
അല്‍-അഖ്‌സ ആശുപത്രിയും സമീപ പ്രദേശവും ഒഴിയാന്‍ ഉത്തരവിട്ട് ഇസ്രയേല്‍ സൈന്യം
അല്‍-അഖ്‌സ ആശുപത്രിയില്‍ നിന്നും സമീപ പ്രദേശങ്ങളില്‍ നിന്നും ആളുകളോട് ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ട് ഇസ്രയേല്‍ സൈന്യം. ഭീഷണിയെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ കഴിയുന്ന രോഗികളും വീട് നഷ്ടപ്പെട്ട് ആശുപത്രിയിലും സമീപത്തുമായി അഭയം പ്രാപിച്ചവരും പലായനം ചെയ്യുകയാണ്. തൊട്ടുപിന്നാലെ മധ്യ ഗാസയിലെ പലസ്തീനികളുടെ അഭയകേന്ദ്രമായ മറ്റൊരു സ്‌കൂളിലും ഇസ്രയേല്‍ ബോംബെറിഞ്ഞതായാണ് റിപ്പോര്‍ട്ട്. സെന്‍ട്രല്‍ ഗാസയില്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന ഒരേയൊരു ആശുപത്രിയാണ് അല്‍-അഖ്‌സ.
ഇസ്രയേല്‍-ഹിസ്ബുള്ള സംഘര്‍ഷം
ഇസ്രയേലും ലെബനനിലെ ഹിസ്ബുള്ളയും തമ്മില്‍ മാസങ്ങളോളമായി നടക്കുന്ന ആക്രമണങ്ങള്‍ക്കും പ്രത്യാക്രമണങ്ങള്‍ക്കും ശേഷം ഞായറാഴ്ച കനത്ത വെടിവയ്പ്പ് ആരംഭിച്ചിരിക്കുകയാണ്. ഹിസ്ബുള്ള ആക്രമണത്തെ തടയാന്‍ നൂറോളം യുദ്ധവിമാനങ്ങള്‍ വ്യോമാക്രമണം നടത്തിയതായി ഇസ്രയേല്‍ അറിയിച്ചു. വടക്കന്‍ ഇസ്രയേലിലെ സൈനിക താവളങ്ങളും മിസൈല്‍ പ്രതിരോധ സ്ഥാപനങ്ങളും ലക്ഷ്യമിട്ട് നൂറുകണക്കിന് റോക്കറ്റുകളും ഡ്രോണുകളും വിക്ഷേപിച്ചതായി ഹിസ്ബുള്ള പറഞ്ഞു. കഴിഞ്ഞ മാസം ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ തങ്ങളുടെ സ്ഥാപക അംഗങ്ങളിലൊരാളും ഉന്നത കമാന്‍ഡറുമായ ഫൗദ് ഷുക്കൂറിനെ കൊലപ്പെടുത്തിയതിന്റെ പ്രാരംഭ പ്രതികരണമാണിതെന്ന് ഹിസ്ബുള്ള ആക്രമണത്തെ വിശേഷിപ്പിച്ചു. ഒക്ടോബര്‍ 7 മുതല്‍ ലെബനനില്‍ അഞ്ഞൂറിലധികം ആളുകള്‍ ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. അവരില്‍ ഭൂരിഭാഗവും ഹിസ്ബുള്ളയിലും മറ്റ് സായുധ ഗ്രൂപ്പുകളിലും ഉള്ളവരാണ്.


