
നയന്‍താരയ്ക്കെതിരായ ധനുഷിന്റെ ഹര്‍ജി തള്ളണമെന്ന നെറ്റ്ഫ്‌ളിക്‌സ് ആവശ്യം ഹൈക്കോടതി നിരസിച്ചു
നയന്‍താരയ്ക്കെതിരെ ധനുഷ് നല്‍കിയ പകര്‍പ്പവകാശ ലംഘനക്കേസ് തള്ളണമെന്ന നെറ്റ്ഫ്‌ളിക്‌സ് ഇന്ത്യയുടെ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. തന്റെ അനുവാദമില്ലാതെ ഞാനും റൗഡി താന്‍ എന്ന സിനിമയില്‍ നിന്നുള്ള മൂന്ന് സെക്കന്റ് ദൈര്‍ഘ്യമുള്ള ക്ലിപ്പ് നയതാരയെക്കുറിച്ചുള്ള നെറ്റ്ഫ്‌ളിക്‌സ് ഡോക്യുമെന്ററിയില്‍ ഉപയോഗിച്ചതിന് എതിരെയാണ് ധനുഷ് കേസ് നല്‍കിയത്. ധനുഷ് 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടിട്ടുണ്ട്.
നെറ്റ്ഫ്‌ളിക്‌സ് ഡോക്യുമെന്ററിയില്‍ ദൃശ്യങ്ങള്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കാത്തതിന് ധനുഷിനെ നയന്‍താര വിമര്‍ശിച്ചിരുന്നു. നിയമ നടപടി നോട്ടീസ് ലഭിച്ചപ്പോള്‍ താന്‍ ഞെട്ടിയെന്ന് നയന്‍താര പറഞ്ഞിരുന്നു. അനുവാദത്തിനായി ധനുഷിനെ സമീപിച്ചിരുന്നുവെന്നും യാതൊരു പ്രതികരണവും ഉണ്ടായില്ലെന്നും അവര്‍ പറഞ്ഞിരുന്നു.
ധനുഷിന്റെ അനുവാദത്തിനായി രണ്ടു വര്‍ഷത്തോളമാണ് നയന്‍താരയും സംഘവും കാത്തിരുന്നത്. എന്നാല്‍, നല്‍കാത്തതിനെ തുടര്‍ന്ന് ദൃശ്യങ്ങള്‍ റീമേക്ക് ചെയ്ത് ഉപയോഗിക്കുകയായിരുന്നു. ഇതിനെതിരെയാണ് ധനുഷ് കോടതിയെ സമീപിച്ചത്.
നയന്‍താരയുടെ ജീവിതം, പ്രണയം, വിവാഹം തുടങ്ങിയ ഘട്ടങ്ങള്‍ അടങ്ങിയ ഡോക്യുമെന്ററി കഴിഞ്ഞ വര്‍ഷമാണ് നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്തത്.