PHOTO: WIKI COMMONS
ഹിന്‍ഡന്‍ബര്‍ഗ് കേസ്; പ്രത്യേക അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി
അദാനി ഗ്രൂപ്പിനെതിരായ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെക്കുറിച്ച് അന്വേഷിക്കാന്‍ പുതിയ അന്വേഷണ സമിതി വേണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ പ്രത്യേക അന്വേഷണം ഇല്ലെന്നും സെബിയുടെ അന്വേഷണത്തിന് മൂന്നുമാസം കൂടി സമയം നല്‍കുന്നുവെന്നും കോടതി വ്യക്തമാക്കി. നിയമലംഘനം നടന്നിട്ടുണ്ടോ എന്ന് കേന്ദ്രസര്‍ക്കാര്‍ പരിശോധിക്കണമെന്നും അതനുസരിച്ചുള്ള നിയമനടപടികള്‍ സ്വീകരിക്കണമെന്നും കോടതി അറിയിച്ചു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ പി എസ് നരസിംഹ, ജെ ബി പര്‍ദിവാല എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പറഞ്ഞത്. അന്വേഷണം കൈമാറേണ്ടത് അസാധാരണ സാഹചര്യങ്ങളില്‍ ആണെന്നും അത്തരമൊരു സാഹചര്യം നിലവില്‍ ഇല്ലെന്നും കോടതി ചൂണ്ടികാണിച്ചു.
ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട്
2023 ജനുവരിയിലാണ് അദാനി ഗ്രൂപ്പനെതിരെ യുഎസ് സാമ്പത്തിക ഗവേഷണ സ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗ് ഓഹരി തട്ടിപ്പ് ഉള്‍പ്പെടെ ആരോപിച്ചുക്കൊണ്ടുള്ള റിപ്പോര്‍ട്ട് പുറത്തുവിടുന്നത്. റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സുപ്രീം കോടതി സെബിയോട് (സെക്യൂരിറ്റി ആന്റ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) അന്വേഷിക്കാന്‍ ഉത്തരവിടുന്നത്. വര്‍ഷങ്ങളായി കമ്പനി സ്റ്റോക്കില്‍ കൃത്രിമത്വം ഉണ്ടായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ന്യായമായതിലും 85 ശതമാനത്തോളം ഉയര്‍ന്ന തുകയിലാണ് അദാനി ഗ്രൂപ്പിന്റെ ഓഹരികളുടെ വ്യാപാരം നടക്കുന്നതെന്നും റിപ്പോര്‍ട്ട് ചൂണ്ടികാണിച്ചിരുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണവും കമ്പനിക്കെതിരെ ഉയര്‍ന്നുവന്നു. ഓഹരി വിപണിയുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പ് കൃത്രിമത്വം കാട്ടിയെന്ന ഹിന്‍ഡന്‍ബെര്‍ഗ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സ്വതന്ത്ര അന്വേഷണം അടക്കം ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ഹര്‍ജി.
സെബിയുടെ അന്വേഷണത്തില്‍ അതൃപ്തി
കമ്പനിക്കെതിരായ ആരോപണങ്ങള്‍ പരിശോധിക്കുന്ന സെബിയുടെ അന്വേഷണം തൃപ്തികരമല്ലെന്നായിരുന്നു ഹര്‍ജിയിലെ വാദം. എന്നാല്‍ സെബിയുടെ അധികാരത്തില്‍ ഇടപെടാന്‍ പരിമിതിയുണ്ടെന്നാണ് കോടതി ഇപ്പോള്‍ ചൂണ്ടികാണിച്ചിരിക്കുന്നത്. സെബി അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതിനെതിരെ കോടതിയലക്ഷ്യ ഹര്‍ജിയും സുപ്രീംകോടതിക്ക് മുന്നില്‍ എത്തിയിരുന്നു. എന്നാല്‍ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ സെബിയുടെയും വിദഗ്ധസമിതിയുടെയും അന്വേഷണങ്ങള സംശയിക്കാനുള്ള തെളിവുകളില്ലെന്ന് സുപ്രീംകോടതി അന്തിമവിധി പ്രസ്താവനയ്ക്കിടെ വ്യക്തമാക്കി.