PHOTO: WIKI COMMONS
ലോകത്തിലെ ഏറ്റവും വിശ്വസ്തനായ നായയ്ക്ക് നൂറു വയസ്സ്
ഹാചിക്കോ എന്ന നായയെ കുറിച്ച് ലോകമെമ്പാടുമുള്ള മനുഷ്യര്‍ക്കറിയാം, ഹാചിക്കോയുടെ 100-ാം ജന്മവാര്‍ഷികമാണ് ഈ വര്‍ഷം ആഘോഷിക്കുന്നത്. തന്റെ യജമാനന് വേണ്ടി വര്‍ഷങ്ങളോളം ജപ്പാനിലെ ഷിബുയ റെയില്‍വേ സ്റ്റേഷനില്‍ കാത്തിരുന്നത് മൂലമാണ് ഹാചിക്കോ ലോകശ്രദ്ധ പിടിച്ചുപറ്റുന്നത്. അകിത ഇനു എന്ന ഇനത്തില്‍പ്പെടുന്ന, ക്രീം വൈറ്റ് നിറമുള്ള ഹാചിക്കോ 1923 നവംബര്‍ 10 നാണ് ജനിക്കുന്നത്. ജപ്പാനിലെ ഷിബുയ സ്റ്റേഷന്റെ വെളിയില്‍ ഹാചിക്കോയോടുള്ള ബഹുമാനാര്‍ത്ഥം ഒരു വെങ്കല പ്രതിമ സ്ഥാപിച്ചിട്ടുണ്ട്. ഈ സ്റ്റേഷനില്‍ തന്നെയാണ് ഒരു ദശാബ്ദകാലം തന്റെ യജമാനനായി ഹാചിക്കോ കാത്ത് നിന്നത്. ഈ 100 വര്‍ഷത്തിനിടയില്‍ പല രീതിയിലൂടെ ഹാചിക്കോ ആരാധകരില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. അതു മിക്കപ്പോഴും പുസ്തകങ്ങളിലൂടെയും സിനിമകളിലൂടെയുമായിരുന്നു. 1987 ല്‍ റീലിസായ ഹാചിക്കോ മോണോഗതാരി മുതല്‍ 2009 ല്‍ റിച്ചാര്‍ഡ് ഗെരെ നായകനായ അമേരിക്കന്‍ സിനിമ വരെ എത്തിനില്‍ക്കുന്നു ഈ പ്രയാണം. ആത്മാത്ഥതയുടെയും സത്യസന്ധതയുടെയും പര്യായമായ, വിശ്വസ്തനായ ഹാചിക്കോയുടെ കഥ ജപ്പാനിലെ സ്‌കൂള്‍ കുട്ടികളെ പഠിപ്പിക്കാറുണ്ട്. മാതൃകാപരമായ ജാപ്പനീസ് പൗരനായി ഹാചിക്കോയെ വിദഗ്ധര്‍ കണക്കാകുന്നു.
ഹാചിക്കോയുടെ ജീവിതം
എത്ര സമയമെടുത്താലും ഞാന്‍ നിങ്ങള്‍ക്കായി കാത്തിരിക്കും, ഹാചിക്കോയെക്കുറിച്ചുള്ള ചൈനീസ് സിനിമയുടെ ടാഗ്ലൈനാണിത്. 1923 ല്‍ അകിത പ്രിഫെക്ചറിലുള്ള ഓടേറ്റ് എന്ന നഗരത്തിലാണ് ഹാചിക്കോ ജനിക്കുന്നത്. 1924 ല്‍ ഹിഡെസാബുറോ യുനോയെന്ന വ്യക്തിയാണ് ഹാചിക്കോയെ വളര്‍ത്താനായി സ്വീകരിക്കുന്നത്. ഇദ്ദേഹം ടോക്കിയോ യൂണിവേഴ്സിറ്റിയിലെ പ്രഫസറായിരുന്നു. ഹാചിയെന്നാണ് യുനോ നായയ്ക്ക് പേര് നല്‍കിയത്. ജാപ്പനീസില്‍ ഹാചിയുടെ അര്‍ത്ഥം എട്ട് എന്നാണ്, ജപ്പാനില്‍ ഇതൊരു ഭാഗ്യ സംഖ്യയായാണ് കണക്കാക്കുന്നത്. പേരിന്റെ കൂടെയുള്ള കോ യെന്നത് യുനോയുടെ വിദ്യാര്‍ത്ഥികള്‍ ആദരപൂര്‍വം നല്‍കിയതാണ്. ഹാചിക്കോ ദിവസേന യുനോയെ യാത്രയാക്കാന്‍ വീട്ടില്‍ നിന്നും ഷിബുയ സ്റ്റേഷന്‍ വരെ പോകാറുണ്ടായിരുന്നു. ഇതിനിടയിലാണ് 1925 മെയ് 21ന് യുനോ മരണപ്പെടുന്നത്. പക്ഷേ, അദ്ദേഹത്തിനുവേണ്ടി കാത്തിരിക്കുകയായിരുന്നു ഹാചിക്കോ. ഏകദേശം ഒമ്പതു വര്‍ഷത്തോളമാണ് ഹാചിക്കോ യുനോയുടെ വരവിനായി ദിവസേന റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് കാത്തിരുന്നത്. കാത്തിരിപ്പിന്റെ ആദ്യ നാളുകളില്‍ ഹാചിക്കോയെ ആരുമധികം ശ്രദ്ധിച്ചിരുന്നില്ല. പിന്നീട് 1932 ഒക്ടോബര്‍ നാലിന് ആസാഹി ഷിംബുനില്‍ അച്ചടിച്ച ലേഖനത്തിലൂടെയാണ് ഹാചിക്കോയെ കുറിച്ച് ലോകം കൂടുതലായി അറിയുന്നത്.
