TMJ
searchnav-menu
post-thumbnail

TMJ Daily

ഉമാ തോമസ് എംഎല്‍എയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടുവെന്ന് മന്ത്രി പി രാജീവ്

30 Dec 2024   |   2 min Read
TMJ News Desk

ന്നലെ കലൂര്‍ സ്റ്റേഡിയത്തിലെ വേദിയില്‍ നിന്നും 14 അടി താഴേക്ക് പതിച്ച് ഗുരുതരമായി പരിക്കേറ്റ ഉമാ തോമസ് എംഎല്‍എയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു എന്ന് മന്ത്രി പി രാജീവും പ്രതിപക്ഷ നേതാവ് വി ഡി സതീശനും അറിയിച്ചു. എംഎല്‍എയെ വെന്റിലേറ്ററില്‍ നിന്ന് ഐസിയുവിലേക്ക് മാറ്റിയെന്നും വിദഗ്ധ ചികിത്സയാണ് നല്‍കുന്നതെന്നും ശുഭകരമായ വാര്‍ത്ത ഉടന്‍ പ്രതീക്ഷിക്കുന്നുവെന്നും ഇരുവരും പറഞ്ഞു. അപകടനില തരണം ചെയ്തു എന്ന് പറയാനായിട്ടില്ലെങ്കിലും അതീവ ഗുരുതരാവസ്ഥയിലല്ല.

ഉമാ തോമസിന്റെ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്നുള്ള പ്രത്യേക മെഡിക്കല്‍ സംഘം എറണാകുളത്ത് എംഎല്‍എ ചികിത്സയില്‍ കഴിയുന്ന സ്വകാര്യ ആശുപത്രിയില്‍ എത്തി. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഘം എത്തിയത്. ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ പ്രത്യേക നിര്‍ദേശത്തെ തുടര്‍ന്ന് ഡയറക്ടര്‍ ഓഫ് മെഡിക്കല്‍ എജ്യുക്കേഷനാണ് വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരെ നിയോഗിച്ചത്.

കോട്ടയം മെഡിക്കല്‍ കോളജ് സൂപ്രണ്ടും ഹൃദ്രോഗ വിദഗ്ധനുമായ ഡോ.ടി.കെ.ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍ ഡെപ്യൂട്ടി സൂപ്രണ്ടും അനസ്തേഷ്യ ആന്‍ഡ് ക്രിട്ടിക്കല്‍ കെയര്‍ സ്പെഷലിസ്റ്റുമായ ഡോ.ആര്‍.രതീഷ് കുമാര്‍, ഡോ.ഫിലിപ് ഐസക്, ഡോ.പി.ജി.അനീഷ് എന്നിവരാണുള്ളത്.

അതേസമയം, ഉമാ തോമസ് എംഎല്‍എ താഴേക്ക് പതിച്ച് ഗുരുതര പരിക്കേല്‍ക്കാന്‍ ഇടയാക്കിയ സംഭവത്തില്‍ സംഘാടകരായ മൃദംഗമിഷനെതിരെയും സ്റ്റേജ് നിര്‍മാണ കരാറുകാര്‍ക്കെതിരെയും പൊലീസ് കേസെടുത്തു. സ്റ്റേജ് നിര്‍മാണത്തിലെ അപാകത ചൂണ്ടിക്കാണിച്ചാണ് പാലാരിവട്ടം പൊലീസ് കേസെടുത്ത് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ജീവന് ഭീഷണി ഉണ്ടാകുംവിധം അപകടകരമായി സ്റ്റേജ് നിര്‍മ്മിച്ചതിനും പൊതു സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കുന്നതില്‍ വീഴ്ച്ച വരുത്തിയതിനും കേസുണ്ട്. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് നൃത്തപരിപാടി സംഘടിപ്പിച്ചതെന്ന് എഫ്ഐആറില്‍ പറയുന്നു.

