TMJ
searchnav-menu
post-thumbnail

TMJ Daily

ചൂട് ഉയരുന്നു; ജാഗ്രതാ നിര്‍ദ്ദേശം നല്‍കി ആരോഗ്യവകുപ്പ്

29 Jan 2025   |   2 min Read
TMJ News Desk

സംസ്ഥാനത്ത് കനത്ത ചൂട് റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. താപനില ഉയരുന്നത് മൂലമുള്ള ശാരീരിക ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ സ്വയം പ്രതിരോധം വളരെ പ്രധാനമാണ്. രാവിലെ 11 മണി മുതല്‍ വൈകുന്നേരം 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം.

കുഞ്ഞുങ്ങള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, ഗുരുതര രോഗങ്ങളുള്ളവര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണം. ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകും. നേരിട്ട് വെയിലേല്‍ക്കുന്ന ജോലി ചെയ്യുന്നവര്‍ ജോലി സമയം ക്രമീകരിക്കണം.

ശരീരത്തിലെ ജല നഷ്ടത്തിലൂടെ നിര്‍ജലീകരണം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കുകയെന്നതാണ് പ്രധാന പ്രതിരോധ മാര്‍ഗം. ശാരീരിക അസ്വസ്ഥകളോ ബുദ്ധിമുട്ടുകളോ ഉണ്ടായാല്‍ ഉടന്‍ ചികിത്സ തേടണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

തുടര്‍ച്ചയായി വെയിലേറ്റാല്‍ സൂര്യാഘാതമോ, സൂര്യാതപമോ ഉണ്ടാകാനിടയുണ്ട്. വളരെ ഉയര്‍ന്ന ശരീര താപനില, വേഗത്തിലുള്ള ഹൃദയമിടിപ്പ്, വറ്റിവരണ്ട ചുവന്ന ചര്‍മ്മം, ശക്തമായ തലവേദന, തലകറക്കം, ഓക്കാനം, ബോധക്ഷയം, കഠിനമായ ക്ഷീണം എന്നിവ തോന്നിയാല്‍ ശ്രദ്ധിക്കണം. എന്തെങ്കിലും ബുദ്ധിമുട്ട് തോന്നുന്നവര്‍ തണലില്‍ മാറി വിശ്രമിച്ച് ധാരാളം വെള്ളം കുടിക്കണം. കട്ടികൂടിയ വസ്ത്രങ്ങള്‍ മാറ്റുക. തണുത്ത വെള്ളം കൊണ്ട് ദേഹം തുടയ്ക്കുക. കാറ്റ് കൊള്ളുക, വീശുക/ഫാനോ എ.സിയോ ഉപയോഗിക്കുക. ഡോക്ടറെ കാണിച്ച് ചികിത്സ തേടുക.

ചൂട് കുരു, പേശി വലിവ്, ചര്‍മ്മ രോഗങ്ങള്‍, വയറിളക്ക രോഗങ്ങള്‍, നേത്ര രോഗങ്ങള്‍, ചിക്കന്‍പോക്സ്, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങള്‍ ചൂട് കാലത്ത് കൂടുതലായി കാണപ്പെടാറുണ്ട്. ചൂട് കുരു കുട്ടികളെയാണ് കൂടുതല്‍ ബാധിക്കുന്നത്. ചൂട് കുരു ഉണ്ടായാല്‍ അധികം വെയില്‍ ഏല്‍ക്കാതിരിക്കുകയും തിണര്‍പ്പ് ബാധിച്ച ശരീരഭാഗങ്ങള്‍ എപ്പോഴും ഈര്‍പ്പരഹിതമായി സൂക്ഷിക്കുകയും വേണം.

രാവിലെ 11 മുതല്‍ വൈകുന്നേരം 3 വരെയുള്ള സമയത്ത് കൂടുതല്‍ നേരം വെയിലേല്‍ക്കരുത്, അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കണം, പുറത്തിറങ്ങുമ്പോള്‍ പാദരക്ഷകള്‍ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലത്, ദാഹമില്ലെങ്കിലും ധാരാളം വെള്ളം ഇടയ്ക്കിടയ്ക്ക് കുടിക്കുക, യാത്രാ വേളയില്‍ ഒരു കുപ്പി വെള്ളം കരുതണം, തിളപ്പിച്ചാറിയ വെള്ളം കുടിക്കാന്‍ ഉപയോഗിക്കുക, കുട്ടികള്‍ക്ക് ഇടയ്ക്കിടയ്ക്ക് വെള്ളം നല്‍കണം, ഉപ്പിട്ട കഞ്ഞിവെള്ളം, മോര്, നാരങ്ങാവെള്ളം എന്നിവ ധാരാളമായി കുടിക്കുക, വെള്ളം ധാരാളം അടങ്ങിയിട്ടുള്ള തണ്ണിമത്തന്‍, ഓറഞ്ച് മുതലായ പഴങ്ങളും പച്ചക്കറി സാലഡുകളും കൂടുതലായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക, കുട്ടികളെ വെയിലത്ത് കളിക്കാന്‍ അനുവദിക്കരുത്, ചൂടിന്റെ കാഠിന്യം കുറയ്ക്കാന്‍ പകല്‍ സമയത്ത് വീടിന്റെ വാതിലുകളും ജനലുകളും തുറന്നിടുക, വൃത്തിയും ശുചിത്വവുമുള്ള സാഹചര്യങ്ങളില്‍ സൂക്ഷിക്കുന്ന പാനീയങ്ങള്‍ മാത്രം ഉപയോഗിക്കുക, ജ്യൂസില്‍ ഉപയോഗിക്കുന്ന ഐസ് ശുദ്ധജലം കൊണ്ടുണ്ടാക്കുന്നതാവണമെന്നും മന്ത്രി അറിയിച്ചു.





 

#Daily
Leave a comment