
അടുത്ത ബോണ്ട് ബ്രിട്ടീഷുകാരന്‍ ആകണം: പിയേഴ്‌സ് ബ്രോസ്‌നന്‍
അടുത്ത ജെയിംസ് ബോണ്ട് ബ്രിട്ടീഷുകാരന്‍ തന്നെയാകണമെന്ന് പിയേഴ്‌സ് ബ്രോസ്‌നന്‍. സണ്‍ഡേ ടെലഗ്രാഫിന് നല്‍കിയ അഭിമുഖത്തിലാണ് ജെയിംസ് ബോണ്ടായി വേഷമിട്ടിട്ടുള്ള പിയേഴ്‌സ് മനസ്സ് തുറന്നത്.
ജയിംസ് ബോണ്ട് ഫ്രാഞ്ചൈസിയുടെ ക്രിയാത്മക നിയന്ത്രണം ആമസോണിന് വിട്ടുനല്‍കിയതിനേയും അദ്ദേഹം പ്രശംസിച്ചു. ദീര്‍ഘകാലമായി ജയിംസ് ബോണ്ട് സിനിമകളുടെ നിര്‍മ്മാതാക്കളായിരുന്നവര്‍ ശരിയായ തീരുമാനമാണ് എടുത്തതെന്ന് മുന്‍ ബോണ്ട് പറഞ്ഞു. ഐറിഷുകാരനാണ് പിയേഴ്‌സ്.
ആമസോണ്‍ കഥാപാത്രത്തെ കുലീനതയോടും ഭാവനയോടും ബഹുമാനത്തോടും കൂടി കൈകാര്യം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു.
ഡാനിയേല്‍ ക്രെയ്ഗിന്റെ പിന്‍ഗാമിയെക്കുറിച്ചുള്ള തീരുമാനമെടുക്കുക ആമസോണ്‍ എംജിഎം സ്റ്റുഡിയോസ് ആണ്. ബോണ്ടായി അഭിനയിച്ചിട്ടുള്ള ജെയിംസ് നോര്‍ട്ടണ്‍, ആരോണ്‍ ജെയ്‌ലര്‍- ജോണ്‍സണ്‍, തിയോ ജയിംസ് എന്നിവരെല്ലാം ഇംഗ്ലീഷുകാരായിരുന്നു.
ബ്രിട്ടീഷുകാരല്ലാത്ത രണ്ട് നടന്‍മാരാണ് ഇതുവരെ ബോണ്ടിന്റെ വേഷം ചെയ്തിട്ടുള്ളത്. ഓസ്‌ട്രേലിയക്കാരനായ ജോര്‍ജ് ലേസെന്‍ബൈയും ബ്രോസ്‌നനുമാണ് ഈ രണ്ടുപേര്‍. ഇതുവരെ അമേരിക്കക്കാര്‍ ബോണ്ട് ആയി വേഷമിട്ടിട്ടില്ല.
അമേരിക്കക്കാരനായ ക്ലിന്റ് ഈസ്റ്റ് വുഡ് തനിക്ക് ബോണ്ടിന്റെ വേഷം വാഗ്ദാനം ലഭിച്ചുവെങ്കിലും നിരസിച്ചുവെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ മാസം പ്രഖ്യാപിച്ച ആമസോണുമായുള്ള കരാര്‍ പ്രകാരം ബോണ്ട് നിര്‍മ്മാതാക്കളായ ബാര്‍ബറ ബ്രോക്കോളിയും മൈക്കേല്‍ ജി വില്‍സണും ബോണ്ട് ഫ്രാഞ്ചൈസിയുടെ സഹ ഉടമകള്‍ ആയിരിക്കും. എന്നാല്‍, ആമസോണ്‍ എംജിഎം സ്റ്റുഡിയോക്ക് ക്രിയാത്മക നിയന്ത്രണം ലഭിക്കും.