
പുതിയ ആദായ നികുതി ബില്‍ ലോകസഭയില്‍ അവതരിപ്പിച്ചു
ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പുതിയ ആദായ നികുതി ബില്‍ ലോകസഭയില്‍ അവതരിപ്പിച്ചു. ബില്‍ അവതരണത്തെ എതിര്‍ത്ത് പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോയി. ബില്‍ ലോകസഭയുടെ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് ബില്‍ അവതരിപ്പിച്ചു കൊണ്ട് സ്പീക്കര്‍ ഓം ബിര്‍ളയോട് ധനമന്ത്രി അഭ്യര്‍ത്ഥിച്ചു.
കമ്മിറ്റിയുടെ ഘടനയും ചട്ടങ്ങളും രൂപീകരിക്കാനും മന്ത്രി സ്പീക്കറോട് അഭ്യര്‍ത്ഥിച്ചു. പഴയ ബില്ലിന്റെ ഭാഷയെ ലളിതവല്‍ക്കരിച്ചാണ് പുതിയ ബില്‍ അവതരിപ്പിച്ചത്. അസെസ്സ്‌സ്‌മെന്റ് വര്‍ഷം, മുന്‍ വര്‍ഷം എന്നത് മാറ്റി നികുതി വര്‍ഷം എന്നാക്കി.
1961ലെ ആദായ നികുതി നിയമത്തിന് പകരമുള്ള നിയമമാണ് ഇന്ന് ലോകസഭയില്‍ അവതരിപ്പിച്ചത്.
ബില്ലിന്റെ അവതരണത്തെ പ്രതിപക്ഷം എതിര്‍ത്തുവെങ്കിലും ബില്‍ അവതരിപ്പിക്കുന്നതിനെ സഭ ശബ്ദ വോട്ടോടെ അംഗീകരിച്ചു.
ബില്ലില്‍ 536 സെക്ഷനുകളും 16 ഷെഡ്യൂളുകളും ഉണ്ട്. 1961ലെ നിയമത്തില്‍ 298 സെക്ഷനുകളും 14 ഷെഡ്യൂളുകളും ആണുണ്ടായിരുന്നത്.
ബജറ്റ് സെഷന്റെ ആദ്യ പകുതിയിലെ സമ്മേളനം പൂര്‍ത്തിയാക്കി ലോകസഭ പിരിഞ്ഞു. ഇനി മാര്‍ച്ച് 10ന് സഭ വീണ്ടും സമ്മേളിക്കും.


