
ഹോണ്ടയും നിസ്സാനും തമ്മിലുള്ള ലയന നീക്കം തകര്‍ന്നു
എതിരാളിയായ ഹോണ്ടയുമായുള്ള ലയന ചര്‍ച്ചയില്‍ നിന്നും നിസ്സാന്‍ പിന്മാറിയെന്ന് റിപ്പോര്‍ട്ട്. ഇരു കമ്പനികളും തമ്മില്‍ ലയിച്ചിരുന്നുവെങ്കില്‍ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ കാര്‍ നിര്‍മ്മാതാവ് ആകുമായിരുന്നു. കൂടാതെ 60 ബില്ല്യണ്‍ ഡോളര്‍ മൂല്യവും പുതിയ കമ്പനിക്ക് ഉണ്ടാകുമായിരുന്നു.
ലയനത്തെ കുറിച്ചുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ വര്‍ദ്ധിച്ചതിനെ തുടര്‍ന്നാണ് ജപ്പാനില്‍ നിന്നുള്ള രണ്ട് കാര്‍ നിര്‍മ്മാതാക്കളും തമ്മിലുള്ള ചര്‍ച്ചകള്‍ സങ്കീര്‍ണമായത്. നിസ്സാനെ ഹോണ്ടയുടെ ഉപകമ്പനിയാക്കാമെന്ന ഹോണ്ടയുടെ നിര്‍ദ്ദേശമാണ് ലയന ചര്‍ച്ച പരാജയപ്പെടാന്‍ കാരണം. ബുധനാഴ്ച്ച നിസ്സാന്റെ ഡയറക്ടര്‍ ബോര്‍ഡ് യോഗം ചേര്‍ന്ന് ചര്‍ച്ചയില്‍ നിന്നും പിന്മാറാന്‍ തീരുമാനിച്ചു.
പ്രാരംഭ ചര്‍ച്ചകളില്‍ തുല്ല്യരുടെ ലയനം എന്ന രീതിയിലാണ് കണ്ടിരുന്നത്.
ഹോണ്ടയുടെ വിപണി മൂല്യം 7.92 ട്രില്ല്യണ്‍യെന്നും നിസ്സാന്റെ വിപണി മൂല്യം 1.44 ട്രില്ല്യണ്‍യെന്നും ആണ്. ലയന നീക്കം തകര്‍ന്നുവെന്ന് ബിസിനസ് മാധ്യമമായ നിക്കിയില്‍ വന്ന വാര്‍ത്തയെ തുടര്‍ന്ന് ടോക്യോ ഓഹരി വിപണിയില്‍ നിസ്സാന്റെ ഓഹരി വില 4 ശതമാനം ഇടിഞ്ഞു. വ്യാപാരം നിര്‍ത്തിവയ്ക്കുന്നതിലേക്ക് നയിക്കുകയും ചെയ്തു. അതേസമയം ഹോണ്ടയുടെ ഓഹരി വില 8 ശതമാനം വര്‍ദ്ധിക്കുകയും ചെയ്തു.
അതേസമയം, നിക്കിയുടെ വാര്‍ത്തയെ നിഷേധിച്ചു കൊണ്ട് ഹോണ്ടയും നിസ്സാനും പ്രത്യേകം പ്രസ്താവനകള്‍ ഇറക്കി. ഫെബ്രുവരി മധ്യത്തോടെ മാത്രമേ അന്തിമ തീരുമാനം എടുക്കുകയുള്ളൂവെന്നും ഇരു കമ്പനികളും വിശദീകരിച്ചു.
ദീര്‍ഘകാലമായി നിസ്സാന്റെ പങ്കാളിയായ ഫ്രഞ്ച് കാര്‍ നിര്‍മ്മാതാക്കളായ റെനോ ലയന നീക്കത്തെ ശക്തിയുക്തം എതിര്‍ത്തിരുന്നു. അവരുടേയും ഓഹരി ഉടമകളുടേയും താല്‍പര്യങ്ങള്‍ക്ക് ഹാനികരമാകുമെന്നതിനാലാണ് റെനോ എതിര്‍ത്തത്. നിസ്സാന്റെ 36 ശതമാനം ഓഹരികള്‍ റെനോയുടെ കൈകളിലാണ്.