
ഉപരാഷ്ട്രപതിയെ ഇംപീച്ച് ചെയ്യാനുള്ള നോട്ടീസ് തള്ളി
ഉപരാഷ്ട്രപതി ജഗദീപ് ധന്‍കറെ ഇംപീച്ച് ചെയ്യാനുള്ള പ്രതിപക്ഷത്തിന്റെ നോട്ടീസ് രാജ്യസഭ ഉപാദ്ധ്യക്ഷന്‍ ഹരിവംശ് തള്ളി. നോട്ടീസ് അനൗചിത്യമാണെന്നും ഗുരുതരമായി ദുര്‍ബലമാണെന്നും ധന്‍കറിന്റെ യശസ്സിന് കളങ്കം വരുത്താന്‍ ധൃതിയില്‍ തയ്യാറാക്കിയത് ആണെന്നും പറഞ്ഞാണ് ഉപാദ്ധ്യക്ഷന്‍ നോട്ടീസ് തള്ളിയത്. ഉപാദ്ധ്യക്ഷന്റെ റൂളിങ് രാജ്യസഭ സെക്രട്ടറി ജനറല്‍ പി സി മോദിയാണ് സഭയുടെ മേശപ്പുറത്ത് വച്ചത്.
രാജ്യത്തിന്റെ ഭരണഘടനാസ്ഥാപനങ്ങളെ അപകീര്‍ത്തിപ്പെടുത്താനും ഉപരാഷ്ട്രതിയെ അപമാനിക്കാനും വേണ്ടിയുള്ള പദ്ധതിയുടെ ഭാഗമാണ് ഇംപീച്ച്‌മെന്റ് നോട്ടീസ് എന്ന് ഉപാദ്ധ്യക്ഷന്‍ പറയുന്നു. ഡിസംബര്‍ 10ന് സമര്‍പ്പിച്ച നോട്ടീസില്‍ 60ഓളം പ്രതിപക്ഷ എംപിമാര്‍ ഒപ്പുവച്ച നോട്ടീസില്‍ ധന്‍കറെ തല്‍സ്ഥാനത്തു നിന്നും നീക്കം ചെയ്യാന്‍ ആവശ്യപ്പെടുന്നു. ഈ എംപിമാര്‍ അദ്ദേഹത്തെ വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം പക്ഷപാതിയാണെന്നും നോട്ടീസില്‍ എംപിമാര്‍ ആരോപിച്ചു.
വ്യക്തിപരമായി ലക്ഷ്യം വയ്ക്കുന്ന നോട്ടീസാണെന്നും പൊതുജനശ്രദ്ധ നേടുന്നതിനു വേണ്ടിയുള്ളതാണെന്നും ഉപാദ്ധ്യക്ഷന്‍ പറയുന്നു. നോട്ടീസുമായി ബന്ധപ്പെട്ട തീരുമാനം എടുക്കാന്‍ രാജ്യസഭ ചെയര്‍മാന്‍ കൂടിയായ ഉപരാഷ്ട്രപതിയാണ് ഉപാദ്ധ്യക്ഷനെ ഏല്‍പ്പിച്ചത്.