
ലഹരി വ്യാപനം നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതായി പ്രതിപക്ഷ നേതാവ്
ലഹരി വ്യാപനം സംസ്ഥാനത്ത് എത്രത്തോളം വ്യാപകമായെന്നു വ്യക്തമാക്കുന്ന സംഭവങ്ങളാണ് നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ലഹരി വ്യാപനം സംസ്ഥാനത്ത് അക്രമ സംഭവങ്ങള്‍ വര്‍ധിപ്പിക്കുകയാണെന്നും അക്രമത്തിന്റെ സ്വഭാവം തന്നെ മാറിയെന്നും പ്രതിപക്ഷം കഴിഞ്ഞയാഴ്ചയും നിയമസഭയില്‍ ഉന്നയിച്ചതാണ്. ഇതുവരെ ഉണ്ടാകാത്ത തരത്തിലുള്ള അക്രമണങ്ങളാണ് നടക്കുന്നത്. കുട്ടികള്‍ക്കിടിയിലും ലഹരി വ്യാപിക്കുകയാണ്. ലഹരി വസ്തുക്കള്‍ ഏറ്റവും സുലഭമായി ലഭിക്കുന്ന സംസ്ഥാനമായി കേരളം മാറിയിരിക്കുകയാണ്. ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നവരെ മാത്രമാണ് പൊലീസും എക്സൈസും പിടികൂടുന്നത്. എന്നാല്‍ ലഹരിയുടെ സ്രോതസ് കണ്ടെത്താന്‍ ഒരു സര്‍ക്കാര്‍ ഏജന്‍സിയും ശ്രമിക്കുന്നില്ല. എസ്എസ്എല്‍സിക്ക് പഠിക്കുന്ന കുട്ടികള്‍ വരെ ഡ്രഗ് പാര്‍ട്ടികള്‍ നടത്തുകയാണ്. എല്ലായിടത്തും ഡ്രഗ് പാര്‍ട്ടികളാണ്. ഇതൊക്കെ പരസ്യമായാണ് നടക്കുന്നത്. ഒറ്റു കൊടുക്കുന്ന കേസുകള്‍ മാത്രമാണ് പിടിക്കപ്പെടുന്നത്. അല്ലാതെ എന്‍ഫോഴ്സ്മെന്റ് ഇല്ല. ബോധവത്ക്കരണം നടത്തിയെന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ അത് ജനങ്ങള്‍ക്കിടയില്‍ ഒരു ചലനവും ഉണ്ടാക്കിയിട്ടില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു.
പതിനാലും പതിനഞ്ചും വയസുള്ള കുട്ടികളാണ് പരസ്യമായി ഏറ്റുമുട്ടുന്നത്. പല ബസ് സ്റ്റാന്‍ഡുകളിലും രണ്ടു ഗ്യാങുകളായി തിരിഞ്ഞ് അടിയാണ്. ഇന്നലെ ഒരു കുട്ടി കൊലചെയ്യപ്പെട്ടു. കാമ്പസുകളില്‍ വ്യാപകമായി റാഗിങ് നടക്കുന്നു. ഇതിനെല്ലാം കാരണം ഡ്രഗ്സാണ്. ഒരു വശത്ത് എസ്എഫ്‌ഐയും. എസ്എഫ്‌ഐ നേതാക്കള്‍ക്ക് ഡ്രഗ്സും മദ്യവും വാങ്ങാന്‍ പണം നല്‍കിയില്ലെങ്കില്‍ ക്രൂരമായ റാഗിങാണ്. സിദ്ധാര്‍ത്ഥനെ കൊലപ്പെടുത്തിയത് ഉള്‍പ്പെടെ നിരവധി സംഭവങ്ങളുണ്ട്. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ യൂണിയന്‍ റൂം ഇടിമുറിയാണ്. ഭിന്നശേഷിക്കാരനായ വിദ്യാര്‍ത്ഥി വരെ ആക്രമിക്കപ്പെട്ടു. എന്നിട്ടും ഒരാളെ പോലും സസ്പെന്‍ഡ് ചെയ്തില്ല. സിദ്ധാര്‍ത്ഥിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായി സസ്പെന്‍ഡ് ചെയ്യപ്പെട്ടവരെ തിരിച്ചെടുത്തു. അവര്‍ പരീക്ഷ എഴുതി കൂളായി നടക്കുകയാണ്. സര്‍ക്കാര്‍ സ്വന്തക്കാര്‍ക്ക് രാഷ്ട്രീയ രക്ഷാകര്‍തൃത്വം നല്‍കുകയാണ്. കാപ്പ കേസിലെ പ്രതികളെ മന്ത്രിമാര്‍ പാര്‍ട്ടിയിലേക്ക് മാലയിട്ട് സ്വീകരിക്കുകയാണ്. ക്രിമിനലുകളും ഗുണ്ടകളും ലഹരിമരുന്ന് മാഫിയകളും അഴിഞ്ഞാടുന്ന സംസ്ഥാനമായി കേരളം മാറി. സ്വന്തക്കാരെ സംരക്ഷരിക്കണമെന്ന താല്‍പര്യം മാത്രമെ സര്‍ക്കാരിനുള്ളൂ. അപകടകരമായ സ്ഥിതിവിശേഷമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
ലഹരി വ്യാപകമാകുന്നതു സംബന്ധിച്ച വിഷയം 2022ലും ഇക്കഴിഞ്ഞ ആഴ്ചയിലും പ്രതിപക്ഷം നിയമസഭയില്‍ കൊണ്ടു വരികയും പൂര്‍ണപിന്തുണ നല്‍കുകയും ചെയ്തു. എന്നിട്ടും സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിച്ചില്ല. ഉത്ഭവസ്ഥാനം കണ്ടെത്തി അത് അടയ്ക്കാനോ ജനങ്ങളെ സംഘടിപ്പിച്ചുള്ള ചെറുത്തു നില്‍പ്പിനോ സര്‍ക്കാര്‍ തയാറാകുന്നില്ല. എല്ലാ കാര്യത്തിലും എന്നതു പോലെ ഇക്കാര്യത്തിലും സര്‍ക്കാര്‍ നിസംഗരായി നോക്കി ഇരിക്കുകയാണ്. കുട്ടികളെ സ്‌കൂളിലേക്കും കോളജിലേക്കും അയയ്ക്കുന്ന രക്ഷിതാക്കള്‍ ഭയപ്പാടിലാണ്. എല്ലാ കുട്ടികളെയും രക്ഷിതാക്കള്‍ സംശയിക്കുന്ന അപകടകരമായ രീതിയിലേക്ക് കേരളം പോകുകയാണെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.
