TMJ
searchnav-menu
post-thumbnail

TMJ Daily

വേള്‍ഡ് സെന്‍ട്രല്‍ കിച്ചണ്‍ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവം; കുറ്റസമ്മതം നടത്തി ഇസ്രയേല്‍

04 Apr 2024   |   1 min Read
TMJ News Desk

ഗാസയില്‍ ഭക്ഷണമെത്തിക്കുന്ന സന്നദ്ധ സംഘടനയായ വേള്‍ഡ് സെന്‍ട്രല്‍ കിച്ചണിന്റെ ഏഴ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കുറ്റസമ്മതം നടത്തി ഇസ്രയേല്‍. സംഭവിച്ചത് ഗുരുതര പിഴവാണെന്ന് ഇസ്രയേല്‍ പ്രതിരോധ സേനാ തലവന്‍ ഹെര്‍സി ഹാലെവി എക്‌സില്‍ കുറിച്ചു. രാത്രിയില്‍ ആളുകളെ തിരിച്ചറിയുന്നതില്‍ സംഭവിച്ച പിഴവാണെന്നും സേനാ തലവന്‍ ന്യായീകരിച്ചു. 

വേള്‍ഡ് സെന്‍ട്രല്‍ കിച്ചണില്‍ ജോലി ചെയ്യുന്ന ഏഴ് പ്രവര്‍ത്തകരാണ് ചൊവ്വാഴ്ച ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടത്. കടല്‍ വഴി വന്ന 100 ടണ്ണിലധികം ഭക്ഷണ സാധനങ്ങള്‍ ഇറക്കിയ ശേഷം ഡീല്‍ അല്‍ ബാലഹിലെ വെയര്‍ ഹൗസില്‍ നിന്ന് തിരിച്ചുപോകുമ്പോഴാണ് ആക്രമണമുണ്ടായത്. ഏഴ് പ്രവര്‍ത്തകര്‍ അടങ്ങിയ വാഹനത്തെ ഇസ്രയേല്‍ മനപൂര്‍വ്വം നശിപ്പിക്കുകയായിരുന്നുവെന്നും സന്നദ്ധ സംഘങ്ങള്‍ക്ക് നേരെയുള്ള ആക്രമണം പൊറുക്കാനാവില്ലെന്നും ഡബ്ല്യു.സി.കെ സിഇഒ എറിന്‍ ഗോറി പ്രതികരിച്ചു.

സന്നദ്ധപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഓസ്‌ട്രേലിയ, യുകെ, അമേരിക്ക, സ്‌പെയിന്‍, പോളണ്ട് ഉള്‍പ്പെടെയുള്ള നിരവധി രാജ്യങ്ങള്‍ പ്രതിഷേധം അറിയിച്ചിരുന്നു. ആക്രമണത്തില്‍ അടിയന്തിര അന്വേഷണം വേണമെന്ന് യു കെ പ്രധാനമന്ത്രി ഋഷി സുനക് ആവശ്യപ്പെട്ടു. ഇസ്രയേലിനെ വിമര്‍ശിച്ചെങ്കിലും മനപൂര്‍വ്വമല്ലെന്ന പ്രതികരണമാണ് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ നടത്തിയത്. ഏഴ് പ്രവര്‍ത്തകരുടെ മരണം ഉള്‍പ്പെടെ ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട സന്നദ്ധപ്രവര്‍ത്തകരുടെ എണ്ണം 196 ആയി ഉയര്‍ന്നതായി യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ചൂണ്ടിക്കാട്ടി. 33,037 പലസ്തീനികളാണ് ഇതുവരെ ഗാസയില്‍ കൊല്ലപ്പെട്ടത്.



#Daily
Leave a comment