അഞ്ച് ഭാഷകൾക്ക് ക്ലാസിക്കൽ പദവി നൽകി സർക്കാർ; ഇന്ത്യയിൽ ഇനി 11 ക്ലാസിക് ഭാഷകൾ
അഞ്ച് ഭാഷകൾക്ക് കൂടി ക്ലാസ്സിക്കൽ പദവി നൽകി കേന്ദ്ര സർക്കാർ. ബംഗാളി, മറാഠി, പാലി, പ്രാകൃത്, അസമീസ് എന്നീ അഞ്ച് ഭാഷകൾക്കാണ് ക്ലാസിക്കൽ പദവി നൽകിയത്. ഇതോടെ ഇന്ത്യയിലെ അംഗീകൃത ക്ലാസിക്കൽ ഭാഷകളുടെ എണ്ണം പതിനൊന്നായി. തമിഴ്, സംസ്‌കൃതം, തെലുങ്ക്, കന്നഡ, മലയാളം, ഒഡിയ എന്നീ ഭാഷകൾക്കാണ് നേരത്തെ ഈ പദവി ലഭിച്ചത്.
ഇന്ത്യയിലെ ഭാഷകളുടെ പാരമ്പര്യം ഉൾപ്പടെയുള്ള ഘടകങ്ങൾ കണക്കിലെടുത്ത് അവയ്ക്കു ക്ലാസിക്കൽ പദവി നൽകാൻ 2004 ഒക്‌ടോബറിൽ കേന്ദ്രം തീരുമാനിച്ചിരുന്നു. സാഹിത്യ അക്കാദമിയുടെ കീഴിൽ സാംസ്കാരിക മന്ത്രാലയം ഇതിനായി ഭാഷാ വിദഗ്ധ സമിതി (എൽഇസി) രൂപീകരിക്കുകയുണ്ടായി. ക്ലാസിക്കൽ ഭാഷാ പദവി നൽകാൻ നിർദ്ദേശിക്കപ്പെട്ട ഭാഷകളുടെ യോഗ്യത പരിശോധിക്കുകയും ശേഷം, തമിഴ് ആദ്യ ക്ലാസിക്കൽ ഭാഷയായി ഇന്ത്യയിൽ അംഗീകരിക്കപ്പെടുകയും ചെയ്തു. തുടർന്ന് സംസ്കൃതത്തെയും ക്ലാസിക്കൽ ഭാഷയായി പ്രഖ്യാപിച്ചു. ക്രമേണ, 2008-ൽ തെലുങ്കും കന്നഡയും, 2013-ലും 2014-ലും മലയാളവും ഒഡിയയും പട്ടികയിൽ ചേർന്നു.
പുതിയ ക്ലാസിക്കൽ ഭാഷകൾ വരുന്നതോടു കൂടി തൊഴിലവസരങ്ങൾ കൂടുമെന്നാണ് പ്രതീക്ഷ. ക്ലാസിക്കൽ ഭാഷകളുടെ പ്രോത്സാഹനത്തിനും പഠനത്തിനും പിന്തുണ നൽകുന്നതിനായി വിദ്യാഭ്യാസ മന്ത്രാലയം ഇതിനകം തന്നെ വിവിധ സ്ഥാപനങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. സംസ്‌കൃത ഭാഷയുടെ പ്രോത്സാഹനത്തിനായി പാർലമെൻ്റിൻ്റെ നിയമത്തിലൂടെ 2020-ൽ മൂന്ന് കേന്ദ്ര സർവകലാശാലകളാണ് സ്ഥാപിച്ചിട്ടുള്ളത്. പുരാതന തമിഴ് ഗ്രന്ഥങ്ങളുടെ വിവർത്തനം എളുപ്പമാക്കുന്നതിനും, തമിഴിൽ കോഴ്‌സുകൾ നടത്തുന്നതിനുമായി സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്ലാസിക്കൽ തമിഴ് എന്ന സ്ഥാപനം ചെന്നൈയിൽ സ്ഥാപിച്ചിട്ടുണ്ടായിരുന്നു.
ക്ലാസിക്കൽ ഭാഷകളുടെ പഠനവും സംരക്ഷണവും വർദ്ധിപ്പിക്കുന്നതിനായി കന്നഡ, തെലുങ്ക്, മലയാളം, ഒഡിയ എന്നീ ഭാഷകളിലെ പഠനത്തിനായുള്ള കേന്ദ്രങ്ങളും സ്ഥാപിച്ചിട്ടുണ്ട്.
മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം ബാക്കിനിൽക്കെയാണ്, മറാത്തിക്ക് ക്ലാസിക്കൽ ഭാഷാ പദവി നൽകാനുള്ള ദശാബ്ദങ്ങൾ പഴക്കമുള്ള നിർദ്ദേശത്തിന് കേന്ദ്രമന്ത്രിസഭ വ്യാഴാഴ്ച അംഗീകാരം നൽകുന്നത്.


