
മുനമ്പം പ്രശ്നം വഖഫ് ട്രൈബ്യൂണൽ 22ന് പരിഗണിക്കും
മുനമ്പം ഭൂമിപ്രശ്നം വഖഫ് ട്രൈബ്യൂണൽ ഈ മാസം 22ന് പരിഗണിക്കും. ഫാറൂഖ് കോളേജ് മാനേജിങ് കമ്മിറ്റി നൽകിയ അപ്പീലാണ് പരിഗണിക്കുക. മുനമ്പം വഫഖ് രജിസ്റ്ററിൽ ചേർത്ത നൽകിയ തീരുമാനത്തിനെതിരെയാണ് അപ്പീൽ. മുനമ്പത്തേത് വഖഫ് ഭൂമിയാണെന്ന് 2019ലാണ് വഖഫ് ബോർഡ് തീരുമാനിക്കുന്നത്. ഭൂമി വിട്ടു നൽകിയ ഫാറൂഖ് കോളേജ് മാനേജിംഗ് കമ്മിറ്റി, ഭൂമി വിട്ടു നൽകിയ സത്താർ സേട്ടിന്റെ കുടുംബം എന്നിവരെ കേട്ടും രേഖകൾ പരിഗണിച്ചുമായിരുന്നു മുൻപ് ഉത്തരവ് നൽകിയത്. ബോർഡിന്റെ രജിസ്റ്ററിൽ ഭൂമിയുടെ വിവരങ്ങൾ ചേർക്കുകയും ചെയ്തു. വഖഫ് ബോർഡിന്റെ ഈ നടപടിക്കെതിരെയാണ് ഫാറൂഖ് കോളേജ് മാനേജിംഗ് കമ്മിറ്റി ട്രൈബ്യൂണലിനെ സമീപിച്ചത്.
കോളേജിന്റെ അപ്പീലാണ് ഈ മാസം 22ന് വഖഫ് ട്രൈബ്യൂണൽ പരിഗണിക്കുക. മുനമ്പത്തെ ഭൂമി തങ്ങൾക്ക് ലഭിച്ചത് വഖഫായല്ല ഗിഫ്റ്റ് ഡീഡ് ആയാണെന്ന് ആയിരുന്നു കോളേജിന്റെ വാദം. ഇക്കാര്യം 1975ലെ ഹൈക്കോടതി ഉത്തരവിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഫാറൂഖ് കോളേജ് ചൂണ്ടിക്കാട്ടുന്നു. കോളേജിന്റെ വാദം ട്രിബ്യൂണൽ അംഗീകരിച്ചാൽ മുനമ്പത്തെ ഭൂമി വഖഫ് രജിസ്റ്ററിൽ ചേർത്ത തീരുമാനം റദ്ദാക്കും. ഇതോടെ ഭൂമിയുടെ റവന്യൂ അവകാശം പ്രദേശവാസികൾക്ക് ലഭ്യമാവുകയും ചെയ്യും. അതു കൊണ്ട് തന്നെ ട്രിബ്യൂണലിന്റെ തീരുമാനം നിർണ്ണായകമാണ്.
മുനമ്പത്തെ വഖഫ് ഭൂമി പ്രശ്നത്തിൽ മുസ്‍ലിം ലീഗ്, ലത്തീൻ സഭാ നേതൃത്വങ്ങൾ ഒന്നിച്ചിരുന്നു ചർച്ച നടത്തിയിരുന്നു. ഈ മാസം 22ന് മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ പ്രശ്നപരിഹാരത്തിനായുള്ള വഴിത്തെളിയുമെന്ന പ്രതീക്ഷയിലാണ് സർക്കാർ. ഭൂമിക്കു മേലുള്ള വ്യക്തികളുടെ അവകാശം സംബന്ധിച്ച രേഖകളും റവന്യു വകുപ്പ് പരിശോധിക്കും. ഫാറൂഖ് കോളേജ് മാനേജ്മെന്റുമായി നടത്തിയ ഇടപാടുകളുടെ രേഖകളിലും വിശദമായ പരിശോധന ആവശ്യമാണെന്ന് റവന്യു വകുപ്പ് പറഞ്ഞു.
മുനമ്പം വിഷയത്തിൽ ഇനി കണ്ണു തുറക്കേണ്ടത് അധികാരികളാണെന്ന് ആർച്ച് ബിഷപ്പ് ഡോ തോമസ് ജെ നെറ്റോ ചൂണ്ടിക്കാട്ടി. ഇതുമായി ബന്ധപ്പെട്ട് സർക്കാർ യോഗം വിളിച്ചിരിക്കുന്നത് സ്വാഗതാർഹമാണെങ്കിലും തിരഞ്ഞെടുപ്പ് നടക്കുന്നതിന്റെ പേരിൽ തീരുമാനം നീട്ടിക്കൊണ്ട് പോകുന്നത് ശരിയല്ലെന്ന് മുനമ്പം ഭൂസംരക്ഷണ സമിതിയുടെ റിലേ സമരപന്തലിൽ ആർച്ച് ബിഷപ്പ് പറഞ്ഞു.