PHOTO: FACEBOOK
നയപ്രഖ്യാപനം പൂര്‍ത്തിയാക്കാതെ ഗവര്‍ണര്‍
കേരള നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന് തുടക്കം കുറിച്ച് ഗവര്‍ണര്‍ നടത്തിയ നയപ്രഖ്യാപന പ്രസംഗത്തിന്റെ ദൈര്‍ഘ്യം 1 മിനുട്ട് 17 സെക്കന്റ്. നയപ്രഖ്യാപന പ്രസംഗം വെട്ടിച്ചുരുക്കി വായിച്ച് സംസ്ഥാന സര്‍ക്കാരുമായുള്ള അഭിപ്രായ വ്യത്യാസം തുറന്ന് പ്രകടിപ്പിച്ചിരിക്കുകയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സഭയെ അഭിസംബോധന ചെയ്ത് നയപ്രഖ്യാപനത്തിന്റെ അവസാന പാരഗ്രാഫും വായിച്ച് തന്റെ കടമ നിറവേറ്റുകയായിരുന്നു ഗവര്‍ണര്‍.
ഗവര്‍ണര്‍ തന്റെ ഏഴാമത്തെ നയപ്രഖ്യാപന പ്രസംഗമാണ് സഭയില്‍ ഇന്ന് വായിച്ചത്. രാജ്ഭവനില്‍ നിന്ന് നയപ്രഖ്യാപന പ്രസംഗത്തിനായി നിയമസഭയിലെത്തിയ ഗവര്‍ണറെ മുഖ്യമന്ത്രിയും സ്പീക്കറും ചേര്‍ന്ന് പൂച്ചെണ്ടുകള്‍ നല്‍കി സ്വീകരിക്കുകയായിരുന്നു.
നവകേരള സദസിന് പ്രശംസ
ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തില്‍ നവകേരള സദസിനെ പ്രശംസിക്കുകയും, സദസ് സര്‍ക്കാരിലുള്ള അചഞ്ചലമായ വിശ്വാസത്തെ ഊട്ടിയുറപ്പിച്ചതായും പ്രതിപാദിച്ചു. കേന്ദ്ര സര്‍ക്കാര്‍ സാമ്പത്തിക സഹായങ്ങള്‍ തടഞ്ഞ് വയ്ക്കുന്നതായും ഗവര്‍ണറുടെ നയപ്രഖ്യാപനത്തില്‍ ഉള്‍പ്പെട്ടിരുന്നു.
പതിനഞ്ചാം കേരള നിയമസഭയുടെ പത്താം സമ്മേളനം
പതിനഞ്ചാം കേരളനിയമസഭയുടെ പത്താം സമ്മേളനം ജനുവരി 25 മുതല്‍ മാര്‍ച്ച് 27 വരെയാണ് നടക്കുക. ഫെബ്രുവരി 6 മുതല്‍ 11 വരെയും ഫെബ്രുവരി 15 മുതല്‍ 25 വരെയും നിയമസഭ അവധിയായിരിക്കും. 32 ദിവസമാണ് നിയമസഭ നീണ്ടുനില്‍ക്കുക. ഫെബ്രുവരി അഞ്ചിന് ബജറ്റ് അവതരിപ്പിക്കുകയും ചെയ്യും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ബജറ്റിന് മേലുള്ള ചര്‍ച്ചയും വോട്ടെടുപ്പുമായിരിക്കും സഭയിലുണ്ടാവുക. മാര്‍ച്ച് 26 ന് ധനവിനിയോഗങ്ങള്‍ പാസാക്കുകയും ചെയ്യും.