
ഞാൻ കുറ്റക്കാരനാണെന്ന് ഹൈക്കോടതി പറഞ്ഞിട്ടില്ല; രാജി വയ്‌ക്കേണ്ടതില്ലെന്ന് സജി ചെറിയാൻ
ഭരണഘടന സംബന്ധിച്ച വിവാദ പ്രസംഗത്തിൽ ഹൈക്കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ട സാഹചര്യത്തിൽ രാജിവെക്കേണ്ടതില്ലെന്ന് മന്ത്രി സജി ചെറിയാൻ. ഹൈക്കോടതി തന്റെ ഭാഗം കേട്ടില്ല. കുറ്റക്കാരനാണെന്ന് കോടതി പറഞ്ഞിട്ടില്ല. ഹൈക്കോടതിയുടേത് അന്തിമ വിധിയല്ല. ഇതിന് മുകളിൽ കോടതിയുണ്ട്. തുടർ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.
നീതിയെന്ന നിലയിൽ തന്റെ ഭാഗം കൂടി കേൾക്കേണ്ടിയിരുന്നു. പൊലീസ് അന്വേഷിച്ചാണ് റിപ്പോര്‍ട്ട് ഹൈക്കോടതിയിൽ നൽകിയത്. ആ റിപ്പോര്‍ട്ട് മാത്രമാണ് കോടതി പരിശോധിച്ചത്. അന്വേഷിച്ച് റിപ്പോർട്ട് നൽകാനാണ് കോടതി പറഞ്ഞിരിക്കുന്നത്. വിഷയത്തിന്റെ ഉള്ളടക്കത്തിലേക്ക് കോടതി പോയിട്ടില്ല. അതുകൊണ്ട് ധാർമിക പ്രശ്നമില്ല. വിഷയത്തിൽ അന്ന് ധാര്‍മ്മിക ഉത്തരവാദിത്തമേറ്റെടുത്ത് രാജിവെച്ചു. ഇനി രാജിയില്ലെന്ന് മന്ത്രി വ്യക്തമാക്കി. കീഴ്‌ക്കോടതി പൊലീസ് റിപ്പോർട്ട് ശരിവച്ചതിനെ തുടർന്നാണ് വീണ്ടും മന്ത്രിയായത്. ഹൈക്കോടതിയും അന്വേഷണം നടത്തണമെന്നാണ് പറഞ്ഞിരിക്കുന്നത്. അതിനാൽ മന്ത്രിയായി തുടരും.
ഭരണഘടനയെ വിമർശിച്ചുകൊണ്ടുള്ള പ്രസംഗത്തെ കുറിച്ച് ക്രൈംബ്രാഞ്ച് കേസ് അന്വേഷിക്കണമെന്ന് കോടതി നിർദേശിച്ചു. സത്യസന്ധനായ ഉദ്യോഗസ്ഥൻ കേസ് അന്വേഷിക്കുന്നുവെന്ന് ഉറപ്പാക്കണം. കുന്തം, കുടചക്രം എന്നീ വാക്കുകൾ ഉപയോഗിച്ചത് ഏത് സാഹചര്യത്തിലെന്ന് പരിശോധിക്കണമെന്നും കോടതി നിർദേശിച്ചു. സജി ചെറിയാനെതിരായ പൊലീസിന്റെ അന്വേഷണ റിപ്പോർട്ടും അതു ശരിവെച്ച മജിസ്ട്രേറ്റ് കോടതി വിധിയും ഹൈക്കോടതി റദ്ദാക്കിയാണ് തുടരന്വേഷണം ഉത്തരവിട്ടത്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹർജിയിലാണ് ഉത്തരവ്.
പത്തനംതിട്ട മല്ലപ്പള്ളിയിൽ സിപിഎം സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുമ്പോഴാണ് സജി ചെറിയാൻ വിവാദ പരാമർശം നടത്തിയത്. വിവാദ പ്രസംഗത്തെ തുടർന്ന് സജി ചെറിയാന് മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടി വന്നിരുന്നു. പിന്നീട് മന്ത്രിസ്ഥാനത്തേക്ക് തിരിച്ചെത്തുകയും ചെയ്തു.