
ഗവര്‍ണര്‍ക്ക് ആര്‍എസ്എസ് ആണോ ഭരണഘടനയാണോ വലുതെന്ന് വ്യക്തമാക്കണം: ബിനോയ് വിശ്വം
സംസ്ഥാന ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ക്ക് ആര്‍എസ്എസ് ആണോ ഭരണഘടനയാണോ വലുതെന്ന് വ്യക്തമാക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആവശ്യപ്പെട്ടു. രാജ് ഭവനില്‍ ആസൂത്രണം ചെയ്ത പരിസ്ഥിതി ദിന പരിപാടിയില്‍ ആര്‍എസ്എസിന്റെ ഭാരതാംബയുടെ ചിത്രം ഉപയോഗിച്ചതിനെ തുടര്‍ന്ന് കൃഷിവകുപ്പ് പിന്‍മാറിയ വിഷയത്തില്‍ പ്രതികരിക്കുകയായിരുന്നു ബിനോയ് വിശ്വം.
രാജ്ഭവനിലെ ആര്‍എസ്എസ് ഭാരതാംബയുടെ ചിത്രം മാറ്റില്ലെന്ന ഗവര്‍ണറുടെ കടുംപിടിത്തം ഭരണഘടനാവിരുദ്ധമാണെന്നും അദ്ദേഹം ആ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെങ്കില്‍ അത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.
ഭാരതമാതാവിന് ആര്‍എസ്എസ് കല്‍പ്പിക്കുന്ന മുഖഛായ വേണമെന്നുള്ള പിടിവാശി അംഗീകരിക്കാനാകില്ലെന്ന് ബിനോയ് പറഞ്ഞു. ശാഖയില്‍ ഉയര്‍ത്തുന്ന കൊടി ഭാരതമാതാവ് പിടിക്കണമെന്നും സിംഹാസനം സിംഹമാകണമെന്നുമുള്ളതും അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്ഭവനെ ബിജെപിയുടെ ക്യാമ്പ് ഓഫീസാക്കി മാറ്റരുതെന്നും ഭരണഘടനാ മൂല്യങ്ങളെ തള്ളിക്കളയുന്ന നിലപാടിനോട് ഒരു ഇന്ത്യാക്കാരനും യോജിക്കാനാകില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി പറഞ്ഞു.


