
സ്‌കൂള്‍ തുറക്കുന്നത് മാറ്റുന്നത് ശനി, ഞായര്‍ ദിനങ്ങളിലെ കാലാവസ്ഥ പരിഗണിച്ചെന്ന് മന്ത്രി
സംസ്ഥാനത്ത് ജൂണ്‍ രണ്ടിന് തന്നെ സ്‌കൂള്‍ തുറക്കാനാണ് നിലവിലെ തീരുമാനമെന്നും എന്നാല്‍ ശനി, ഞായര്‍ ദിവസങ്ങളിലെ കാലാവസ്ഥ പരിഗണിച്ചശേഷം മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ച് തിയതി മാറ്റണമോയെന്ന് തീരുമാനിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.
സംസ്ഥാനത്ത് അതിതീവ്ര കാലവര്‍ഷം തുടരുന്നതിനാല്‍ ജൂണ്‍ രണ്ടിന് സ്‌കൂള്‍ തുറക്കുന്നത് മാറ്റിവയ്ക്കണമെന്ന് വിവിധ കോണുകളില്‍നിന്നും ആവശ്യം ഉയരുന്നുണ്ട്.
സംസ്ഥാനത്ത് കനത്ത മഴയിലും കാറ്റിലും ഒരു സ്‌കൂള്‍ കെട്ടിടത്തിനുപോലും തകരാര്‍ ഉണ്ടായിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. മുന്‍വര്‍ഷങ്ങളില്‍ കാറ്റടിക്കുമ്പോള്‍ ആദ്യം സ്‌കൂളിന്റെ ഷെഡ് പറന്നു പോയിരുന്നുവെന്നും ഇപ്പോള്‍ 14,000 സ്‌കൂള്‍ കെട്ടിടങ്ങള്‍ ഉണ്ടായിട്ട് ഒരു കെട്ടിടത്തിനും തകരാര്‍ ഉണ്ടായില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിനായി ഇതുവരെ 5,000 കോടി രൂപ ചെലവഴിച്ചുവെന്നും അതിന്റെ ഫലം കണ്ടുവെന്നും മന്ത്രി പറഞ്ഞു.
ഹൈസ്‌കൂള്‍ ക്ലാസുകള്‍ അര മണിക്കൂര്‍ വര്‍ദ്ധിപ്പിക്കാന്‍ മന്ത്രി അധ്യക്ഷനായ വിഭ്യാഭ്യാസ ഗുണനിലവാര സമിതി യോഗം ഇന്നലെ തീരുമാനിച്ചു. പുതിയ അധ്യയന വര്‍ഷത്തിലെ വിദ്യാഭ്യാസ കലണ്ടര്‍ യോഗം അന്തിമരൂപം നല്‍കി പ്രസിദ്ധീകരിച്ചു. ഹൈക്കോടതിയുടെ അന്ത്യശാസനയെ തുടര്‍ന്നാണ് കലണ്ടര്‍ തീരുമാനിച്ചത്.
അപ്പര്‍ പ്രൈമറി ക്ലാസുകളില്‍ രണ്ട് ശനിയാഴ്ച്ചയും ഹൈസ്‌കൂളില്‍ ആറ് ശനിയാഴ്ച്ചയും പ്രവൃത്തി ദിനമാക്കാനും തീരുമാനമുണ്ട്. എന്നാല്‍ ലോവര്‍ പ്രൈമറി ക്ലാസുകളില്‍ ശനിയാഴ്ച്ച പ്രവൃത്തി ദിനമാകില്ല.