ലഹരി വ്യാപനം നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെട്ടു. കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുന്നില്ല. 25 പേരെ പിടിച്ചാല്‍ പോലും ലഹരി എവിടെ നിന്നാണ് വന്നതെന്ന് കണ്ടെത്താനുള്ള സംവിധാനം സര്‍ക്കാരിനില്ല. അതിന് സാധിക്കുന്നില്ലെങ്കില്‍ പിന്നെ എന്ത് പൊലീസും എക്സൈസുമാണ്. സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെട്ടു. ലഹരി മാഫിയകള്‍ക്ക് രാഷ്ട്രീയ രക്ഷാകര്‍തൃത്വമുണ്ട്. ആലപ്പുഴയിലും കൊല്ലത്തുമൊക്കെ ലഹരി മാഫിയകളെ പ്രദേശികമായി സഹായിക്കുന്നുണ്ട്. ഉത്തരവാദിത്തത്തോടെയാണ് ഇത് പറയുന്നത്. അതുകൊണ്ടാണ് പല സ്ഥലത്തും സര്‍ക്കാര്‍ മടി പിടിക്കുന്നത്. രാഷ്ട്രീയ രക്ഷകര്‍തൃത്വം ഉണ്ടെന്നത് പ്രതിപക്ഷം നിയമസഭയിലും പറഞ്ഞതാണ്. അതാണ് അപകടത്തിലേക്ക് എത്തിക്കുന്നത്.
ആശ വര്‍ക്കര്‍മാരുടെ സമരത്തെ രണ്ടു മന്ത്രിമാര്‍ അപഹസിച്ചതായും വി ഡി സതീശന്‍. ആശ വര്‍ക്കര്‍മാര്‍ ഉന്നയിക്കുന്നത് ന്യായമായ ആവശ്യങ്ങള്‍ അല്ലെന്ന് ആര്‍ക്കും പറയാനാകില്ല. പന്ത്രണ്ടും പതിനാലും മണിക്കൂറാണ് പണിയെടുക്കുന്നത്. 21,000 രൂപ വേണമെന്ന് ആവശ്യപ്പെട്ടാണ് അവര്‍ സമരം ചെയ്യുന്നത്. മൂന്നു മാസത്തെ ഓണറേറിയവും കുടിശികയാണ്. സമരം ചെയ്യുന്നത് തെറ്റാണോ? സരമക്കാരെ പരിഹസിക്കുകയാണ്. സമരത്തെ പിന്തുണച്ചതിന് ഡോ. കെ ജി താരയും ജോസഫ് സി മാത്യുവും ഉള്‍പ്പെടെയുള്ള പൊതുപ്രവര്‍ത്തകര്‍ക്ക് പൊലീസ് നോട്ടീസ് കൊടുക്കുകയാണ്. ബദല്‍ സമരം നടത്തി സമരം ചെയ്യുന്നവരെ പരിഹസിക്കുകയാണ്. ഇത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണോ? തീവ്രവലതുപക്ഷ പാര്‍ട്ടിയാണ് കേരളം ഭരിക്കുന്നത്. മുതലാളിത്ത സ്വഭാവമാണ് ഇവര്‍ക്ക്. തീവ്ര വലതുപക്ഷ സര്‍ക്കാരുകള്‍ ഭരിക്കുന്ന സ്ഥലങ്ങളില്‍ പോലും ഇതുപോലെ സമരങ്ങളെ നേരിടുന്നില്ല. ശമ്പളം കിട്ടാത്തതിന് സമരം ചെയ്ത ട്രാന്‍സ്പോര്‍ട്ട് ജീവനക്കാര്‍ക്ക് ശമ്പളം എഴുതേണ്ടെന്ന് ഉത്തരവിട്ട സര്‍ക്കാരാണിത്. പണ്ട് സമരം ചെയ്ത് മട്ടന്നൂരില്‍ ബസ് കത്തിച്ച് നാലു പേരെ ജീവനോടെ കത്തിച്ച പാര്‍ട്ടിയാണിത്. ബസിന് തീ കൊളുത്തി സമരം ചെയ്ത സിപിഎം അധികാരത്തില്‍ ഇരിക്കുമ്പോഴാണ് തൊഴിലാളി പാര്‍ട്ടി മുതലാളി പാര്‍ട്ടിയാകുന്നത്. ഈ പാവങ്ങളെ ഇങ്ങനെ അപമാനിക്കരുതെന്നും സ്ത്രീകളല്ലേ, ഒരു ഭീഷണിയും വേണ്ട അവര്‍ക്കൊപ്പം ഞങ്ങളുണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.


