
ആപ്പിള്‍ മാപ്‌സിലും മെക്‌സിക്കന്‍ ഉള്‍ക്കടല്‍ ഇനി അമേരിക്കന്‍ ഉള്‍ക്കടല്‍
ആപ്പിള്‍ മെക്‌സിക്കന്‍ ഉള്‍ക്കടലിന്റെ പേര് അമേരിക്കന്‍ ഉള്‍ക്കടല്‍ എന്നാക്കി മാറ്റി. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് യുഎസ് ജോഗ്രഫിക് നെയിംസ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം (ജിഎന്‍ഐഎസ്) ഔദ്യോഗികമായി തിരുത്തിയതിനെ തുടര്‍ന്നാണ് ആപ്പിള്‍ മാപ്‌സില്‍ മാറ്റം വരുത്തിയത്.
ഗൂഗിള്‍ മാപ്‌സ് കഴിഞ്ഞ മാസം തന്നെ മെക്‌സിക്കന്‍ ഉള്‍ക്കടലിനെ അമേരിക്കന്‍ ഉള്‍ക്കടല്‍ എന്നാക്കിയിരുന്നു. ഔദ്യോഗികമായി പേര് മാറ്റിയാല്‍ ആപ്പിള്‍ മാപ്‌സിലും ഉള്‍ക്കടലിന്റെ പേര് മാറ്റുമെന്ന് നേരത്തെ കമ്പനി പറഞ്ഞിരുന്നു.
നിലവില്‍ അമേരിക്കന്‍ ഉപയോക്താക്കള്‍ക്കാണ് ആപ്പിള്‍ മാപ്‌സിലെ പേര് മാറ്റം കാണാന്‍ സാധിക്കുക. ഭാവിയില്‍ അന്താരാഷ്ട്ര ഉപയോക്താക്കള്‍ക്കും ഇത് കാണാനാകും.
അതേസമയം, ഗൂഗിള്‍ മാപ്‌സില്‍ മെക്‌സിക്കോയിലെ ജനങ്ങള്‍ മെക്‌സിക്കന്‍ ഉള്‍ക്കടല്‍ എന്നാണ് കാണിക്കുന്നത്. അമേരിക്കക്കാര്‍ അമേരിക്കന്‍ ഉള്‍ക്കടല്‍ എന്നും കാണുന്നു.
ഞായറാഴ്ച്ചയാണ് യുഎസ് ജിഎന്‍ഐഎസ് ഔദ്യോഗികമായി പേര് മാറ്റം അപ്‌ഡേറ്റ് ചെയ്തത്. സമാനമായി, മൈക്രോസോഫ്റ്റും ബിങ് മാപ്‌സില്‍ പേര് മാറ്റിയിട്ടുണ്ട്.
ട്രംപ് യുഎസ് പ്രസിഡന്റായി അധികാരമേറ്റശേഷമാണ് തെക്കന്‍ യുഎസ്, മെക്‌സിക്കോ, ക്യൂബ എന്നീ പ്രദേശങ്ങള്‍ അതിരിടുന്ന ഉള്‍ക്കടലിന്റെ പേര് മെക്‌സിക്കന്‍ ഉള്‍ക്കടല്‍ എന്നതിന് പകരം അമേരിക്കന്‍ ഉള്‍ക്കടല്‍ എന്നാക്കുമെന്ന് പ്രഖ്യാപിച്ചത്.