
ഭൂമി തരം മാറ്റത്തിലൂടെ ലഭിച്ച തുക കാർഷികാഭിവൃദ്ധിയ്ക്കായി ഉപയോഗിക്കണമെന്ന് ഹൈക്കോടതി
ഭൂമി തരംമാറ്റലിലൂടെ ഫീസ് ഇനത്തിൽ സർക്കാരിന് ലഭിച്ച 1,510 കോടി രൂപ കാർഷികാവശ്യങ്ങൾക്കായി വിനിയോഗിക്കണമെന്ന് ഹൈക്കോടതി. നെൽകൃഷി സംരക്ഷണത്തിനായി വിനിയോഗിക്കേണ്ടുന്ന കാർഷികാഭിവൃദ്ധി ഫണ്ടിലേക്കാണ് തുക കൈമാറേണ്ടത്. നാല് മാസത്തിനകം 25 ശതമാനം തുകയും ബാക്കി 75 ശതമാനം ഒരു വർഷത്തിനകം മൂന്ന് ഗഡുക്കളായും ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് എസ് മനു എന്നിവരടങ്ങുന്ന ബെഞ്ച് ഉത്തരവിട്ടു.
ഡിസംബർ ഒന്ന് മുതൽ ലഭിക്കുന്ന ഫീസാണ് ഈ ഫണ്ടിലേക്ക് മാറ്റേണ്ടത്. ഫണ്ട് ഏതെല്ലാം ഇനത്തിലാണ് വിനിയോഗിക്കേണ്ടതെന്ന് പിന്നീട് സർക്കാർ തീരുമാനിച്ച് റവന്യൂ വകുപ്പിന്റെ വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തണം. കാർഷികാഭിവൃദ്ധി ഫണ്ട് വർഷംതോറും സംസ്ഥാന ഓഡിറ്റ് വിഭാഗം ഓഡിറ്റ് ചെയ്ത് കണക്കുകൾ പ്രസിദ്ധീകരിക്കണമെന്നും കോടതി വ്യക്തമാക്കി. തൃശൂർ സ്വദേശി ടി എൻ മുകുന്ദന്റെ ഹർജിയിലാണ് ഉത്തരവ്. ലാൻഡ് റവന്യു കമ്മീഷണർക്ക് ആയിരിക്കണം അക്കൗണ്ട് കൈകാര്യം ചെയ്യുന്നതിനുള്ള ചുമതലയെന്നും നിയമത്തിൽ പറഞ്ഞിട്ടുണ്ട്. അനധികൃതമായി നികത്തപ്പെട്ട കൃഷിഭൂമി പൂർവ്വ സ്ഥിതിയിലാക്കാൻ ഈ തുക ഉപയോഗിക്കുകയാണ് ഉദ്ദേശം.
തുക വകമാറ്റിയതിലെ ചട്ടലംഘനം കാണിക്കുന്ന ഓഡിറ്റ് റിപ്പോർട്ടും ലാൻഡ് റവന്യൂ കമ്മീഷണറുടെ കത്തും സർക്കാർ നാല് വർഷത്തോളം മൂടി വച്ചതായി പറയുന്നു. ലാൻഡ് റവന്യൂ കമ്മീഷണറായിരിക്കണം ഫണ്ട് വിനിയോഗത്തിന്റെ നോഡൽ ഓഫീസർ എന്നതടക്കമുള്ള നിയമവ്യവസ്ഥകൾ ചൂണ്ടിക്കാട്ടി കമ്മീഷണർ രണ്ട് വട്ടം നൽകിയ കത്തുകൾ അവഗണിക്കപ്പെട്ടിരുന്നു. എത്ര തുകയാണ് വക മാറ്റിയതെന്ന് ലാൻഡ് റവന്യു ഓഫീസറോട് സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി ആവശ്യപ്പെട്ടപ്പോഴാണ് 1,510 കോടി രൂപ വക മാറ്റിയതായി വെളിപ്പെട്ടത്.