
ഉമ തോമസ് വേദിയില്‍ നിന്നും വീണ സംഭവം: പരിപാടിയില്‍ സുരക്ഷാ വീഴ്ച്ച ഉണ്ടായെന്ന് മന്ത്രി
തൃക്കാക്കര എംഎല്‍എ ഉമ തോമസിന് അപകടമുണ്ടായ കലൂര്‍ ജലഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തിലെ പരിപാടിയില്‍ സുരക്ഷാവീഴ്ച ഉണ്ടായതായി മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. ഉയരമുള്ള വേദിക്ക് ബാരിക്കേഡ് കെട്ടേണ്ടതായിരുന്നുവെന്നും തന്റെ ഗണ്‍മാന്‍ ഇത് ചൂണ്ടിക്കാണിച്ചിരുന്നുവെന്നും മന്ത്രി പറഞ്ഞു. സങ്കടകരമായ അപകടമാണ് ഉണ്ടായതെന്നും ഇത്ര വലിയ അപകടമാണെന്ന് തിരിച്ചറിഞ്ഞുമില്ലെന്ന് സജി ചെറിയാന്‍ പറഞ്ഞു. എട്ടുമിനിട്ട് കൊണ്ട് പരിപാടി അവസാനിപ്പിച്ചുവെന്നും മന്ത്രി പറഞ്ഞു. എംഎല്‍എ വീണ് ഗുരുതരമായി പരിക്കേറ്റിട്ടും പരിപാടി തുടര്‍ന്നതില്‍ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു.
അതേസമയം എം.എല്‍.എ സ്റ്റേജില്‍ നിന്ന് വീണ് പരിക്കേറ്റ സംഭവത്തില്‍ മൃദംഗനാഥം പരിപാടിയുടെ ഇവന്റ് മാനേജരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഓസ്‌കാര്‍ ഇവന്റ്സിന്റെ മാനേജര്‍ കൃഷ്ണകുമാറിനെയാണ് പാലാരിവട്ടം പോലീസ് ഇന്ന് കസ്റ്റഡിയിലെടുത്തത്. അപകടകരമായ രീതിയിലാണ് നൃത്തപരിപാടിയ്ക്കുള്ള സ്റ്റേജ് നിര്‍മ്മിച്ചതെന്ന് പോലീസിന്റെ പ്രാഥമിക പരിശോധനയില്‍ തെളിഞ്ഞു. ഇതേതുടര്‍ന്നാണ് കസ്റ്റഡിയിലെടുത്തത്. ഉമ തോമസ് എം.എല്‍.എയെ പരിപാടിയിലേയ്ക്ക് ക്ഷണിച്ചത് കൃഷ്ണകുമാര്‍ ആണ്.
സുരക്ഷിതമായി ബാരിക്കേഡ് സജ്ജീകരിക്കാതെയും മുന്‍വശത്ത് ഒരാള്‍ക്ക് നടന്നുപോകുവാന്‍ പോലും സ്ഥലമില്ലാത്ത രീതിയിലുമാണ് സ്റ്റേജ് ക്രമീകരിച്ചിരുന്നതാണ് അപകടത്തിലേക്ക് നയിച്ചത്.
കൃഷ്ണകുമാറുമായി കലൂര്‍ സ്റ്റേഡിയത്തില്‍ പോലീസ് തെളിവെടുപ്പ് നടത്തി. പി.ഡബ്ല്യൂ.ഡി അധികൃതര്‍ വേദി പരിശോധിച്ചു. ഇവരുടെ കണ്ടെത്തലുകള്‍ പോലീസിന് കൈമാറും.
ഉമയുടെ മസ്തിഷ്‌കം ആദ്യഘട്ടത്തില്‍ സ്‌കാന്‍ എടുത്തപ്പോഴുണ്ടായിരുന്ന സ്ഥിതിയില്‍ തന്നെ ആണെന്നും കൂടുതല്‍ മോശപ്പെട്ട അവസ്ഥയിലേക്ക് പോയിട്ടില്ലെന്നും മെഡിക്കല്‍ ബുള്ളറ്റിന്‍. ശ്വാസകോശത്തിന് ഇപ്പോഴും പ്രശ്‌നമുണ്ട്. മൂക്കില്‍ നിന്നും വായില്‍ നിന്നും പുറത്തുവന്ന രക്തം ശ്വാസകോശത്തില്‍ എത്തി. ഇത് വളരെ കുറഞ്ഞ അളവിലാണെങ്കിലും ശ്വാസകോശത്തില്‍ കെട്ടികിടക്കുന്നു. വാരിയെല്ലിന് ചതവുണ്ട്. എംഎല്‍എയ്ക്ക് കുറച്ചു ദിവസം വെന്റിലേറ്ററില്‍ തുടരേണ്ടി വരുമെന്ന് ഉമ ചികിത്സയില്‍ കഴിയുന്ന റെനെ മെഡിസിറ്റി മെഡിക്കല്‍ ഡയറക്ടര്‍ രാമനുണ്ണി മാധ്യമങ്ങളോട് പറഞ്ഞു.
തലയിലെ മുറിവലൂടെ ധാരാളം രക്തം പോയി. തലയോട്ടിക്ക് പരിക്കില്ല. മൂക്കിന് സാരമായ പരിക്കുണ്ടെന്നും ശ്വാസകോശത്തെ പുരോഗതിയിലേക്ക് കൊണ്ടുവരികയാണ് പ്രധാനമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.