ഹമാസ് തലവനെ കൊലപ്പെടുത്തിയത് മൊസാദെന്ന് റിപ്പോര്‍ട്ട്, രണ്ട് ഇറാന്‍ ഏജന്റുമാര്‍ വഴി ഓപ്പറേഷന്‍
ഹമാസ് തലവന്‍ ഇസ്മായില്‍ ഹനിയെ താമസിച്ച ടെഹ്‌റാന്‍ ഗസ്റ്റ് ഹൗസില്‍ സ്‌ഫോടകവസ്തുക്കള്‍ സ്ഥാപിച്ചത് മൊസാദ് നിയമിച്ച ഇറാനിയന്‍ സുരക്ഷാ ഏജന്റുമാരെന്ന് റിപ്പോര്‍ട്ട്. ഇസ്രയേല്‍ രഹസ്യാന്വേഷണ ഏജന്‍സിയായ മൊസാദിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ഇവര്‍ ഗസ്റ്റ് ഹൗസിലെ മൂന്ന് മുറികളിലായി ബോംബ് സ്ഥാപിച്ചുവെന്ന് ഇറാനിയന്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇറാന്‍ മുന്‍ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത സമയത്ത് ഹനിയയെ കൊലപ്പെടുത്താന്‍ മൊസാദ് തീരുമാനിച്ചിരുന്നതായി റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. കെട്ടിടത്തിനുള്ളിലെ ജനക്കൂട്ടവും, ആക്രമണം പരാജയപ്പെടാനുള്ള ഉയര്‍ന്ന സാധ്യതയും കാരണം ഓപ്പറേഷന്‍ നടത്തിയില്ല എന്ന് രണ്ട് ഇറാനിയന്‍ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി.
വടക്കന്‍ ടെഹ്‌റാനിലെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്പറേഷന്റെ (ഐആര്‍ജിസി) ഗസ്റ്റ് ഹൗസിലെ മൂന്ന് മുറികളിലായി രണ്ട് ഏജന്റുമാര്‍ ചേര്‍ന്നാണ് സ്‌ഫോടകവസ്തു സ്ഥാപിച്ചതെന്ന് ഇറാനിയന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. കെട്ടിടത്തിനുള്ളിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നും ലഭിച്ച വിവരങ്ങളില്‍ ബോംബ് സ്ഥാപിച്ചതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഉണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മൊസാദിന് വേണ്ടി പ്രവര്‍ത്തിച്ചവര്‍ നിലവില്‍ രാജ്യത്തിന് പുറത്ത് കടന്നതായാണ് റിപ്പോര്‍ട്ട്. ആക്രമണത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മറ്റ് മുറികളില്‍ സ്ഥാപിച്ച സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്തിയത്. ഇറാനെ സംബന്ധിച്ച് ഇത് അപമാനവും വലിയ സുരക്ഷാ ലംഘനവുമാണെന്ന് ഐആര്‍ജിസിയുടെ സൈനിക സേന ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു.
സുരക്ഷാലംഘനം
ഇസ്മായില്‍ ഹനിയെ കൊല്ലപ്പെട്ടത് ടെഹ്റാന്‍ ഗസ്റ്റ് ഹൗസില്‍ രഹസ്യമായി സ്ഥാപിച്ച ബോംബ് പൊട്ടിത്തെറിച്ചാണെന്ന റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. രണ്ട് മാസങ്ങള്‍ക്ക് മുന്‍പ് തന്നെ ഗസ്റ്റ് ഹൗസില്‍ സ്ഫോടകവസ്തു ഒളിപ്പിച്ചിരുന്നുവെന്ന് വ്യക്തമായി. പ്രസിഡന്‍ഷ്യല്‍ സ്ഥാനാരോഹണത്തിനായി ഇറാന്‍ തലസ്ഥാനത്ത് എത്തിയതായിരുന്നു ഹനിയെ. ഗസ്റ്റ് ഹൗസിലെ മുറിക്കുള്ളിലാണ് ഹനിയെ എന്ന് സ്ഥിരീകരിച്ചതോടെ റിമോര്‍ട്ട് നിയന്ത്രണത്തിലൂടെ ബോംബ് പൊട്ടിത്തെറിച്ചതാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ടെഹ്റാന്‍ സന്ദര്‍ശിക്കുമ്പോള്‍ ഹനിയെ പലതവണ ഈ ഗസ്റ്റ് ഹൗസില്‍ താമസിച്ചിരുന്നതായി മിഡില്‍ ഈസ്റ്റേണ്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു. ഇറാന്റെ പുതിയ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്റെ സ്ഥാനാരോഹണത്തിനായി 86 രാജ്യങ്ങളില്‍ നിന്നുള്ള മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരും സൈനിക കമാന്‍ഡര്‍മാരും ഒത്തുകൂടുന്നതിനാല്‍ ടെഹ്റാന്‍ കനത്ത സുരക്ഷയിലായിരുന്നു. ഹനിയെ താമസിച്ച ഗസ്റ്റ് ഹൗസ് അതീവ സുരക്ഷാവലയത്തിലായിരുന്നു.
കൊലപാതകം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഡ്രോണ്‍ അല്ലെങ്കില്‍ മിസൈല്‍ ആക്രമണത്തിലൂടെ ഹനിയയെ ഇസ്രയേല്‍ വധിച്ചുവെന്ന റിപ്പോര്‍ട്ടുകളാണ് ആദ്യം ഉയര്‍ന്നുവന്നത്. ഏപ്രിലില്‍ ഇസ്ഫഹാനിലെ സൈനിക താവളത്തില്‍ ഇസ്രയേല്‍ മിസൈല്‍ വിക്ഷേപിച്ചതിന് സമാനമായ ആക്രമണമായി ഈ സംഭവം വിലയിരുത്തപ്പെട്ടു. കര്‍ശനമായ സുരക്ഷാ സംവിധാനങ്ങള്‍ക്ക് കീഴിലുള്ള ഇടമായി കരുതപ്പെടുന്ന ഗസ്റ്റ് ഹൗസ് കോമ്പൗണ്ടില്‍ ഉണ്ടായ സുരക്ഷാ വീഴ്ചയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. രഹസ്യമായി ബോംബ് സ്ഥാപിക്കാനും രണ്ട് മാസത്തോളം അത് മറച്ചുവെക്കാനും എങ്ങനെ സാധിച്ചുവെന്നതും ചര്‍ച്ചയായിരുന്നു.
2020 ല്‍ ഇറാനിലെ ഉന്നത ആണവ ശാസ്ത്രജ്ഞനായ മൊഹ്സെന്‍ ഫക്രിസാദെയെ കൊലപ്പെടുത്താന്‍ ഇസ്രയേല്‍ റിമോട്ട് നിയന്ത്രിത റോബോട്ട് ആയുധം ഉപയോഗിച്ചു. ഈ ആക്രമണത്തിന്റെ അതേ സ്വഭാവം ഹനിയെക്കെതിരായ ആക്രമണത്തിലും ഉണ്ടായതായി ഇറാനിയന്‍ ഉദ്യോഗസ്ഥര്‍ പ്രതികരിച്ചിരുന്നു. രാജ്യത്തിന് പുറത്തുള്ള ഇസ്രയേലി കൊലപാതകങ്ങള്‍ പ്രധാനമായും നടത്തുന്നത് ഇസ്രയേല്‍ രഹസ്യാന്വേഷണ വിഭാഗമായ മൊസാദാണ്. ആ സാധ്യത ഇറാനിയന്‍ ഉദ്യോഗസ്ഥര്‍ നേരത്തെ തന്നെ സൂചിപ്പിച്ചിരുന്നു.