1935 മാര്‍ച്ച് എട്ടിനായിരുന്നു ഹാചിക്കോയുടെ മരണം. 11 വയസ്സായിരുന്നു പ്രായം. എല്ലാ വര്‍ഷവും ഏപ്രില്‍ എട്ടിന് ഹാചിക്കോയുടെ സ്മരണാര്‍ത്ഥം ഷിബുയ സ്റ്റേഷനില്‍ സ്ഥാപിച്ചിരിക്കുന്ന പ്രതിമയോട് ചേര്‍ന്ന് സേവന പരിപാടികള്‍ നടക്കാറുണ്ട്. ഹാചിയുടെ 100-ാം പിറന്നാളിനോടനുബന്ധിച്ച് നവംബറില്‍ വിവിധതരം പരിപാടികളാണ് ഹാചി 100 എന്ന പേരില്‍ ഓടേറ്റ് സിറ്റി ടൂറിസം ഡിവിഷന്‍ കമ്മിറ്റി സംഘടിപ്പിക്കുന്നത്. ഹാചിയുടെയും യുനോയുടെയും കഥ, മനുഷ്യ-വളര്‍ത്തുമൃഗ ബന്ധത്തിന്റെ മൂല്യം അടുത്ത തലമുറയിലേക്ക് കൈമാറുക കൂടിയാണ് ചെയ്യുന്നത്.
കേരളവും ഹാചിക്കോയും
കേരളവും ഹാചിക്കോയും തമ്മില്‍ പ്രത്യക്ഷമായി ബന്ധമൊന്നുമില്ലെങ്കിലും, പരോക്ഷമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് വേണം പറയാന്‍. ആദ്യ നാളുകളില്‍ റെയില്‍വേ സ്റ്റേഷന്‍ തൊഴിലാളികള്‍ ഹാചിക്കോയോട് ഒരു തെരുവുനായയോട് സമാനമായ രീതിയിലായിരുന്നു പെരുമാറിയിരുന്നത്. നായയുടെ ദേഹത്തേക്ക് വെള്ളം ഒഴിച്ച സാഹചര്യം വരെ ഉണ്ടായിട്ടുണ്ട്. കേരളത്തില്‍ തെരുവുനായ ശല്യം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന് കൃത്യമായ ഉടമസ്ഥാവകാശം ഇല്ലാത്തത് കൂടിയാണ്. ഹാചിക്കോയെ പോലെ അറിഞ്ഞും അറിയാതെയും ഒരുപാട് നായകള്‍ തെരുവിലേക്ക് വലിച്ചെറിയപ്പെടുന്നു. അവരുടെ നിയന്ത്രിതമല്ലാത്ത പ്രജനനത്തിലൂടെ സംഖ്യാ വര്‍ധനയുണ്ടാക്കുന്നു. അനിയന്ത്രിതമായ സംഖ്യാ വര്‍ധനവ് സംഘം ചേരുന്നതിലേക്കും, ആവശ്യത്തിന് ഭക്ഷണലഭ്യതയില്ലായ്മയ്ക്കും അക്രമവാസനയ്ക്കും ഇടയാക്കുന്നു. ഇതിന്റെ പരിണിത ഫലമായി കേരളത്തില്‍ നിരവധി തെരുവ് നായ ആക്രമണങ്ങളുണ്ടായിട്ടുണ്ട്. അടുത്തിടെ കണ്ണൂരില്‍ ഭിന്നശേഷിക്കാരനായ നിഹാല്‍ എന്ന പത്തു വയസ്സുകാരനാണ് നായയുടെ ആക്രമണത്തെ തുടര്‍ന്ന് മരിച്ചത്. തുടര്‍ന്ന് കണ്ണൂരില്‍തന്നെ മൂന്നുവയസ്സുള്ള കുട്ടിയും ആക്രമണത്തിന് ഇരയായി.