ഹേമാകമ്മിറ്റി റിപ്പോര്‍ട്ടില്‍ എന്ത് നടപടിയെടുക്കുമെന്ന് സര്‍ക്കാര്‍ അറിയിക്കണമെന്ന് ഹൈക്കോടതി
ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടില്‍ എന്ത് നടപടിയെടുക്കുമെന്ന് സര്‍ക്കാര്‍ അറിയിക്കണമെന്ന് ഹൈക്കോടതി. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ഫയലില്‍ സ്വീകരിച്ചുകൊണ്ടാണ് ഹൈക്കോടതി ഉത്തരവ്. സിനിമാ മേഖലയില്‍ സത്രീകള്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം മുദ്രവച്ച കവറില്‍ ഹാജരാക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. ആക്ടിങ് ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. സെപ്റ്റംബര്‍ 10 ന് കോടതിയില്‍ റിപ്പോര്‍ട്ട് ഹാജരാക്കണമെന്ന് കോടതി പറഞ്ഞു.
പരിമിതികള്‍ഉണ്ടെന്ന് സര്‍ക്കാര്‍
കേസെടുക്കാന്‍ പരിമിതികളുണ്ടെന്നാണ് സര്‍ക്കാരിന്റെ പ്രതികരണം. കമ്മീഷന് മുന്‍പാകെ മൊഴി നല്‍കിയവര്‍ പരാതി നല്‍കാത്തതാണ് കേസെടുക്കാനുള്ള തടസ്സമെന്ന് സര്‍ക്കാരിന് വേണ്ടി ഹാജരായ അഡ്വക്കറ്റ് ഡനറല്‍ പറഞ്ഞു. സ്വകാര്യത ഉറപ്പുവരുത്തണമെന്ന ഉറപ്പിലാണ് മൊഴിനല്‍കിയിരിക്കുന്നതെന്നും സര്‍ക്കാര്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ മൊഴി നല്‍കിയവരുടെ സ്വകാര്യത സംരക്ഷിച്ചുകൊണ്ട് റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ച ഗുരുതര കുറ്റങ്ങളില്‍ എന്ത് നടപടി സ്വീകരിക്കാന്‍ സാധിക്കുമെന്ന് സര്‍ക്കാര്‍ അറിയിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. നടപടിയെടുത്തില്ലെങ്കില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതില്‍ കാര്യമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.