
അണ്ടര്‍ 19 വനിത ടി20 ലോകകപ്പിലെ ആദ്യ സെഞ്ച്വറി നേടി ഇന്ത്യന്‍ താരം
അണ്ടര്‍ 19 വനിതാ ടി20 ലോകകപ്പ് ചരിത്രത്തിലെ ആദ്യ സെഞ്ച്വറി ഇന്ത്യന്‍ ഓപ്പണറായ ഗോംഗാദി തൃഷ നേടി. ഇന്ന് നടന്ന സൂപ്പര്‍ സിക്‌സ് റൗണ്ടില്‍ സ്‌കോട്‌ലാന്‍ഡിനെതിരെയാണ് തൃഷ സെഞ്ച്വറി അടിച്ചത്. ഓപ്പണറായി ഇറങ്ങിയ തൃഷ പുറത്താകാതെ 59 പന്തില്‍ നിന്നും 110 റണ്‍സ് നേടി. 13 ഫോറും നാല് സിക്‌സും സെഞ്ച്വറിയില്‍ ഉള്‍പ്പെടുന്നു. 53 പന്തില്‍ നിന്നാണ് തൃഷ സെഞ്ച്വറി അടിച്ചത്.
ടോസ് നേടിയ സ്‌കോട്‌ലന്‍ഡ് ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. സ്‌കോട്‌ലന്‍ഡ് ക്യാപ്റ്റന്റെ തീരുമാനം തെറ്റാണെന്ന് തെളിയിച്ചു കൊണ്ട് ഇന്ത്യ കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തി. നിശ്ചിത 20 ഓവറില്‍ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സ് നേടി.
മറ്റൊരു ഓപ്പണറായ ജി കമാലിനി 51 റണ്‍സ് നേടി. കമാലിനിയെ മസെയ്ര ആണ് പുറത്താക്കിയത്. 42 പന്തില്‍ നേരിട്ട കമാലിനി ഒമ്പതു ഫോറുകളോടെയാണ് അര്‍ദ്ധ സെഞ്ച്വറി അടിച്ചത്. ഓപ്പണിങ് ജോഡി സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി. തൃഷയും കമാലിനിയും ചേര്‍ന്ന് 81 പന്തുകളില്‍ നിന്നും 147 റണ്‍സെടുത്തു.
വണ്‍ഡൗണായി ഇറങ്ങിയ സനിക ചല്‍കെ 20 പന്തില്‍ നിന്നും 29 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. രണ്ടാം വിക്കറ്റില്‍ തൃഷയും ചല്‍കെയും ചേര്‍ന്ന് 39 പന്തില്‍ 61 റണ്‍സെടുത്തു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ സ്‌കോട്‌ലന്‍ഡ് 14 ഓവറില്‍ 58 റണ്‍സിന് എല്ലാവരും പുറത്തായി. മൂന്ന് ഓവറില്‍ എട്ട് റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റ് വീഴ്ത്തിയ ആയുഷി ശുക്ലയാണ് സ്‌കോട്ടിഷ് ബാറ്റിങ് നിരയെ തകര്‍ത്തത്. വൈഷ്ണവി ശര്‍മ്മയും തൃഷയും മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തി. ഇരുവരും യഥാക്രമം അഞ്ച്, ആറ് റണ്‍സുകളാണ് വിട്ടുകൊടുത്തത്.
ഇന്ത്യ ടൂര്‍ണമെന്റില്‍ കളിച്ച നാല് മത്സരങ്ങളും വിജയിച്ചു. സൂപ്പര്‍ സിക്‌സില്‍ ഇന്ത്യ ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനെ തോല്‍പ്പിച്ച് സെമിഫൈനല്‍ ഉറപ്പിച്ചിരുന്നു. നിലവിലെ ചാമ്പ്യന്‍മാരാണ് ഇന്ത്യ.