ്ന്‍ പ്രസിഡന്റ് സെലന്‍സ്‌കിയും ട്രംപും തമ്മില്‍ വൈറ്റ് ഹൗസില്‍ നടന്ന വാഗ്വാദത്തിനും മുമ്പ് തന്നെ യുക്രെയ്ന്‍കാരുടെ പദവി പിന്‍വലിക്കാനുള്ള ആലോചന തുടങ്ങിയിരുന്നു.
യുക്രെയ്ന്‍കാരുടെ നിയമ പദവി പിന്‍വലിക്കാനുള്ള നീക്കത്തെക്കുറിച്ച് റോയിറ്റേഴ്‌സ് ആണ് വാര്‍ത്ത നല്‍കിയത്. ഇതേക്കുറിച്ച് തീരുമാനം എടുത്തിട്ടില്ലെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലെവിറ്റ് എക്‌സില്‍ പോസ്റ്റ് ചെയ്തു. എന്നാല്‍, ഉടന്‍ തന്നെ തീരുമാനം എടുക്കുമെന്ന് ട്രംപ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.