TMJ
searchnav-menu
post-thumbnail

TMJ Daily

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാര്‍ പുറത്തുവിട്ടു

19 Aug 2024   |   2 min Read
TMJ News Desk

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിട്ട് സാംസ്‌കാരിക വകുപ്പ്. റിപ്പോര്‍ട്ട് പുറത്തുവിടുന്നതിന് മുന്‍പ് പുനഃപരിശോധിക്കണമെന്ന നടി രഞ്ജിനിയുടെ ഹര്‍ജി ഹൈക്കോടതി തള്ളിയതോടെയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. 2019 ഡിസംബര്‍ 31 ന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് അഞ്ച് വര്‍ഷത്തിന് ശേഷമാണ് പുറത്തുവരുന്നത്. നടി രഞ്ജിനിയുടെ ഹര്‍ജി തള്ളിയ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സിംഗിള്‍ ബെഞ്ചിനെ സമീപിക്കാന്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ സിംഗിള്‍ ബെഞ്ചും ഹര്‍ജി തള്ളി.

233 പേജുള്ള റിപ്പോര്‍ട്ടില്‍ വ്യക്തികളെ തിരിച്ചറിയുന്ന വിവരങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട്. സിനിമാ മേഖലയില്‍ സ്ത്രീകള്‍ ചൂഷണം ചെയ്യപ്പെടുന്നുണ്ടെന്നും വിട്ടുവീഴ്ചകള്‍ ചെയ്യാന്‍ ഇവര്‍ക്ക് സമ്മര്‍ദ്ദം ഉണ്ടെന്നുമുള്ള നിര്‍ണായക വിവരങ്ങള്‍ റിപ്പോര്‍ട്ടിലുണ്ട്. തൊഴില്‍ സംബന്ധമായ സുരക്ഷിതത്വമില്ലാത്ത അവസ്ഥയെക്കുറിച്ചും റിപ്പോര്‍ട്ട് പരാമര്‍ശിക്കുന്നു. സിനിമയിലെ ഉന്നതര്‍ തന്നെയാണ് അതിക്രമം കാണിക്കുന്നതെന്ന് റിപ്പോര്‍ട്ട് പരാമര്‍ശിക്കുന്നു. അവസരം ലഭിക്കാന്‍ വിട്ടുവീഴ്ച ചെയ്യാന്‍ നിര്‍ബന്ധിക്കുന്ന സാഹചര്യം ഉണ്ടെന്നും പലരും പൊലീസിനെ സമീപിക്കാത്തത് ജീവനില്‍ ഭയക്കുന്നതുകൊണ്ടാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. സഹകരിക്കാന്‍ തയ്യാറാകുന്നവര്‍ക്കും തയ്യാറാകാത്തവര്‍ക്കും പ്രത്യേക കോഡുകള്‍ പോലുമുണ്ടെന്ന നിര്‍ണായ വിവരങ്ങള്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുന്നു. ഷൂട്ടിങ് സൈറ്റുകളില്‍ ലഹരി ഉപയോഗം വിലക്കണമെന്നും സുരക്ഷിതമായ യാത്രാ സൗകര്യവും താമസ സൗകര്യവും സ്ത്രീകള്‍ക്ക് ഇന്‍ഡസ്ട്രിയില്‍ ഉണ്ടാകണമെന്നുമുള്ള നിര്‍ദ്ദേശങ്ങള്‍ റിപ്പോര്‍ട്ട് മുന്നോട്ടുവയ്ക്കുന്നുണ്ട്.

മൊഴിനല്‍കിയവരുടെ സ്വകാര്യത വെളിപ്പെടുത്തുന്ന വിവരങ്ങള്‍ റിപ്പോര്‍ട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. 49 -ാം പേജിലെ 96-ാം പാരഗ്രാഫും 81 മുതല്‍ 100 വരെയുള്ള പേജുകളിലെ ചില ഭാഗങ്ങളും ഒഴിവാക്കി. 165 മുതല്‍ 196 വരെയുള്ള പേജുകളിലെ ചില പാരഗ്രാഫുകളും വെളിപ്പെടുത്തിയിട്ടില്ല. 

വ്യക്തിപരമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കി റിപ്പോര്‍ട്ട് പുറത്തുവിടാന്‍ വിവരാവകാശ കമ്മീഷന്‍ നിര്‍ദ്ദേശിച്ചിരുന്നു. സ്വകാര്യത മാനിച്ച് റിപ്പോര്‍ട്ട് പുറത്തുവിടാമെന്ന് ഹര്‍ജി പരിഗണിക്കവെ കോടതിയും വ്യക്തമാക്കിയിരുന്നു. 49ാം പേജിലെ 96 -ാം ഖണ്ഡികയും 81 മുതല്‍ 100 വരെയുള്ള പേജുകളും 165 മുതല്‍ 196 വരെയുള്ള ഭാഗങ്ങളും അനുബന്ധവും പുറത്തുവിടരുതെന്നും ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. 

ഹേമ കമ്മീഷന്‍

2017 ല്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷമാണ് സിനിമാ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പഠിക്കാന്‍ ഹേമ കമ്മീഷനെ സര്‍ക്കാര്‍ നിയോഗിക്കുന്നത്. ജസ്റ്റിസ് കെ ഹേമ അധ്യക്ഷയായ കമ്മീഷനില്‍ മുന്‍ ഐഎഎസ് ഉദ്യോഗസ്ഥ കെബി വത്സല കുമാരി, നടി ശാരദ എന്നിവരും അടങ്ങിയിരുന്നു. അഭിനേതാക്കള്‍, നിര്‍മ്മാതാക്കള്‍, സംവിധായകര്‍, സാങ്കേതിക വിദഗ്ദര്‍ തുടങ്ങി ചലച്ചിത്ര രംഗത്തുനിന്നുള്ള നിരവധിപേരുമായി ഇതിന്റെ ഭാഗമായി ഹേമ കമ്മീഷന്‍ അഭിമുഖം നടത്തിയതായാണ് റിപ്പോര്‍ട്ട്. 

നടിയുടെ ഹര്‍ജി

ഹേമ കമ്മിറ്റിയുടെ അന്വേഷണത്തില്‍ മൊഴി നല്‍കിയവരില്‍ ഒരാളാണ് നടി രഞ്ജിനി. റിപ്പോര്‍ട്ടില്‍ തന്റെ മൊഴി രേഖപ്പെടുത്തിയതെങ്ങനെയാണെന്നറിയാനും അതിന്റെ രഹസ്യ സ്വഭാവം സൂക്ഷിച്ചിട്ടുണ്ടോ എന്നറിയാനുമുള്ള അവകാശം ഉണ്ടെന്നും നടി കോടതിയില്‍ പറഞ്ഞിരുന്നു. ജസ്റ്റിസുമാരായ എ മുഹമ്മദ് മുസ്താഖ്, എസ് മനു എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. റിപ്പോര്‍ട്ട് പുറത്തുവിടരുതെന്നതല്ല തന്റെ ആവശ്യമെന്നും റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് നല്‍കണമെന്നതാണ് ആവശ്യപ്പെട്ടതെന്നും നടി പ്രതികരിച്ചിരുന്നു. റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാമെന്ന് ഓഗസ്റ്റ് 13 ന് കോടതി ഉത്തരവിട്ടതിനെ തുടര്‍ന്നാണ് നടി രഞ്ജിനി ഹര്‍ജി നല്‍കിയത്.


#Daily
Leave a comment