.jpg)
ഇന്ത്യന്‍ കര, നാവിക വ്യോമ സേനകള്‍ക്ക് MQ-9B സായുധ ഡ്രോണുകള്‍ ലഭ്യമാകും
അമേരിക്കയില്‍ നിന്ന് 31 MQ-9B സായുധ ഡ്രോണുകള്‍ വാങ്ങുന്നതിനും രണ്ട് ആണവ അന്തര്‍വാഹിനികളുടെ നിര്‍മ്മാണത്തിനുമായി 80,000 കോടി രൂപയുടെ കരാറിനാണ് കേന്ദ്രം അനുമതി നല്‍കിയത്. ഉത്തര്‍പ്രദേശിലെ രണ്ട് സൈനിക താവളങ്ങളിലേക്കായി കരസേനയ്ക്കും വ്യോമസേനയ്ക്കും എട്ട് വീതവും ദക്ഷിണേന്ത്യയില്‍ നാവികസേനയ്ക്ക് 15 എണ്ണവുമാണ് ലഭിക്കുക. മൂന്ന് വര്‍ഷത്തിനുള്ളില്‍ MQ-9B ഡ്രോണുകള്‍ എത്തിത്തുടങ്ങും.
MQ-9 റീപ്പറിന്റെ ആധുനിക വകഭേദമായ MQ-9B ഡ്രോണുകള്‍ ഇന്ത്യയുടെ നിരീക്ഷണവും ആക്രമണ ശേഷിയും വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുമെന്നാണ് വിലയിരുത്തുന്നത്.
QM-9B ഡ്രോണുകള്‍ക്ക് 5,670 കിലോഗ്രാം ഭാരം വഹിക്കാനും മണിക്കൂറില്‍ 275 മൈല്‍ (ഏകദേശം 440 കി.മീ) വരെ വേഗതയില്‍ പറക്കാനും കഴിയും. 40,000 അടി ഉയരത്തില്‍ വരെ പറക്കാന്‍ ഈ ഡ്രോണുകള്‍ക്ക് കഴിയും. മാത്രമല്ല, 40 മണിക്കൂറാണ് ഈ ഡ്രോണുകള്‍ തുടര്‍ച്ചയായി പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുക. MQ-9B ഡ്രോണുകളില്‍ നാല് ഹെല്‍ഫയര്‍ മിസൈലുകളും ലേസര്‍ ഗൈഡഡ് ബോംബുകളും സജ്ജീകരിക്കാനാകും.
കേന്ദ്ര സര്‍ക്കാരിന്റെ ക്ലിയറന്‍സ് ലഭിച്ചതോടെ ഇനി ഡ്രോണുകളുടെ കൈമാറ്റവുമായി ബന്ധപ്പെട്ട സാമ്പത്തിക ചര്‍ച്ചകളിലേയ്ക്ക് ഇരുരാജ്യങ്ങളും കടക്കും. നിര്‍മ്മാതാക്കള്‍ തന്നെ ഡ്രോണുകളുടെ അറ്റകുറ്റപ്പണികള്‍ക്കും സൗകര്യമൊരുക്കുമെന്നാണ് റിപ്പോര്‍ട്ട്.