Representational Image
കേരളത്തിൽ മഴക്കാല രോഗങ്ങൾ കൂടുന്നു; ജാഗ്രതാ നിർദേശം നല്കി ആരോഗ്യവകുപ്പ്
മഴക്കാലമെത്തിയതോടെ സംസ്ഥാനത്ത് ഡെങ്കിപ്പനി കേസുകൾ വീണ്ടും കൂടി. ഇതിനുപുറമെ വൈറൽ പനിയും എലിപ്പനിയും വ്യാപകമായിട്ടുണ്ട്. 30,000ത്തിലേറെ പേരാണ് കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ പനി ബാധിച്ച് ചികിത്സ തേടിയത്. സ്വകാര്യ ആശുപത്രികളിൽ പനി ബാധിച്ച് ചികിത്സ തേടുന്നവരുടെ കണക്ക് കൂടിയാവുമ്പോൾ പനി ബാധിച്ചവരുടെ എണ്ണം മൂന്നിരട്ടിയാവും. 35,000 ത്തോളം പേരാണ് കഴിഞ്ഞ മൂന്ന് ദിവസമായി വൈറൽ പനി ബാധിച്ച് ചികിത്സക്കെത്തിയത്.
ഈ മാസം ഇതുവരെ 2,800 പേരാണ് ഡെങ്കിപ്പനി ലക്ഷണങ്ങളുമായി സർക്കാർ ആശുപത്രികളിലെത്തിയത്. 877 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഈ വർഷം ഇതുവരെ 2,566 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഏഴുപേർ മരിച്ചു. 500 പേർക്ക് എലിപ്പനി ബാധിച്ചതിൽ 27 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. എറണാകുളത്ത് വ്യാപകമായി പനി പടർന്നു പിടിക്കുന്ന സാഹചര്യമാണ്. 33 പേർക്കാണ് എറണാകുളത്ത് മാത്രം ഡെങ്കിപ്പനി ബാധ സ്ഥിരീകരിച്ചത്. പകർച്ചപ്പനി പടരുന്ന സാഹചര്യത്തിൽ നിരീക്ഷണം ശക്തിപ്പെടുത്താൻ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.
നിർദേശങ്ങൾ നല്കി ആരോഗ്യ വകുപ്പ്
കുട്ടികളിൽ ബാധിക്കുന്ന മുണ്ടിനീര് ഒരാൾക്ക് സ്ഥിരീകരിച്ചു. അതേസമയം, സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തിൽ ഡെങ്കിപ്പനിക്കെതിരെ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് നിർദേശിച്ചു. ഡെങ്കിപ്പനി മുൻകരുതലുകൾ എടുക്കണം, എറണാകുളം, തിരുവനന്തപുരം ഉൾപ്പടെയുള്ള ജില്ലകളിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. മഴക്കാല ശുചീകരണ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേർന്നിരുന്നു.
ഇതുകൂടാതെ, തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തിലുള്ള പ്രവർത്തനങ്ങളും ആരോഗ്യ ജാഗ്രതാ കലണ്ടർ പ്രകാരമുള്ള ആരോഗ്യ വകുപ്പിന്റെ പ്രവർത്തനങ്ങളും നടന്നു വരുന്നതായും മന്ത്രി അറിയിച്ചു. കൊതുക് നശീകരണ പ്രവർത്തനങ്ങൾക്കും പ്രാധാന്യം നൽകണം. വീടിന്റെ പുറത്തും അകത്തും ചെറുതും വലുതുമായ ഇടങ്ങളിൽ വെള്ളം കെട്ടി നിൽക്കാതെ നോക്കണം. അലക്ഷ്യമായി വലിച്ചെറിയുന്ന പ്ളാസ്റ്റിക്, ചിരട്ട മുതലായവയിൽ വെള്ളം കെട്ടി നിന്ന് കൊതുക് വളരാം. വീടിനകത്തെ ചെടികൾ വെക്കുന്ന ട്രേ കൊതുകിന്റെ ഉറവിടം ആവാറുണ്ട്. അതിനാൽ ചെടി ചട്ടികളിലേയും ഫ്രിഡ്ജിലേയും ട്രേയിലെ വെള്ളം ആഴ്ച തോറും മാറ്റാനും മന്ത്രി നിർദ്ദേശം നൽകി. നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലങ്ങൾ, ആശുപത്രികൾ, ഹോസ്റ്റലുകൾ കൃത്യമായി ശുചീകരിക്കണം. അതിഥി തൊഴിലാളികളുടെ താമസ സ്ഥലങ്ങളും പ്രത്യേകം ശ്രദ്ധിക്കണം. പനി ബാധിച്ചാൽ സ്വയം ചികിൽസ പാടില്ല. നീണ്ടുനിൽക്കുന്ന പനി ശ്രദ്ധിക്കണം. പനി ബാധിച്ചാൽ മറ്റു പകർച്ചപ്പനികൾ അല്ലെന്ന് ഉറപ്പ് വരുത്തണമെന്നും മന്ത്രി അറിയിച്ചു.
ആശുപത്രികളിൽ മതിയായ ഡോക്ടർമാർ ഉൾപ്പെടെയുള്ള ജീവനക്കാർ ഉണ്ടായിരിക്കണമെന്നും മെഡിക്കൽ കോളേജുകൾ ഉൾപ്പെടെ എല്ലാ ആശുപത്രികളും മരുന്നിന്റേയും സുരക്ഷാ ഉപകരണങ്ങളുടേയും ടെസ്റ്റ് കിറ്റുകളുടേയും ലഭ്യത ഉറപ്പാക്കണമെന്നും ഡോക്സിസൈക്ലിൻ, ഒ.ആർ.എസ്. എന്നിവ അധികമായി കരുതണമെന്നും മന്ത്രി നിർദ്ദേശം നൽകി. മരുന്ന് സ്റ്റോക്ക് ഇടയ്ക്കിടയ്ക്ക് വിലയിരുത്തി മുൻകൂട്ടി ബന്ധപ്പെട്ടവരെ അറിയിച്ച് മരുന്ന് ലഭ്യത ഉറപ്പാക്കണംമെന്നും നിർദ്ദേശമുണ്ട്.
എലിപ്പനി; മരണം 4 ആയി
പത്തനംതിട്ടയിൽ രണ്ട് എലിപ്പനി മരണങ്ങൾ കൂടി സ്ഥിരീകരിച്ചു. തൊഴിലുറപ്പ് തൊഴിലാളിയായ കൊടുമൺചിറ സ്വദേശി സുജാത(50) ആണ് മരിച്ചത്. പനി ബാധിച്ച് മൂന്ന് ദിവസമായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കൊടുമണ്ണിൽ വ്യാഴാഴ്ച മരിച്ച മണി (57) യുടേതും എലിപ്പനി മരണം ആണെന്ന് സ്ഥിരീകരിച്ചു. ഇന്നലെ അടൂർ പെരിങ്ങനാട് സ്വദേശി രാജനും എലിപ്പനി ബാധിച്ച് മരിച്ചിരുന്നു. ഒരാഴ്ച്ചയ്ക്കിടെ ഒരു വയസുകാരി ഉൾപ്പടെ നാലു പേരാണ് പത്തനംതിട്ട ജില്ലയിൽ പനി ബാധിച്ച് മരിച്ചത്.