ദ കേരള സ്റ്റോറി: നിരോധനത്തിന് അടിയന്തിര സ്‌റ്റേയില്ല
രാജ്യത്തെ മറ്റിടങ്ങളില്‍ ദ കേരള സ്റ്റോറി പ്രദര്‍ശിപ്പിക്കാമെങ്കില്‍ പശ്ചിമബംഗാളില്‍ എന്താണ് പ്രശ്‌നമെന്ന് സുപ്രീംകോടതി. പശ്ചിമബംഗാളില്‍ സിനിമാ നിരോധനത്തിനെതിരായ ഹര്‍ജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ ചോദ്യം. രാജ്യത്തെ മറ്റിടങ്ങളില്‍ നിന്ന് പശ്ചിമബംഗാള്‍ വ്യത്യസ്തമല്ലെന്നും കോടതി പറഞ്ഞു. സിനിമ പ്രദര്‍ശിപ്പിച്ചാല്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങളെ സംബന്ധിച്ച് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടെന്ന് പശ്ചിമബംഗാള്‍ സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. സര്‍ക്കാര്‍ തീരുമാനത്തിനെതിരെ അടിയന്തിര സ്‌റ്റേ വേണമെന്ന് സിനിമാ നിര്‍മാതാക്കള്‍ ആവശ്യപ്പെട്ടു. എന്നാല്‍, സംസ്ഥാനത്തിന്റെ വിശദീകരണം തേടാതെ സ്‌റ്റേ നല്‍കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. തുടര്‍ന്ന് സുപ്രീംകോടതി പശ്ചിമബംഗാള്‍ സര്‍ക്കാരിന് നോട്ടീസ് അയച്ചു.
തമിഴ്‌നാട്ടിലും നിരോധനത്തിന് സമാനമായ സാഹചര്യമാണെന്ന് വാദത്തിനിടെ ഹര്‍ജിക്കാര്‍ക്കായി ഹാജരായ അഭിഭാഷകന്‍ ഹരീഷ് സാല്‍വേ പറഞ്ഞു. അപ്രഖ്യാപിത വിലക്കാണെന്നും പ്രദര്‍ശനത്തിന് സംരക്ഷണവും നിര്‍മാതാക്കള്‍ ആവശ്യപ്പെട്ടു. എന്നാല്‍, തമിഴ്‌നാട്ടില്‍ ഉണ്ടാകുന്നത് ക്രമസമാധാന പ്രശ്‌നമാണെന്നും തിയേറ്ററുകള്‍ ആക്രമിക്കപ്പെടുമ്പോഴും കസേരകള്‍ കത്തിച്ചുകളയുമ്പോഴും വേറെ വഴി നോക്കുമെന്ന് പറയാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. തുടര്‍ന്ന് തമിഴ്‌നാട് സര്‍ക്കാരിനോട് സത്യവാങ്മൂലം സമര്‍പ്പിക്കുവാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചു. ബുധനാഴ്ച ഹര്‍ജി വീണ്ടും പരിഗണിക്കും. എന്നാല്‍, അമേരിക്കയിലും കാനഡയിലുമായി 200 ലധികം സ്‌ക്രീനുകളില്‍ വെള്ളിയാഴ്ച ദ കേരള സ്‌റ്റോറി റിലീസ് ചെയ്തു.
