
ആവശ്യങ്ങൾ അംഗീകരിക്കും വരെ നിരാഹാരസമരം തുടരും; ഇവോ മൊറേൽസ്
ബൊളീവിയയുടെ പുരോഗതിക്ക് വേണ്ടിയുള്ള ആവശ്യങ്ങൾ സർക്കാർ അംഗീകരിക്കുന്നത് വരെ നിരാഹാരം തുടരുമെന്ന് മുൻ പ്രസിഡന്റ് ഇവോ മൊറേൽസ്. കുറച്ചു ദിവസങ്ങളിലായി നടക്കുന്ന പ്രതിഷേധങ്ങളും സംഘർഷങ്ങളും ശമിപ്പിക്കുകയാണ് അദ്ദേഹത്തിന്റെ ഈ നീക്കത്തിന് പിന്നിലെ ലക്ഷ്യം. ബൊളീവിയൻ രാഷ്ട്രീയത്തിൽ നിന്ന് അഞ്ച് വർഷമായി വിട്ട് നിന്ന മൊറേൽസിന് ഇന്നും ജനങ്ങൾക്കിടയിൽ ശക്തമായി സ്വാധീനമാണുള്ളത്. നിരാഹാരസമരം മൂന്ന് ദിവസം പിന്നിട്ടു. രാജ്യത്തെ സാമ്പത്തികവും രാഷ്ട്രീയവുമായ സാഹചര്യങ്ങളെ മെച്ചപ്പെടുത്താനാണ് തന്റെ പോരാട്ടമെന്ന് അദ്ദേഹം അവകാശപ്പെട്ടു.
തന്റെ രാഷ്ട്രീയ എതിരാളിയായ പ്രസിഡന്റ് ലൂയിസ് ആർസുമായുള്ള ചർച്ചകൾ സുഗമമാക്കുന്നതിന് നിരാഹാരം സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മൊറേൽസ് പറഞ്ഞു. ലൂയിസ് ആർസിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി മൊറേൽസിന്റെ അനുയായികൾ റോഡ് തടഞ്ഞു. ഇതേ തുടർന്ന് കഴിഞ്ഞ മൂന്ന് ആഴ്ചയായി ബൊളീവിയയിൽ സംഘർഷങ്ങൾ ശക്തി പ്രാപിച്ചിരുന്നു. 2016ൽ മൊറാൽസിനെതിരെ ആരോപിക്കപ്പെട്ട ലൈംഗികാതിക്രമകേസ് പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങളും ആർസെ സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടുണ്ട്.
റോഡുകൾ തടസപ്പെടുത്തുന്നത് ബൊളീവിയയിലെ സാധാരണ പ്രതിഷേധ തന്ത്രങ്ങളിൽ ഒന്നാണ്. പ്രതിഷേധങ്ങളുടെ ഭാഗമായി നടന്ന റോഡ് ബ്ലോക്ക് ഇത്തവണയും രാജ്യത്തെ പ്രവർത്തനങ്ങളെ സ്തംഭിപ്പിച്ചിരുന്നു. ആർസെ സർക്കാർ കണ്ണീർവാതകം ഉപയോഗിച്ച് ഈ ഉപരോധങ്ങൾ ബലപ്രയോഗത്തിലൂടെ തകർക്കാൻ 3000ത്തോളം സായുധരായ പോലീസ് സംവിധാനത്തെ അയച്ചിരുന്നു. മൊറാൽസിന്റെ വാഹനത്തിനെതിരെ തോക്കുധാരികൾ പതിയിരുന്ന് ആക്രമണം നടത്തിയപ്പോൾ ബൊളീവിയയിൽ കുറച്ചു നാളുകളായി തുടരുന്ന രാഷ്ട്രീയ പ്രതിസന്ധി ശക്തമായി. രാഷ്ട്രീയപരമായും ധാർമ്മികമായും നിയമപരമായും ഇപ്പോൾ ശാരീരികവുമായും തന്റെ ജീവിതം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളാണ് സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാവുന്നതെന്ന് മൊറേൽസ് ആരോപിച്ചു. ഇവോ മൊറേൽസിൻ്റെ അനുയായികൾ സൈനിക ഉദ്യോഗസ്ഥരെ ബന്ദികളാക്കുകയും സെൻട്രൽ ബൊളീവിയയിലെ പോസ്റ്റുകളുടെ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്തതായി ബൊളീവിയൻ സായുധ സേന കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.
മൊറേൽസുമായുള്ള രാഷ്ട്രീയ പ്രതിസന്ധി ഒത്തുതീർപ്പാക്കാനുള്ള ശ്രമങ്ങൾ സർക്കാരിന്റെ ഭാഗത്ത് നിന്ന് ആരംഭിച്ചിട്ടുണ്ടെന്ന് മന്ത്രി ഡെൽ കാസ്റ്റിലോ പറഞ്ഞു. എന്നാൽ മൊറോൽസിന്റെ ഉദ്ദേശ ശുദ്ധിയിൽ വിശ്വാസമില്ലെന്ന് അദ്ദേഹം കൂട്ടിചേർത്തു. ബൊളീവിയയിലെ ദീർഘകാല ആധിപത്യമുള്ള മൂവ്മെന്റ് ടുവേർഡ്സ് സോഷ്യലിസ്റ്റ് പാർട്ടിയുടെ വിള്ളലിൽ നിന്നാണ് പ്രതിസന്ധി ഉടലെടുക്കുന്നത്. 2016ൽ മൊറാൽസിനെതിരെയുള്ള ലൈംഗികാതിക്ര കേസ് വീണ്ടും ഉയർന്ന് വന്നതോടെ സാഹചര്യം കൂടുതൽ വഷളായി. 2025ലെ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിത്വം വഹിക്കാനൊരുങ്ങുന്ന മൊറാൽസിനെതിരെയുള്ള രാഷ്ട്രീയ വേട്ടയായാണ് മൊറാൽസും അനുയായികളും ഈ സാഹചര്യത്തെ വിലയിരുത്തുന്നത്.