PHOTO: FACEBOOK
മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ അധിക ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കും
മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ ചിന്നക്കനാല്‍ സൂര്യനെല്ലിയിലെ റിസോര്‍ട്ടിനോടു ചേര്‍ന്നുള്ള 50 സെന്റ് പുറമ്പോക്ക് ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കും. കയ്യേറ്റം ചൂണ്ടിക്കാണിച്ച് ഉടുമ്പന്‍ചോല ലാന്‍ഡ് റവന്യു തഹസില്‍ദാര്‍ ഇടുക്കി കളക്ടര്‍ക്കു റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മിച്ചഭൂമി ഏറ്റെടുക്കാന്‍ കളക്ടര്‍ അനുമതി നല്‍കിയത്. എംഎല്‍എ സര്‍ക്കാര്‍ ഭൂമി കയ്യേറിയെന്ന വിജിലന്‍സ് കണ്ടെത്തല്‍ റവന്യു വിഭാഗം ശരിവച്ചിരുന്നു. മാത്യുവിന്റെ മൊഴിയെടുത്ത ശേഷണാണ് വിജിലന്‍സ് ഇക്കാര്യം വ്യക്തമാക്കിയത്. ഇത് സ്ഥിരീകരിക്കുന്നതിന് വേണ്ടി വിജിലന്‍സ് സര്‍വേ വിഭാഗത്തിന്റെ സഹായത്തോടെ സ്ഥലം അളന്നിരുന്നു. ഈ സര്‍വേയിലാണ് അധിക ഭൂമി കൈവശമുണ്ടെന്ന് കണ്ടെത്തിയത്.
മൂന്ന് ആധാരങ്ങളിലായി ഒരേക്കര്‍ 23 സെന്റ് ഭൂമിയാണ് മാത്യു കുഴല്‍നാടന്റെ പേരിലുള്ളത്. അധികമായി കൈവശം വച്ചിരിക്കുന്ന സ്ഥലത്തിന്റെ കാര്യത്തില്‍ എന്ത് നടപടി സ്വീകരിക്കണമെന്ന് നിര്‍ദ്ദേശിക്കണമെന്നാവശ്യപ്പെട്ടായിരുന്നു തഹസില്‍ദാര്‍ ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നത്. സ്ഥലം തിരികെ പിടിക്കാന്‍ ശുപാര്‍ശ നല്‍കുമെന്ന് വിജിലന്‍സും വ്യക്തമാക്കിയിരുന്നു. കേസില്‍ വിജിലന്‍സ് അഞ്ച് റവന്യു ഉദ്യോഗസ്ഥരുടെ മൊഴി അടുത്ത ദിവസം രേഖപ്പെടുത്തും. തുടര്‍ന്ന് നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുക്കണോയെന്ന് തീരുമാനിക്കുക.
രജിസ്റ്റര്‍ ചെയ്തതിലെ ക്രമക്കേട്
3 വര്‍ഷം മുന്‍പാണ് കുഴല്‍നാടനും 2 സുഹൃത്തുക്കളും ചേര്‍ന്ന് സൂര്യനെല്ലിയില്‍ കപ്പിത്താന്‍ റിസോര്‍ട്ട് വാങ്ങിയത്. ഒരേക്കര്‍ 14 സെന്റ് ഭൂമിയും കെട്ടിടങ്ങളുമാണു വാങ്ങിയത്. 4,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഒരു കെട്ടിടവും 850 ചതുരശ്ര അടി വിസ്തീര്‍ണമുള്ള 2 കെട്ടിടങ്ങളുമാണ് ഇവിടെയുള്ളത്. ഭൂപതിവു നിയമങ്ങള്‍ ലംഘിച്ചാണു റിസോര്‍ട്ട് പ്രവര്‍ത്തിക്കുന്നതെന്നാരോപിച്ച് കഴിഞ്ഞ ഓഗസ്റ്റില്‍ സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി രംഗത്തുവന്നിരുന്നു. പിന്നാലെ, സ്ഥലവും കെട്ടിടവും വില്‍പന നടത്തിയതിലും രജിസ്റ്റര്‍ ചെയ്തതിലും ക്രമക്കേടുണ്ടെന്നാരോപിച്ച് സെപ്തംബറില്‍ സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണത്തിനു ശുപാര്‍ശ ചെയ്യുകയായിരുന്നു.