PHOTO | WIKI COMMONS
പാക്കിസ്ഥാനില്‍ ഇന്ത്യ കൊലപാതകങ്ങള്‍ നടത്തിയതായി ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട്; നിഷേധിച്ച് വിദേശകാര്യമന്ത്രാലയം
ഭീകരരെ ഉന്മൂലനം ചെയ്യുക എന്ന ലക്ഷ്യത്തോടെ പാക്കിസ്ഥാനില്‍ ഇന്ത്യ കൊലപാതകങ്ങള്‍ നടത്തിയെന്ന യുകെ ദിനപത്രം ദി ഗാര്‍ഡിയന്റെ റിപ്പോര്‍ട്ട് നിഷേധിച്ച് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം. റിപ്പോര്‍ട്ടിന് പിന്നില്‍ ദുരുദ്ദേശമുണ്ടെന്നും ഇന്ത്യാ വിരുദ്ധ പ്രചരണമാണിതെന്നും മന്ത്രാലയം പ്രതികരിച്ചു. മറ്റ് രാജ്യങ്ങളെ ലക്ഷ്യംവച്ചുള്ള കൊലപാതകങ്ങള്‍ ഇന്ത്യന്‍ സര്‍ക്കാരിന്റെ നയമല്ലെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ പറഞ്ഞു.
ഇന്ത്യയോട് ശത്രുതയുള്ളവരെ ലക്ഷ്യംവച്ചുള്ള നയമാണ് ഇന്ത്യ നടപ്പിലാക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. 2019 ലെ പുല്‍വാമ ആക്രമണത്തിന് ശേഷം ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ റോ ഇത്തരത്തില്‍ 20 കൊലപാതകങ്ങള്‍ നടത്തിയിട്ടുണ്ടെന്നും പാകിസ്ഥാന്‍ നല്‍കിയ തെളിവുകളും അതിര്‍ത്തികളിലെ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുമായി നടത്തിയ അഭിമുഖവും ഇത് വ്യക്തമാക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇസ്രയേല്‍ രഹസ്യാന്വേഷണ ഏജന്‍സിയായ മൊസാദില്‍ നിന്നും റഷ്യയുടെ കെജിബി യില്‍ നിന്നും ഇന്ത്യ പ്രചോദനം ഉള്‍ക്കൊണ്ടിട്ടുണ്ടെന്ന് പേര് വെളിപ്പെടുത്താത്ത ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞതായും റിപ്പോര്‍ട്ടിലുണ്ട്. ചില കൊലപാതകങ്ങളെക്കുറിച്ചുള്ള രേഖകകള്‍ പാകിസ്ഥാന്‍ അധികൃതര്‍ ഹാജരാക്കിയതായും യുഎഇ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ സ്ലീപ്പര്‍ സെല്ലുകളാണ് കൊലപാതകങ്ങള്‍ക്ക് പിന്നിലെന്ന് പാകിസ്ഥാന്‍ വെളിപ്പെടുത്തിയതായും ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.