നികുതിയിളവും നിരോധനവും
സിനിമ നിരോധിച്ചതായി പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ അറിയിച്ചതോടു കൂടി ദേശീയ രാഷ്ട്രീയത്തില്‍ സിനിമയ്ക്കെതിരേയും സിനിമയെ അനുകൂലിച്ചുകൊണ്ടും നേതാക്കളുള്‍പ്പെടെയുള്ള നിരവധി പേര്‍ രംഗത്ത് വന്നിരുന്നു. മുഖ്യമന്ത്രി മമത ബാനര്‍ജിയാണ് ദ കേരള സ്റ്റോറി ബംഗാളില്‍ നിരോധിച്ച കാര്യം അറിയിച്ചത്. സിനിമ വളച്ചൊടിക്കപ്പെട്ട കഥയാണെന്നും സംസ്ഥാനത്ത് സമാധാനം നിലനിര്‍ത്താന്‍ ഈ തീരുമാനം സഹായകമാകും, വിദ്വേഷവും അക്രമവും ഉണ്ടാക്കുന്ന തീരുമാനങ്ങള്‍ ഒഴിവാക്കണമെന്നും മമത ആവശ്യപ്പെട്ടു. കശ്മീര്‍ ഫയല്‍സിനെ പോലെ ബംഗാളിനെ കുറിച്ചും സിനിമ നിര്‍മിക്കാന്‍ ബിജെപി പണം നല്‍കുന്നുണ്ടെന്നും മമതാ ബാനര്‍ജി കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. അതിന് പിന്നാലെയാണ് സംസ്ഥാനത്ത് ദ കേരള സ്റ്റോറിയുടെ നിരോധനം. എന്നാല്‍ കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രി അനുരാഗ് ഠാക്കൂര്‍ സിനിമ നിരോധിച്ചതിനെ എതിര്‍ത്തുകൊണ്ട് രംഗത്തെത്തിയിരുന്നു. നിരോധനം കടുത്ത അനീതിയാണെന്നും പ്രതിപക്ഷത്തിന്റെത് പ്രീണന വോട്ടുബാങ്ക് രാഷ്ട്രീയമാണെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം, ചിത്രത്തിന്റെ നികുതി ഒഴിവാക്കിയതായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അറിയിച്ചു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇക്കാര്യം ട്വീറ്റ് ചെയ്യുകയാണ് ചെയ്തത്. ഉത്തര്‍പ്രദേശിലെ ജനങ്ങള്‍ ഈ സിനിമ കാണണമെന്ന് താന്‍ ആഗ്രഹിക്കുന്നു, നമ്മുടെ സഹോദരിമാരുടെ കഷ്ടതകള്‍ മനസ്സിലാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി ബ്രജേഷ് പാഠകും രംഗത്തെത്തി. പശ്ചിമ ബംഗാളില്‍ സിനിമ നിരോധിച്ച നടപടി ജനങ്ങള്‍ അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സമാനമായി നേരത്തെ മധ്യപ്രദേശിലും ചിത്രത്തിന്റെ നികുതി ഒഴിവാക്കിയിരുന്നു. ബിജെപിയും ഹൈന്ദവ സംഘടനകളും ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് മുഖ്യമന്ത്രി ശിവ് രാജ് സിങ് ചൗഹാനാണ് ചിത്രത്തിന്റെ നികുതി ഒഴിവാക്കിയതായി പ്രഖ്യാപിച്ചത്. തീവ്രവാദത്തെക്കുറിച്ചുള്ള ഭയപ്പെടുത്തുന്ന സത്യം തുറന്നുകാട്ടിയ ചിത്രമാണ് ദ കേരള സ്റ്റോറി എന്ന് ശിവ് രാജ് സിങ് ചൗഹാന്‍ ട്വീറ്റില്‍ കുറിക്കുകയും ചെയ്തു.
തമിഴ്നാട്ടിലെ മള്‍ട്ടിപ്ലെക്സ് തിയേറ്ററുകളും ദ കേരള സ്റ്റോറി പ്രദര്‍ശിപ്പിക്കുന്നത് നിര്‍ത്തിയിരിക്കുകയാണ്. ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാവാനുള്ള സാധ്യതയും തിയേറ്ററില്‍ ആളുകളില്ല എന്ന കാര്യവും പരിഗണിച്ചാണ് ചിത്രം പ്രദര്‍ശിപ്പിക്കേണ്ടതില്ല എന്ന് തമിഴ്നാട് മള്‍ട്ടിപ്ലെക്സ് അസോസിയേഷന്‍ തീരുമാനിച്ചത്. സിംഗിള്‍ സ്‌ക്രീന്‍ തിയേറ്ററുകള്‍ നേരത്തെ തന്നെ ചിത്രത്തിന്റെ പ്രദര്‍ശനത്തില്‍ നിന്നും പിന്മാറിയിരുന്നു.