എംഎല്‍എ പങ്കെടുത്ത മൃദംഗനാഥം പരിപാടിയുടെ സംഘാടര്‍ക്കെതിരെ ജിസിഡിഎ അന്വേഷണം പ്രഖ്യാപിച്ചു. സ്റ്റേഡിയത്തിന് സുരക്ഷാ വീഴ്ച്ചയില്ലെന്നും പരിപാടിക്കായി നിര്‍മ്മിച്ച സ്റ്റേജിന് സ്റ്റേബിള്‍ ആയ ബാരിക്കേഡ് ഇല്ലായിരുന്നുവെന്നും ഇതാണ് അപകടത്തിന് കാരണമായതെന്നും ജിസിഡിഎ ചെയര്‍മാന്‍ കെ ചന്ദ്രന്‍പിള്ള പറഞ്ഞു.

പരിപാടിയുടെ എല്ലാ സുരക്ഷാ കാര്യങ്ങളും സംഘാടകര്‍ ചെയ്യണമെന്ന് കരാറുണ്ടായിരുന്നു. എന്നാല്‍ അവര്‍ പാലിച്ചില്ലെന്നും അതിനാല്‍ ഈ വീഴ്ച്ച പൊലീസ് അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിഐപി ഗ്യാലറിയില്‍ ഉദ്ഘാടന പരിപാടി നടത്താനാണ് അനുമതി നല്‍കിയതെന്നും സ്റ്റേജ് നിര്‍മ്മിക്കാന്‍ അനുമതി നല്‍കിയിരുന്നില്ലെന്നും ചന്ദ്രന്‍പിള്ള പറഞ്ഞു.

അപകടം നടന്ന ഇന്നലെ രാത്രി തന്നെ സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘം അപകട സ്ഥലം പരിശോധിച്ചിരുന്നു. പതിനൊന്ന് അടി ഉയരത്തിലാണ് ഗാലറി ക്രമീകരിച്ചിരുന്നത്. 55 അടി നീളമുള്ള സ്റ്റേജില്‍ എട്ടടി വീതിയിലാണ് കസേരകള്‍ ഇടാന്‍ സ്ഥലമൊരുക്കിയത്. ദുര്‍ബലമായ ക്യൂ ബാരിയേര്‍ഡ് ഉപയോഗിച്ചായിരുന്നു മുകളില്‍ കൈവരി ഒരുക്കിയിരുന്നത്. ഇത് സംബന്ധിച്ച് പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നാലെ ഡിജിപിയുടെ ചുമതലയുള്ള എഡിജിപി മനോജ് എബ്രഹാം കൊച്ചി പൊലീസ് കമ്മീഷണര്‍ക്ക് കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു.

അതേസമയം, ഉമ തോമസിന്റെ അപകട വാര്‍ത്തകള്‍ക്ക് താഴെ പരിഹാസ, അധിക്ഷേപ കമന്റുകളിട്ട സിപിഐഎം പ്രവര്‍ത്തകരെ വിമര്‍ശിച്ച് പാര്‍ട്ടി മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരി രംഗത്തെത്തി.

ശ്രീമതി ഉമ തോമസിന് ഒരു അപകടം സംഭവിച്ചിരിക്കുന്നു, നാളെ എനിക്കോ നിങ്ങള്‍ക്കോ സംഭവിക്കാവുന്ന ഒന്ന്. അങ്ങനെയുള്ള അവസരങ്ങളില്‍ അവരുടെ മുന്‍ അഭിപ്രായപ്രകടനങ്ങള്‍ എടുത്തുവെച്ച് ചര്‍ച്ചചെയ്യുക എന്നുള്ളത് ആധുനിക സമൂഹത്തിലെ മനുഷ്യര്‍ക്ക് യോജിക്കാത്തതാണ്. അഭിപ്രായവ്യത്യാസങ്ങള്‍ നിലനിര്‍ത്തികൊണ്ട് തന്നെ ഇത്തരം അവസരങ്ങളില്‍ കൂടെ നില്‍ക്കുക എന്നതാണ് പുരോഗമന രാഷ്രീയത്തിന്റെ വക്താക്കള്‍ ചെയ്യേണ്ടുന്നത്. എത്രയും പെട്ടെന്ന് ആരോഗ്യവതിയായി അവര്‍ അവരുടെ കര്‍മമണ്ഡലത്തില്‍ വ്യാപൃതയാവട്ടെ,' എന്ന് ബിനീഷ് പ്രതികരിച്ചു.





#Daily
Leave a comment