കേരളത്തിന്റെ പൊതുമണ്ഡലത്തില്‍ ദ കേരള സ്റ്റോറിക്കെതിരെ വലിയ രീതിയിലുള്ള എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ സിനിമ നിരോധിക്കണം എന്ന് കേരള സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടില്ല. സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ ഉള്‍പ്പെടെയുള്ള പ്രചാരണത്തില്‍ നിന്ന് ടീസര്‍ നീക്കം ചെയ്യാന്‍ ചിത്രത്തിന്റെ നിര്‍മാതാക്കളോട് കേരള ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. മെയ് അഞ്ചിനാണ് ചിത്രം റിലീസ് ചെയ്തത്. വിപുല്‍ അമൃത്ലാല്‍ ഷായുടെ നിര്‍മാണത്തില്‍ സുദീപ്തോ സെന്‍ സംവിധാനം ചെയ്യുന്ന ദ കേരള സ്റ്റോറി ഐഎസില്‍ ചേരാന്‍ ഇസ്ലാം മതം സ്വീകരിച്ച കേരളത്തില്‍ നിന്നുള്ള നാല് സ്ത്രീകളുടെ കഥയാണ് പ്രമേയമാക്കിയിരിക്കുന്നത്. കേരളത്തില്‍ നിന്നും 32,000 പെണ്‍കുട്ടികള്‍ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്നെന്ന വിവരണത്തോടെയുള്ള ചിത്രത്തിന്റെ ട്രെയിലറും ടീസറുകളും പുറത്തുവന്നതോടെ തന്നെ വന്‍ വിവാദങ്ങളാണ് ഉടലെടുത്തത്.
ട്രെയിലറിനെതിരെ കേരളത്തില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. സിനിമ മുന്നോട്ടുവയ്ക്കുന്ന ആശയങ്ങള്‍ കേരളത്തെ ലോകത്തിനു മുന്നില്‍ അധിക്ഷേപിക്കാന്‍ വേണ്ടിയുള്ളതാണെന്നായിരുന്നു വിമര്‍ശനം. ഒപ്പം ദ കേരള സ്റ്റോറി സമുദായങ്ങള്‍ക്കിടയില്‍ സ്പര്‍ധയും സംഘര്‍ഷവും സൃഷ്ടിക്കാന്‍ ഇടയാക്കുമെന്ന ആരോപണവും സംസ്ഥാനത്തുടനീളം വ്യാപകമാണ്. പ്രതിഷേധം വ്യാപകമായതോടെ സിനിമയുടെ ട്രെയിലറിനു താഴെ നല്‍കിയിരിക്കുന്ന വിവരണത്തില്‍ നിര്‍മാതാക്കള്‍ തിരുത്ത് വരുത്തിയിരുന്നു. ഏപ്രില്‍ 26 ന് റിലീസ് ചെയ്ത ട്രെയിലറിനൊപ്പം നല്‍കിയിരുന്നത് കേരളത്തിലെ 32,000 പെണ്‍കുട്ടികളുടെ ഹൃദയം തകര്‍ക്കുന്ന കഥ എന്നായിരുന്നു. എന്നാല്‍, കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മൂന്നു പെണ്‍കുട്ടികളുടെ യഥാര്‍ത്ഥ കഥകളുടെ സമാഹാരം എന്ന് മാറ്റി. 32,000 പെണ്‍കുട്ടികള്‍ എന്ന അവകാശവാദം വിവാദമായതിനു പിന്നാലെയായിരുന്നു നടപടി.